ലക്നൗ: സോഷ്യല്‍മീഡിയ ഇൻഫ്ലുവൻസറായ യുവതി ഭർതൃവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍.ഉത്തർപ്രദേശിലെ ലഖ്നൗവിലാണ് സംഭവം.
സോഷ്യല്‍മീഡിയ താരമായ മാൻസി എന്ന യുവതിയാണ് മരിച്ചത്. സ്ത്രീധന പീഡനത്തെ തുടർന്നുണ്ടായ മരണമാണിതെന്നാണ് മാൻസിയുടെ കുടുംബത്തിന്റെ ആരോപണം. യുവതിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭർത്താവിനും കുടുംബാംഗങ്ങള്‍ക്കുംതിരെ പൊലീസ് കേസെടുത്തു.
കാണ്‍പുർ സ്വദേശിനിയായ മാൻസി 2024-ലാണ് സാഗർ രാജ്പുതിനെ വിവാഹം കഴിച്ചത്. സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന ദമ്പതികളില്‍ സാഗർ രാജ്പുതിന് ഇൻസ്റ്റഗ്രാമില്‍ എട്ട് ലക്ഷത്തോളം അനുയായികളുണ്ട്. വിവാഹസമയത്ത് ഏഴ് ലക്ഷം രൂപയും വിവിധ ഗൃഹോപകരണങ്ങളും സ്ത്രീധനമായി നല്‍കിയിരുന്നുവെന്ന് മാൻസിയുടെ കുടുംബം പറയുന്നു. എന്നാല്‍ ഇതില്‍ തൃപ്തരാകാതെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവിന്റെ കുടുംബം മാൻസിയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് ആരോപണം. വിവാഹശേഷം സ്ത്രീധനം കുറവാണെന്ന് ചൂണ്ടിക്കാട്ടി അവരെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചു.
തനിക്കെതിരെ നടക്കുന്ന പീഡനങ്ങളെക്കുറിച്ച് മാൻസി കുടുംബാംഗങ്ങളെ അറിയിച്ചിരുന്നുവെന്നും പ്രശ്നം പരിഹരിക്കാൻ പലതവണ ഭർത്താവിന്റെ വീട്ടിലെത്തി സംസാരിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ശനിയാഴ്ച മാൻസി ആത്മഹത്യ ചെയ്തുവെന്ന വിവരമാണ് കുടുംബത്തിന് ലഭിച്ചത്.
പരാതിയുടെ അടിസ്ഥാനത്തില്‍ സാഗർ രാജ്പുതിനെയും കുടുംബത്തിലെ അഞ്ച് അംഗങ്ങളെയുംതിരെ സ്ത്രീധന പീഡന മരണത്തിന് പൊലീസ് കേസെടുത്തു. സാഗർ രാജ്പുത്, പിതാവ് രാജേഷ്, സഹോദരൻ അനു, സഹോദരിമാരായ ബർഖയും ചാന്ദ്‌നിയും, അമ്മ ആശ എന്നിവരാണ് കേസിലെ പ്രതികള്‍. സാഗർ രാജ്പുതിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

