Dailyhunt
സിപിഎമ്മും ബിജെപിയും നാല് വോട്ടിനു വേണ്ടി കേരളത്തിൻ്റെ സമൂഹിക സൗഹൃദത്തെ ഇല്ലാതാക്കാൻ മത്സരിക്കുന്നു: പോര്‍മുഖത്ത് പ്രതിപക്ഷ നേതാവ്

സിപിഎമ്മും ബിജെപിയും നാല് വോട്ടിനു വേണ്ടി കേരളത്തിൻ്റെ സമൂഹിക സൗഹൃദത്തെ ഇല്ലാതാക്കാൻ മത്സരിക്കുന്നു: പോര്‍മുഖത്ത് പ്രതിപക്ഷ നേതാവ്

Keralasabdam 5 days ago

ചോദ്യം : പ്രചാരണത്തിൻ്റെ അവസാന ലാപില്‍ എത്തിയപ്പോള്‍, യുഡിഎഫ് വന്നാല്‍ മുസ്ലിംലിഗ് സമ്മർദ്ദ ശക്തിയാകുമെന്നടക്കം ഗുരുതര വിമർശനങ്ങളാണല്ലോ പോളിറ്റ്ബ്യൂറോ അംഗം വിജയരാഘവനും മറ്റും ഉന്നയിക്കുന്നത് ?

വിഡി സതീശൻ : നാല് വോട്ടിനു വേണ്ടി കേരളത്തിൻ്റെ സമൂഹിക സൗഹൃദത്തെ ഇല്ലാതാക്കി ഹിന്ദു മുസ്‌ലിം ക്രിസ്ത്യൻ ജന വിഭാഗങ്ങള്‍ക്കിടയില്‍ വലിയ രീതിയില്‍ അകല്‍ച്ച ഉണ്ടാക്കി മുതലെടുപ്പു നടത്താൻ സിപിഎമ്മും ബിജെപിയും തമ്മില്‍ മല്‍സരം തുടങ്ങിയിട്ട് കുറേ കാലമായി. വയനാട്, പാലക്കാട്, നിലമ്പൂർ ഉപതിരഞ്ഞെടുപ്പുകളില്‍ യു ഡി എഫ് വിജയിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ മെഗ ഫോണ്‍ ആയി എന്തും വിളിച്ചുപറയുന്ന വിജയരാഘവനും , എംവി ഗോവിന്ദനും, ഏ കെ ബാലനുമെക്കെ ,മുസ്ലിം തീവ്രവാദികളുടെ വോട്ടുകള്‍ കൊണ്ടാണ് യുഡിഎഫ് വിജയിച്ചതെന്നു പറഞ്ഞതും ബിജെപി അതേറ്റെടുത്തതും കേരളം കണ്ടതാണ്. മുഖ്യമന്ത്രി എഡിജിപിയെ ആർ എസ് എസ് മേധാവികളുടെ അടുത്തു രഹസ്യ ദൂതുമായി പറഞ്ഞയച്ചതും കേരളം മറന്നിട്ടില്ല. തങ്ങളെ പിന്തുണക്കുന്ന മുസ്ലിം സംഘടനകളെല്ലാം മതേതരവാദികളും വിയോക്കുന്നവരെല്ലാം സിപിഎമ്മിന് വർഗ്ഗീയ തീവ്രവാദികളുമാണ്.

ഐ എൻ എല്‍, പി ഡി പി, എസ്ഡിപിഐ സംഘടനകളെയെക്കെ ചേർത്തുപിടിച്ചു കൊണ്ടാണ് ജമാഅത്തെ ഇസ്ലാമിയേയും മുസ്ലിം ലീഗിനെയും ചാരി ഒരു മതത്തിനെതിരേ വെറുപ്പും വിദ്വേഷവും സൃഷ്ടിച്ചു നാല് വോട്ടിനു വേണ്ടി ബിജെപിയെക്കാള്‍ വലിയ വർഗ്ഗീയ കാർഡു സിപിഎം കളിക്കുന്നത്. ഇത്തവണയും പ്രചാരണ വേദികളില്‍ വിജയരാഘവൻ വർഗ്ഗിയമായ വെറുപ്പും വിദേഷവും പ്രചരിപ്പിക്കാനാണ് ശ്രമിച്ചത് .പിണറായി മന്ത്രിസഭയിലെ ഒരംഗമായ വി. അബ്ദുറഹ്‌മാൻ പറഞ്ഞത് കഴിഞ്ഞ രണ്ട് തവണ താൻ മല്‍സരിച്ചത് പാകിസ്ഥാനിലായിരുന്നു (ലീഗിനെ ഉദ്ദേശിച്ച്‌) ആ രണ്ട് തവണയും അവരെ തോല്പിച്ചു എന്നാണ്. ബിജെപിയുടെ കേന്ദ്ര മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞത് ബിജെപി ജയിച്ചാല്‍ കേരളത്തിലെ കൃഷിയിടങ്ങളില്‍ പടക്കം പൊട്ടും അവർ വന്നാല്‍ പാകിസ്ഥാനില്‍ പടക്കം പൊട്ടുമെന്നാണു്. ബിജെപി വന്നില്ലങ്കില്‍ ഹിന്ദു ക്രിസ്ത്യൻ വിടുകളിലെ പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ ലവ് ജിഹാദിൻ്റെ പേരില്‍ തട്ടികൊണ്ടുപോകും എന്നു കൃഷ്ണദാസ് പറഞ്ഞതും അടക്കം ബിജെപി സിപിഎം നേതാക്കളുടെ ഒരേ സ്വരത്തിലുളള പ്രസ്താവനകള്‍ തെളിയിക്കുന്നത് സിപിഎം എത്തി നില്‍ക്കുന്ന ജീർണ്ണതയുടെ ആഴമാണ്. തിരഞ്ഞെടുപ്പ് 9-ാo തീയതി കഴിയും. എന്നാല്‍ സിപിഎം നടത്തുന്ന വർഗ്ഗീയ മുതലെടുപ്പിനു അവർ മതേതര കേരളത്തോട് നാളെ കണക്കുപറയേണ്ടിവരും.

ചോദ്യം : കോണ്‍ഗ്രസിൻ്റെ വയനാട് ഭവന പദ്ധതി ഫണ്ട് പിരവ് സിപിഎം വിവാദമാക്കിയതു പ്രചാരണ രംഗത്ത് യുഡിഎഫിന് ക്ഷീണമായോ?

വിഡി സതീശൻ : ഒരുക്ഷീണവും ഉണ്ടായില്ല. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച്‌ അപകീർത്തിപ്പെടുത്താൻ സി പി എം സംഘടിതമായി ശ്രമിച്ചങ്കിലും യാഥാർത്ഥ്യം എന്താണെന്ന് ജനങ്ങള്‍ക്കുമനസിലായിട്ടുണ്ട് .ദുരിത ബാധിതർക്ക് വീട് നിർമിക്കാൻ കെപിസിസി പ്രസിഡണ്ടിൻ്റെയും പ്രതിപക്ഷനേതാവിൻ്റെയും ജോയിൻ്റ് അക്കൗണ്ട് വഴി സമാഹരിച്ച തുകയുടെയും ചെലവഴിച്ച തുകയുടെയും കൃത്യവും വ്യക്തവുമായ കണക്കുകള്‍ കെ പി സി സി പ്രസിഡണ്ട് പുറത്തുവിട്ടതോടെ വ്യാജ ആരോപണങ്ങളുടെ മുന ഒടിഞ്ഞു. സ്ഥലം കിട്ടാൻ വൈകിയതാണ് താമസം നേരിടാൻ കാരണമായത്. സർക്കാർ മിഷനറി മുഴുവൻ പ്രവർത്തിച്ചിട്ടും 178 കുടുംബങ്ങള്‍ക്ക് വിട് കൈമാറിയതായി മുഖ്യമന്ത്രി പ്രഖ്യാപിച്ച്‌ ഒരുമാസം കഴിഞ്ഞിട്ടും വീട് താമസയോഗ്യമാക്കാൻ കഴിഞ്ഞില്ല. സർക്കാർ ഭവന നിർമ്മാണത്തിൻ്റെ പേരില്‍ നടത്തിയ അഴിമതി യുഡിഎഫ് അധികാരത്തില്‍ എത്തുമ്പോള്‍ പുറത്തു കൊണ്ട് വരും. രക്തസാക്ഷികളുടെ പേരില്‍ പിരിച്ച ഫണ്ട് സിപിഎം നേതാക്കള്‍ മോഷ്ടിച്ചതായി കണക്കു പരിശോധിച്ച പാർട്ടിയിലെ ഉത്തരവാദപ്പെട്ടവർ തന്നെ വെളിപ്പെടുത്തിയതിൻ്റെ ക്ഷീണം മാറ്റാനാണ് സി പി എം വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam