ഖത്തറിലെ പ്രമുഖ സാമൂഹ്യ, സാംസ്ക്കാരിക, ജീവ കാരുണ്യ പ്രവർത്തനങ്ങളില്‍ സജീവമായ പ്രമുഖ പ്രവാസി സംഘടനയായ തൃശൂർ ജില്ലാ സൗഹൃദ വേദി (TJSV), ഹമദ് മെഡിക്കല്‍ കോർപ്പറേഷനുമായി (HMC) സഹകരിച്ച് 30/05/2026 ശനിയാഴ്ച്ച സംഘടിപ്പിച്ച 34ആമത് രക്തദാന ക്യാമ്പ് ഒരിക്കല്‍ക്കൂടി രക്തദാതാക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
എച്ച്.എം.സി.യുടെ അഭ്യർത്ഥന മാനിച്ച് പെരുന്നാള്‍ അവധി ദിവസങ്ങള്‍ അടങ്ങിയ ചുരുങ്ങിയ സമയത്തിലാണ് ടി.ജെ.എസ്.വി ഈ ദൗത്യം ഏറ്റെടുത്തത്. വേദിയുടെ അംഗങ്ങളും, സൗഹൃദങ്ങളുമടക്കം 101 പേർ രക്തദാതാക്കളായി . ഇതിനോടകം ഏറ്റവും കൂടുതല്‍ രക്തദാതാക്കളെ സംഭാവന ചെയ്ത സംഘടന എന്ന നിലയില്‍ TJSV, HMC യുടെ പ്രശസ്തി പത്രം നിരവധി തവണ കൈപറ്റിയിട്ടുണ്ട്. അടിയന്തിര ഇടപെടലിലൂടെ ഈ രക്തദാനം നടത്തിയത് വഴി വേദിയുടെ സാമൂഹിക പ്രതിബദ്ധത ഒരിക്കല്‍ കൂടി ഊട്ടി ഉറപ്പിച്ചു.
പൊതു ചടങ്ങില്‍ സംസാരിച്ച ടി.ജെ.എസ്.വി. പ്രസിഡന്റ് ശ്രീ വിഷ്ണു ജയറാം ദേവ്, ഖത്തർ നാഷണല്‍ ബ്ലഡ് ഡൊണേഷൻ സെന്റർ മാനേജർ മാഡം സാദിഖ ഇസ്മായില്‍ അബ്ബാസിനും അവരുടെ ടീമിനും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയതിന് നന്ദി അറിയിച്ചു.
ക്യാമ്പ് വിജയിപ്പിക്കുന്നതിനായി സ്വയമേവ മുന്നോട്ട് വന്ന എല്ലാ രക്തദാതാക്കളെയും, ക്യാമ്പിന്റെ ഏകോപനത്തിനും നടത്തിപ്പിനുമായി അശ്രാന്ത പരിശ്രമം നടത്തിയ കോർഡിനേറ്റർമാരായ നിഷാം ഇസ്മായില്‍, ജിബീഷ് കെ.ജെ, സി.എസ്. നൗഷാദ് , ഒപ്പം ചേർന്ന വേദി ഒഫീഷ്യല്‍സ് എന്നിവരുടെ സമർപ്പണവും വിലപ്പെട്ട സംഭാവനകളും പ്രത്യേകം പ്രശംസിക്കുകയും ചെയ്തു.
25 വർഷം പൂർത്തിയാക്കുന്ന വേദി അതിൻ്റെ രജതജൂബിലി ആഘോഷങ്ങളിലേക്ക് കടക്കുന്ന ഈ വേളയില്‍, കൂടുതല്‍ വിപുലമായ മാനുഷിക-സാമൂഹിക സേവന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ സംഘടന സജ്ജമാണെന്നും ഭാരവാഹികള്‍ അറിയിച്ചു.

