Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പാലക്കാട് ഡിവിഷൻ വിഭജനം: തിരുവോണ ദിവസം യുഡിഎഫ് എംപിമാരുടെ സത്യഗ്രഹം

പാലക്കാട് ഡിവിഷൻ വിഭജനം: തിരുവോണ ദിവസം യുഡിഎഫ് എംപിമാരുടെ സത്യഗ്രഹം

Keralasabdam 17 hrs ago

ബെംഗളൂരു: പാലക്കാട് റെയില്‍വേ ഡിവിഷൻ വിഭജിച്ച്‌ മംഗളൂരു മേഖലയിലെ സ്റ്റേഷനുകള്‍ മൈസൂരു ഡിവിഷനില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം കേരളത്തിന് വലിയ സാമ്പത്തിക തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍.

അതേസമയം, മൈസൂരു റെയില്‍വേ ഡിവിഷന്റെ വാർഷിക വരുമാനത്തില്‍ 500 മുതല്‍ 600 കോടി രൂപ വരെ വർധനയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

പാലക്കാട് ഡിവിഷന് പ്രതിവർഷം ഏകദേശം 1100 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് സൂചന. ഡിവിഷന്റെ ആകെ വരുമാനത്തിന്റെ 90 ശതമാനവും ചരക്ക് നീക്കത്തില്‍ നിന്നാണ് ലഭിക്കുന്നത്. ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന പനമ്പൂർ ഉള്‍പ്പെടെയുള്ള മേഖലകള്‍ മൈസൂരു ഡിവിഷന്റെ ഭാഗമാകുന്നതാണ് പ്രധാന തിരിച്ചടി.

മംഗളൂരു തുറമുഖവുമായി ബന്ധപ്പെട്ട് കല്‍ക്കരി, വളം, പെട്രോളിയം ഉള്‍പ്പെടെയുള്ള ചരക്കുകള്‍ കൈകാര്യം ചെയ്യുന്ന പ്രധാന കേന്ദ്രമാണ് പനമ്പൂർ. മംഗളൂരു സെൻട്രല്‍, മംഗളൂരു ജംഗ്ഷൻ സ്റ്റേഷനുകളും പാലക്കാട് ഡിവിഷന് നഷ്ടമാകുന്നതോടെ ടിക്കറ്റ് വരുമാനത്തിലും കുറവുണ്ടാകും.

ട്രെയിൻ നിയന്ത്രണത്തിലും മാറ്റം

ഉള്ളാള്‍ മുതല്‍ മംഗളൂരു റെയില്‍വേ സ്റ്റേഷൻ വരെയുള്ള മേഖലകള്‍ മൈസൂരു ഡിവിഷനിലേക്ക് മാറ്റുന്നതോടെ മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് കേരളത്തിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകളുടെ നിയന്ത്രണം മൈസൂരു ഡിവിഷന്റെ കീഴിലാകും.

കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളില്‍ സർവീസ് അവസാനിപ്പിക്കുന്ന ട്രെയിനുകള്‍ മംഗളൂരുവിലേക്ക് നീട്ടുന്നതിനും ഇനി മൈസൂരു ഡിവിഷന്റെ അനുമതി ആവശ്യമായി വരും. എമർജൻസി ക്വാട്ട ഉള്‍പ്പെടെയുള്ള ടിക്കറ്റ് സൗകര്യങ്ങള്‍ക്കായി മലബാർ മേഖലയിലുള്ളവർ മൈസൂരു ഡിവിഷനെ ആശ്രയിക്കേണ്ട സാഹചര്യമുണ്ടാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

പാലക്കാട് ഡിവിഷന്റെ വരുമാനം ഗണ്യമായി കുറയുന്നത് ഡിവിഷന്റെ ഭാവി പ്രവർത്തനങ്ങളെയും വികസന പദ്ധതികളെയും ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്. റെയില്‍വേയുടെ ആകെ വരുമാനത്തില്‍ വലിയ കുറവുണ്ടാകില്ലെങ്കിലും കേരളത്തിന്റെ റെയില്‍വേ വികസനത്തിന് തീരുമാനം തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

തിരുവോണ ദിവസം യുഡിഎഫ് എംപിമാരുടെ സത്യഗ്രഹം

അതേസമയം, പാലക്കാട് റെയില്‍വേ ഡിവിഷൻ വിഭജനത്തില്‍ പ്രതിഷേധിച്ച്‌ മലബാറില്‍ നിന്നുള്ള യുഡിഎഫ് എംപിമാർ തിരുവോണ ദിവസം സത്യഗ്രഹം നടത്തും. പാലക്കാട് റെയില്‍വേ ഡിവിഷൻ ഓഫീസിന് മുന്നിലാണ് സമരം.

ഡിവിഷൻ വിഭജനത്തെക്കുറിച്ച്‌ അറിവില്ലായിരുന്നുവെന്ന റെയില്‍വേ മന്ത്രിയുടെ പ്രസ്താവന വിശ്വസിക്കാനാകില്ലെന്ന് യുഡിഎഫ് എംപിമാർ ആരോപിച്ചു. കർണാടകയില്‍ ബിജെപിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് തീരുമാനമെന്നും അവർ വിമർശിച്ചു.

തീരുമാനം പിൻവലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് എംപിമാർ വ്യക്തമാക്കി. കർണാടക നിയമസഭാ തിരഞ്ഞെടുപ്പാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നും യുഡിഎഫ് എംപിമാർ ആരോപിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam