Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സിഎംആര്‍എല്‍-എക്സാലോജിക് കേസ്: ഇഡി അന്വേഷണത്തിന് സ്റ്റേ ഇല്ല

സിഎംആര്‍എല്‍-എക്സാലോജിക് കേസ്: ഇഡി അന്വേഷണത്തിന് സ്റ്റേ ഇല്ല

Keralasabdam 2 weeks ago

കൊച്ചി: സിഎംആർഎല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിന് താല്‍ക്കാലിക സ്റ്റേ അനുവദിക്കാൻ ഹൈക്കോടതി വിസമ്മതിച്ചു.

അന്വേഷണം അടിയന്തരമായി തടയണമെന്നും, ഇക്കാര്യത്തില്‍ സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നുമുള്ള സിഎംആർഎല്ലിന്റെ ആവശ്യം ഡിവിഷൻ ബെഞ്ച് അംഗീകരിച്ചില്ല. വർഷങ്ങളായി തുടരുന്ന കേസായതിനാല്‍ അപ്പീലില്‍ വേഗത്തില്‍ വാദം കേട്ട് അന്തിമ തീരുമാനം കൈക്കൊള്ളാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് രാജാ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും ഉള്‍പ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ചെയ്യാത്ത സേവനങ്ങള്‍ക്ക് പ്രതിഫലമായി രണ്ട് കോടിയിലധികം രൂപ നല്‍കിയെന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു. അതേസമയം, മറ്റേതെങ്കിലും അന്വേഷണ ഏജൻസിയുടെ എഫ്‌ഐആറോ പിഎംഎല്‍എ പ്രകാരം അന്വേഷണം ആരംഭിക്കാൻ ആവശ്യമായ പ്രെഡിക്കേറ്റ് കുറ്റമോ നിലവിലില്ലാത്ത സാഹചര്യത്തില്‍ ഇഡിയുടെ അന്വേഷണം നിയമപരമല്ലെന്നാണ് സിഎംആർഎല്ലിന്റെ വാദം.

എസ്‌എഫ്‌ഐഒ സമർപ്പിച്ച റിപ്പോർട്ട് നിലവില്‍ ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അതിനെ അന്തിമ റിപ്പോർട്ടായി കണക്കാക്കാനാകില്ലെന്നും കമ്പനി കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇഡിക്കുവേണ്ടി അഡീഷണല്‍ സോളിസിറ്റർ ജനറല്‍ എ.ആർ.എല്‍. സുന്ദരേശൻ ഹാജരായപ്പോള്‍, സിഎംആർഎല്ലിന് വേണ്ടി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരാണ് വാദം അവതരിപ്പിച്ചത്.

ഇതിനിടെ, ബെംഗളൂരു ഉള്‍പ്പെടെ 12 കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനകളില്‍ നിന്ന് ലഭിച്ച രേഖകളും വിവരങ്ങളും ആവശ്യമെങ്കില്‍ ഹൈക്കോടതിക്ക് സമർപ്പിക്കാൻ തയ്യാറാണെന്ന് ഇഡി അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി വീണാ വിജയന്റെ ബാങ്ക് അക്കൗണ്ട് ഇടപാടുകള്‍ വിശദമായി പരിശോധിക്കാനും, സിഎംആർഎല്ലിലെ മുതിർന്ന ഉദ്യോഗസ്ഥരെയും മാനേജ്മെന്റ് അംഗങ്ങളെയും ചോദ്യം ചെയ്യാനുമാണ് ഇഡിയുടെ നീക്കം.

അപ്പീലില്‍ സമഗ്രമായ വാദം പൂർത്തിയായ ശേഷമായിരിക്കും ഹൈക്കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിക്കുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam