Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സ്നേഹിത ദിനാചരണം സംഘടിപ്പിച്ചു

സ്നേഹിത ദിനാചരണം സംഘടിപ്പിച്ചു

Keralasabdam 1 day ago

കൊച്ചി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ക്കെതിരെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കുടുംബശ്രീ സ്നേഹിത ജെൻഡർ ഹെല്‍പ് ഡെസ്കിന്റെ നേതൃത്വത്തില്‍ സ്നേഹിത ദിനാചരണം സംഘടിപ്പിച്ചു.

കുടുംബശ്രീ എറണാകുളം ജെൻഡർ വികസന വിഭാഗത്തിന്റെ നേതൃത്വത്തില്‍ കാക്കനാട് സ്നേഹിത ജെൻഡർ ഹെല്‍പ് ഡെസ്കില്‍ നടന്ന പരിപാടി ജില്ലാ കളക്ടർ ജി. പ്രിയങ്ക ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ടി.എം. റെജീന അധ്യക്ഷയായി.

സ്നേഹിതയില്‍ ഇതുവരെ 10,751 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതില്‍ 3,478 എണ്ണം നേരിട്ടെത്തിയ പരാതികളും 7,273 എണ്ണം ടെലിഫോണ്‍ മുഖേന ലഭിച്ച പരാതികളുമാണ്. ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട 2,355 കേസുകളും കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട 1,229 കേസുകളും മദ്യപാനവുമായി ബന്ധപ്പെട്ട 601 കേസുകളും റിപ്പോർട്ട് ചെയ്തു. സ്ത്രീകള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട 289 കേസുകളും കുട്ടികള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട 306 കേസുകളും കുട്ടികളുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളുടെ 371 കേസുകളും ഉള്‍പ്പെടുന്നു. 2,431 കേസുകളില്‍ കൗണ്‍സലിങ്ങും 1,685 കേസുകളില്‍ ഇൻമേറ്റ് സേവനവും ലഭ്യമാക്കി.

ഗാർഹിക പീഡന കേസുകളില്‍ മദ്യപാനവും സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പ്രധാന കാരണങ്ങളായി തുടരുന്നതായി സ്നേഹിതയുടെ പ്രവർത്തനങ്ങളില്‍ നിന്ന് വ്യക്തമായി. വിവാഹേതര ബന്ധങ്ങളുമായി ബന്ധപ്പെട്ട പരാതികളും ലഭിക്കുന്നുണ്ട്. കുട്ടികളുമായി ബന്ധപ്പെട്ട കേസുകളില്‍ മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം, പെരുമാറ്റത്തിലെ മാറ്റം, പഠനനിലവാരത്തിലെ കുറവ് തുടങ്ങിയവയാണ് പ്രധാനമായും ശ്രദ്ധയില്‍പ്പെടുന്നത്. മാതാപിതാക്കള്‍ തമ്മിലുള്ള നിരന്തരമായ പ്രശ്നങ്ങളും കുട്ടികളുടെ പഠനത്തെയും പെരുമാറ്റത്തെയും ബാധിക്കുന്നതായി പ്രവർത്തകർ പറഞ്ഞു.

മുതിർന്നവരെ വീടുകളില്‍ നിന്ന് ഒഴിവാക്കുന്നതും കുടുംബത്തില്‍ ആവശ്യമായ പരിഗണന ലഭിക്കാത്തതും മദ്യപാനത്തിന് അടിമപ്പെട്ട മക്കളില്‍ നിന്ന് മാതാപിതാക്കള്‍ക്ക് നേരിടേണ്ടിവരുന്ന അതിക്രമങ്ങളും സ്നേഹിതയില്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ലഭിക്കുന്ന പരാതികളില്‍ ആവശ്യമായ തുടർ അന്വേഷണങ്ങളും ഇടപെടലുകളും നടത്തി വരുന്നു.

സ്നേഹിതയുടെ പ്രവർത്തനങ്ങളെക്കുറിച്ച്‌ പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി കാക്കനാട് സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളില്‍ മധുരത്തോടൊപ്പം സ്നേഹിതയുടെ വിസിറ്റിംഗ് കാർഡുകള്‍ വിതരണം ചെയ്തു. സമീപത്തെ വ്യാപാര സ്ഥാപനങ്ങള്‍, ഓട്ടോറിക്ഷാ സ്റ്റാൻഡുകള്‍, ബസ് സ്റ്റാൻഡുകള്‍, ബസ് സ്റ്റോപ്പുകള്‍ എന്നിവിടങ്ങളിലും സ്നേഹിത കാർഡുകള്‍ വിതരണം ചെയ്തു.

കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ രജിത കെ.ആർ. സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അനുമോള്‍ കെ.സി. ആശംസകള്‍ നേർന്നു. കവിത ഗോവിന്ദ് നന്ദി പറഞ്ഞു.

Photo Courtesy - Google

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam