ന്യൂഡല്‍ഹി: പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കുകയോ രാജ്യത്താകമാനം ഗോവധനിരോധനം നടപ്പാക്കുകയോ ചെയ്യാനുള്ള യാതൊരു നിർദേശവും നിലവില്‍ കേന്ദ്രസർക്കാരിന്റെ പരിഗണനയിലില്ലെന്ന് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാള്‍ വ്യക്തമാക്കി.
വിഷയവുമായി ബന്ധപ്പെട്ട് സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ ഉയരുന്നുണ്ടെങ്കിലും കേന്ദ്രമന്ത്രിസഭ ഇതുസംബന്ധിച്ച ചർച്ചകള്‍ നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലെ സാമൂഹിക-സാംസ്കാരിക സാഹചര്യങ്ങളും പ്രാദേശിക നിലപാടുകളും ഇത്തരം വിഷയങ്ങളില്‍ നിർണായകമാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, ഭാവിയില്‍ സർക്കാർ ഇത്തരമൊരു വിഷയത്തില്‍ തീരുമാനമെടുക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അത് പൊതുജനങ്ങളെ അറിയിക്കുമെന്നും വ്യക്തമാക്കി. വാർത്താ ഏജൻസിയായ പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സമൂഹമാധ്യമങ്ങളിലും പൊതുസമൂഹത്തിലും ഗോവധനിരോധനം സംബന്ധിച്ച ചർച്ചകള്‍ ശക്തമാണെന്ന് മന്ത്രി പറഞ്ഞു. ഇതിനിടെ, ചില ഹിന്ദുത്വ സംഘടനകള്‍ രാജ്യവ്യാപക നിരോധനം ആവശ്യപ്പെടുമ്പോള്‍ മുസ്ലിം സമൂഹത്തിലെ ചില പ്രമുഖരും സമാന ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്.

