മൂന്നാർ: വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെ 18കാരിയെ കൊലപ്പെടുത്തിയെന്ന കേസില്‍ 19കാരൻ പൊലീസ് പിടിയില്‍.
തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂർ സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇടുക്കി വട്ടപ്പാറ സ്വദേശി നിഷാന്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിവാഹവാഗ്ദാനം നല്‍കി മൂന്നാർ മേഖലയിലേക്ക് വിളിച്ചുവരുത്തിയശേഷം യുവതിയെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
ഓട്ടോ ഡ്രൈവറായ നിഷാന്തും യുവതിയും ഏറെ നാളായി അടുപ്പത്തിലായിരുന്നു. വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടതോടെയാണ് കൊലപാതകത്തിന് പ്രതി പദ്ധതിയിട്ടതെന്നാണ് വിവരം. ഇതിനായി പെട്രോള്‍ വാങ്ങി വാഹനത്തില്‍ സൂക്ഷിച്ചിരുന്നതായും പൊലീസ് പറയുന്നു.
ഒക്ടോബർ 11ന് യുവതിയെ പൂപ്പാറയിലേക്ക് വിളിച്ചുവരുത്തിയ പ്രതി വാഹനത്തിനുള്ളില്‍വച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കാൻ കരിങ്കല്ലുകൊണ്ട് മുഖത്ത് പലതവണ മർദിച്ചെന്നും തുടർന്ന് മൃതദേഹം പാംപ്ല ഭാഗത്തെ വനത്തിലേക്ക് കൊണ്ടുപോയി പെട്രോള്‍ ഒഴിച്ച് കത്തിച്ചെന്നുമാണ് കേസ്.
ഏലത്തോട്ടത്തില്‍ തൊഴിലാളിയായ യുവതിയുടെ അമ്മ മകളെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.
അതേസമയം, മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നും കുടുംബത്തിന് നീതി ലഭിക്കണമെന്നും യുവതിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

