ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാ ചെലവും രോഗികളില്‍നിന്നുള്ള സാമ്പത്തിക ചൂഷണവും തടയാൻ ശക്തമായ ഇടപെടല്‍ വേണമെന്ന് പാർലമെന്ററി സ്ഥിരം സമിതി.
രാജ്യസഭാ എം.പി. പ്രൊഫ. രാം ഗോപാല്‍ യാദവിന്റെ അധ്യക്ഷതയിലുള്ള ആരോഗ്യ-കുടുംബക്ഷേമ പാർലമെന്ററി സമിതിയുടെ 176-ാമത് റിപ്പോർട്ടിലാണ് നിർണായക ശുപാർശകള്‍.
പ്രധാന നഗരങ്ങളിലെ സ്വകാര്യ ആശുപത്രികളിലെ റൂം വാടക അതത് പ്രദേശത്തെ ത്രീ സ്റ്റാർ ഹോട്ടലുകളുടെ ശരാശരി നിരക്കില്‍ പരിമിതപ്പെടുത്തണമെന്നാണ് സമിതിയുടെ പ്രധാന നിർദേശം. ഡ്യൂട്ടി ഡോക്ടറുടെ ഫീസ്, നഴ്സിങ് ചാർജ്, മെഡിക്കല്‍ സാമഗ്രികള്‍, ഭക്ഷണം, അലക്കുചെലവ് തുടങ്ങിയവ പ്രത്യേകം രേഖപ്പെടുത്തി സുതാര്യമായ രീതിയില്‍ ബില്‍ തയാറാക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.
റൂമിന്റെ കാറ്റഗറി അനുസരിച്ച് മരുന്നുകള്‍ക്കും ലാബ് പരിശോധനകള്‍ക്കും അധിക നിരക്ക് ഈടാക്കുന്ന രീതിയും അവസാനിപ്പിക്കണം. അനാവശ്യമായി ബില്‍ തുക ഉയർത്തുന്നത് തടയാൻ കർശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തണമെന്നും സമിതി നിർദേശിച്ചു.
സ്വകാര്യ ആശുപത്രികളില്‍ ചെലവ് അഞ്ചിരട്ടിയിലധികം
നാഷണല്‍ സാമ്പിള്‍ സർവേയുടെ കണക്കുകള്‍ പ്രകാരം സർക്കാർ ആശുപത്രികളില്‍ ചികിത്സയ്ക്ക് ശരാശരി 6,631 രൂപയാണ് ചെലവ്. സ്വകാര്യ ആശുപത്രികളില്‍ ഇത് 50,508 രൂപയായി ഉയരുന്നു. അടിയന്തരമല്ലാത്ത സാധാരണ ചികിത്സകള്‍ക്കുപോലും സ്വകാര്യ മേഖലയില്‍ സർക്കാർ ആശുപത്രികളേക്കാള്‍ അഞ്ചിരട്ടിയിലധികം ചെലവ് വരുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇത്തരത്തിലുള്ള ഉയർന്ന ചികിത്സാ ചെലവ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും കടക്കെണിയിലേക്കും തള്ളിവിടുന്ന സാഹചര്യമാണുള്ളതെന്നും സമിതി വിലയിരുത്തി.
ചികിത്സാ നിരക്കിന് ഏകീകൃത പരിധി
അത്യാവശ്യ ചികിത്സകള്‍, ശസ്ത്രക്രിയകള്‍, ലാബ് പരിശോധനകള്‍ തുടങ്ങിയവയ്ക്ക് രാജ്യവ്യാപകമായി ഏകീകൃത നിരക്കും പരമാവധി നിരക്കും നിശ്ചയിക്കണമെന്നും സമിതി ശുപാർശ ചെയ്തു. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്‌ട് രാജ്യത്തുടനീളം കർശനമായി നടപ്പാക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുമായി ചേർന്ന് നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടില്‍ ആവശ്യപ്പെടുന്നു.
ചികിത്സയ്ക്ക് പ്രവേശിപ്പിക്കുന്നതിന് മുൻപ് തന്നെ രോഗിക്കും ബന്ധുക്കള്‍ക്കും പ്രതീക്ഷിക്കാവുന്ന ചികിത്സാ ചെലവിന്റെ പൂർണ വിവരങ്ങള്‍ ആശുപത്രികള്‍ നിർബന്ധമായും നല്‍കണമെന്നും സമിതി നിർദേശിച്ചിട്ടുണ്ട്.
കുറഞ്ഞ പ്രീമിയത്തില്‍ പുതിയ ഇൻഷുറൻസ് പദ്ധതി
സർക്കാർ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളുടെ പരിധിയില്‍ വരാത്തതും ഉയർന്ന പ്രീമിയമുള്ള സ്വകാര്യ ഇൻഷുറൻസ് വാങ്ങാൻ കഴിയാത്തതുമായ വിഭാഗങ്ങള്‍ക്കായി പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി കൊണ്ടുവരണമെന്നും സമിതി ആവശ്യപ്പെട്ടു.
ഒരു കുടുംബത്തിന് പ്രതിവർഷം 4,000 മുതല്‍ 6,000 രൂപ വരെ മാത്രം പ്രീമിയം വരുന്ന 'ആരോഗ്യ സഞ്ജീവനി' മാതൃകയിലുള്ള ജനകീയ ഇൻഷുറൻസ് പദ്ധതികള്‍ അവതരിപ്പിക്കണമെന്നാണ് റിപ്പോർട്ടിലെ മറ്റൊരു പ്രധാന ശുപാർശ.

