ഡെറാഡൂണ്‍: ഭർതൃവീട്ടുകാരുടെ പീഡനം സഹിക്കാനാകാതെ സർക്കാർ സ്കൂള്‍ അധ്യാപിക ജീവനൊടുക്കി. ഉത്തരാഖണ്ഡിലാണ് സംഭവം.
ഡെറാഡൂണില്‍ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഡോയ്‌വാലയിലെ വീട്ടിലാണ് സൃഷ്ടി കാണ്ഡാരി (24) തൂങ്ങിമരിച്ചത്. സ്ത്രീധനത്തിന്റെ പേരിലും അന്ധവിശ്വാസപരമായ അധിക്ഷേപങ്ങളിലൂടെയും ഭർതൃവീട്ടുകാർ പീഡിപ്പിച്ചു എന്നാണ് ആരോപണം. മരണത്തിന് തൊട്ടുമുമ്പ് സൃഷ്ടി റെക്കോർഡ് ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
ഏകദേശം 90 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയില്‍ ആദ്യം കരഞ്ഞുകൊണ്ടിരിക്കുന്ന സൃഷ്ടി, പിന്നീട് അമ്മയോട് ക്ഷമ ചോദിച്ചുകൊണ്ട് കഴിഞ്ഞ ആറുമാസമായി അനുഭവിച്ച മാനസിക പീഡനങ്ങളെക്കുറിച്ച് സംസാരിക്കുന്നുണ്ട്. വിവാഹശേഷം ഉണ്ടായ എല്ലാ പ്രശ്നങ്ങള്‍ക്കും തന്നെ കുറ്റപ്പെടുത്തുകയായിരുന്നുവെന്നും, "ശപിക്കപ്പെട്ടവള്‍", "ദുശ്ശകുനം" തുടങ്ങിയ അധിക്ഷേപങ്ങള്‍ നിരന്തരം കേള്‍ക്കേണ്ടിവന്നെന്നും ഇനി അതെല്ലാം സഹിക്കാൻ കഴിയില്ലെന്നുമാണ് വിഡിയോയില്‍ പറയുന്നത്.
കഴിഞ്ഞ നവംബറിലാണ് സൃഷ്ടി സർക്കാർ ജീവനക്കാരനായ സൗരഭ് റാത്തൂറിനെ വിവാഹം കഴിച്ചത്. സ്ത്രീധനത്തിന്റെ പേരില്‍ ഭർത്താവും ഭർതൃവീട്ടുകാരും മകളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്ന് സൃഷ്ടിയുടെ അമ്മ പൊലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.
സംഭവത്തില്‍ പൊലീസ്, ഫോറൻസിക് സംഘം എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്‌മോർട്ടം നടപടികള്‍ പൂർത്തിയാക്കിയതായും അധികൃതർ അറിയിച്ചു. സ്ത്രീധന മരണവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം ഭർത്താവ് സൗരഭ് റാത്തൂർ, ഭർതൃമാതാവ് പർവിൻ, ഭർതൃസഹോദരി ചാരു എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ഡോയ്‌വാല സർക്കിള്‍ ഓഫിസർ വന്ദന വർമ അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.

