കണ്ണൂർ: യുഡിഎഫ് സർക്കാരിനെതിരെ കടുത്ത വിമർശനവുമായി സിപിഎം നേതാവ് പിണറായി വിജയൻ. പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തിടുക്കം കാട്ടുകയാണെന്നും ആർഎസ്‌എസിനെ പ്രീണിപ്പിക്കുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പയ്യന്നൂർ മാത്തിലില്‍ നടന്ന സിപിഎം രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു പിണറായി വിജയന്റെ വിമർശനം. വി കുഞ്ഞികൃഷ്ണനെതിരെയും പിണറായി രൂക്ഷവിമർശനമാണ് ഉയർത്തിയത്.
കേരളത്തിന്റെ തനിമ തകർത്തുകൊണ്ട് ആർഎസ്‌എസിന് കീഴടങ്ങുന്ന സമീപനമാണ് സർക്കാരിന്റേതെന്ന് പിണറായി പറഞ്ഞു. അധികാരത്തിലെത്തിയാല്‍ പിഎം ശ്രീ പദ്ധതി അറബിക്കടലില്‍ കളയുമെന്ന് പറഞ്ഞവരാണ് ഇപ്പോള്‍ അത് നടപ്പാക്കാൻ മുന്നിട്ടിറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ വന്ദേ മാതരം ഉള്‍പ്പെടുത്തിയതും സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ വന്ദേ മാതരം ചൊല്ലാൻ നിർദേശം നല്‍കിയതും ചൂണ്ടിക്കാട്ടിയ പിണറായി, കോണ്‍ഗ്രസിന്റെ ആർഎസ്‌എസ് അനുകൂല നിലപാട് ഇതിലൂടെ വ്യക്തമാകുന്നുവെന്നും ആരോപിച്ചു.
വഖഫ് ബോർഡില്‍ രണ്ട് അമുസ്‌ലിം അംഗങ്ങളെ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും പിണറായി പ്രസംഗത്തില്‍ ഉന്നയിച്ചു. ഇതിനെതിരെ കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍ സർക്കാർ മാറിയതോടെ നിലപാടില്‍ മാറ്റമുണ്ടായി. അമുസ്‌ലിം അംഗങ്ങളെ ഉള്‍പ്പെടുത്തി വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാമെന്ന് യുഡിഎഫ് സർക്കാർ കോടതിയെ അറിയിച്ചെന്നും പിണറായി പറഞ്ഞു.
ഗവർണറുടെ ഇടപെടലിലും വിമർശനം
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഗവർണർ തോന്നിയ രീതിയില്‍ ഇടപെടുകയാണെന്നും എന്നാല്‍ സർക്കാരിന്റെ ഭാഗത്തുനിന്ന് അതിനെതിരെ കാര്യമായ പ്രതികരണമില്ലെന്നും പിണറായി കുറ്റപ്പെടുത്തി.
രണ്ടാം എല്‍ഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതുമുതല്‍ എല്ലാ വിഷയങ്ങളിലും പ്രതിപക്ഷം എതിർപ്പ് സ്വീകരിച്ചെന്നും വലതുപക്ഷ മാധ്യമങ്ങള്‍ ഇടതുപക്ഷ വിരോധം മുൻനിർത്തി സർക്കാരിനെതിരെ സംഘടിത പ്രചാരണം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. എല്‍ഡിഎഫിനെതിരെ പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും ചേർന്ന് സംഘടിത നീക്കം നടത്തിയെന്നും പിണറായി പറഞ്ഞു.
പയ്യന്നൂരിലെ തോല്‍വിക്ക് കാരണം പാർട്ടിക്കുള്ളിലെ നീക്കങ്ങളോ?
പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് തോല്‍വിയും പിണറായി വിശദീകരിച്ചു. എല്‍ഡിഎഫിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് പയ്യന്നൂരെന്നും രാഷ്ട്രീയ കുത്തൊഴുക്കുകളെയും അതിജീവിക്കാൻ കഴിയുന്ന സാഹചര്യമാണ് നേരത്തെ ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
1987ല്‍ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനം രേഖപ്പെടുത്തിയപ്പോഴും എല്‍ഡിഎഫിന് 50 ശതമാനം വോട്ട് ലഭിച്ച മണ്ഡലമാണിത്. അതിനാല്‍ പയ്യന്നൂരിലെ തോല്‍വി എങ്ങനെ സംഭവിച്ചുവെന്നത് ഗൗരവമായി പരിശോധിക്കേണ്ട വിഷയമാണെന്നും പിണറായി പറഞ്ഞു.
പാർട്ടിക്കകത്തുനിന്ന് ചിലർ പാർട്ടിയുടെ വിശ്വാസ്യത തകർക്കാൻ ശ്രമിച്ചെന്നും നേതൃത്വതലത്തില്‍ നിന്ന് മറ്റ് ബന്ധങ്ങള്‍ സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ നടന്നെന്നും അദ്ദേഹം ആരോപിച്ചു. ഒരു കമ്മ്യൂണിസ്റ്റ് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങള്‍ ചിലർ ചെയ്തെന്നും പാർട്ടി ഇത്തരം തെറ്റുകള്‍ വച്ചുപൊറുപ്പിക്കില്ലെന്നും വ്യക്തമാക്കി.
വി. കുഞ്ഞികൃഷ്ണനെതിരെയും പിണറായി രൂക്ഷ വിമർശനം ഉന്നയിച്ചു. പാർട്ടിയെ തകർക്കണമെന്ന മനോഭാവത്തോടെയാണ് കുഞ്ഞികൃഷ്ണൻ പ്രവർത്തിച്ചതെന്നും ശത്രുക്കളുടെ കൈയിലെ കോടാലിയായി അദ്ദേഹം മാറിയെന്നും പിണറായി ആരോപിച്ചു.
പാർട്ടി വിരുദ്ധ വികാരം സൃഷ്ടിക്കാൻ ചിലർ നേതൃത്വതലത്തില്‍ ശ്രമിച്ചെന്നും തെറ്റിദ്ധാരണയുടെ പേരില്‍ പാർട്ടിക്കെതിരെ നീങ്ങിയവർ പുനർവിചിന്തനം നടത്തേണ്ട സമയമാണിതെന്നും പിണറായി വിജയൻ പറഞ്ഞു.

