ദോഹ: ഖത്തർ സ്റ്റാർസ് ലീഗില്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടം കായിക കോടതിയിലേക്ക് നീളുന്നു.
അല്‍ സെയിലിയക്കെതിരായ മത്സരത്തില്‍ അയോഗ്യനായ താരം കളിച്ചുവെന്ന് ആരോപിച്ച് അല്‍ ഷമാല്‍ ക്ലബ്ബ് അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതിയെ (Court of Arbitration for Sport - CAS) സമീപിച്ചു. ഖത്തർ ഫുട്ബോള്‍ അസോസിയേഷന്റെ അപ്പീല്‍ കമ്മിറ്റിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാകാത്തതിനെത്തുടർന്നാണ് ക്ലബ്ബ് ഈ കടുത്ത തീരുമാനമെടുത്തത്.ലീഗിലെ 14-ാം റൗണ്ടില്‍ അല്‍ ഷമാലും അല്‍ സെയിലിയയും തമ്മില്‍ നടന്ന മത്സരം ഗോള്‍രഹിത സമനിലയിലാണ് (0-0) അവസാനിച്ചത്. എന്നാല്‍, നാല് മഞ്ഞക്കാർഡുകള്‍ കണ്ട് സസ്പെൻഷനിലായിരുന്ന അർജന്റീനിയൻ താരം മത്യാസ് നാനിയെ അല്‍ സെയിലിയ അന്ന് കളത്തിലിറക്കിയെന്നാണ് അല്‍ ഷമാലിന്റെ വാദം. നിയമവിരുദ്ധമായി താരം കളിച്ചതിനാല്‍ ആ മത്സരത്തിലെ മുഴുവൻ പോയിന്റും (3 പോയിന്റ്) തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ഷമാല്‍ അധികൃതർ ചൂണ്ടിക്കാട്ടുന്നു.ഫെബ്രുവരിയില്‍ ഖത്തർ ഫുട്ബോള്‍ അസോസിയേഷൻ (QFA) ഡിസിപ്ലിനറി കമ്മിറ്റിക്ക് പരാതി നല്‍കിയെങ്കിലും, പരാതി സാങ്കേതികമായി സ്വീകരിച്ച് മെറിറ്റില്‍ തള്ളുകയായിരുന്നു.ഇതോടെയാണ് നീതി തേടി അന്താരാഷ്ട്ര തലത്തിലുള്ള 'കാസി'നെ (CAS) സമീപിക്കാൻ അല്‍ ഷമാല്‍ ഭരണസമിതി തീരുമാനിച്ചത്.കോടതി വിധി അനുകൂലമായാല്‍ അല്‍ സാദിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനും ലീഗ് കിരീടം ചൂടാനും അല്‍ ഷമാലിന് സാധിക്കും. വരും ദിവസങ്ങളില്‍ പുറത്തുവരാനിരിക്കുന്ന കോടതിയുടെ വിധി ഖത്തർ ഫുട്ബോള്‍ സീസണിലെ ഏറ്റവും നിർണ്ണായകമായ ഒന്നായിരിക്കും.

