കൊല്ലവർഷം 1201-1202 ലെ വിഷുഫലം വളരെയധികം മാറ്റങ്ങള്‍ കൊണ്ടുവരുന്ന സമയം ആണ്. കഴിഞ്ഞവർഷം വിലയിരുത്തിയപോലെ പ്രവാസജീവിതത്തിന് അത്ര അഭിഗമ്യമായ വർഷം ആയിരുന്നില്ല ഈ കഴിഞ്ഞുപോയത്.
മാത്രമല്ല ഈ വർഷം പകുതിവരെ ആ അവസ്ഥതന്നെ തുടരുന്നതിന് സാധ്യതയുമുണ്ട്. ധനകാര്യരംഗത്ത് വെട്ടിച്ചുരുക്കലുകള്‍ അത്യാവശ്യമായി വേണ്ടി വന്നേക്കാം. വേഗത്തിലുള്ള മാറ്റങ്ങള്‍ എല്ലാരംഗത്തും ദൃശ്യമാകും. ദീർഘകാലമായി വിവാഹം മുടങ്ങിക്കിടക്കുന്ന രാശിക്കാർക്ക് ഈ വർഷം മാംഗല്യയോഗം കാണുന്നു. ആത്മീയ-സാംസ്‌കാരിക രംഗത്ത് വലിയ ഉണർവ്വ് പ്രതീക്ഷിക്കുന്നു. രാജനൈതികരംഗത്തും ആരോഗ്യമേഖലയിലും പ്രവർത്തിക്കുന്നവർക്ക് മികച്ച നേട്ടങ്ങള്‍ ഉണ്ടാകും. ബിസിനസ് രംഗത്ത് മികച്ച നേട്ടം ഉണ്ടാകും. ഐ.ടി. രംഗത്തും, വിദ്യാഭ്യാസരംഗത്തും വലിയ പരിവർത്തനങ്ങള്‍ വന്നുചേരും, വീട് നിർമ്മാണം ആരംഭിക്കുന്നതിന് അനുയോജ്യമായ വർഷമാണ്. വർഷം പകുതിയോടെ പുതിയ മഹാമാരികളും, കാലാവസ്ഥാ വ്യതിയാനങ്ങളും ദോഷകരമായി ഭവിച്ചേക്കാം. തീർത്ഥയാത്രകളും പുതിയ ക്ഷേത്രനിർമ്മാണങ്ങളും രാജ്യത്തുടനീളം വർദ്ധിക്കും. വർഷാന്ത്യം പൊതുവേ ശുഭകരമായിരിക്കും.
ചതയം
ആത്മവിശ്വാസം പിന്നിലോട്ട് പോവും. ഉള്‍ഭയവും ആശങ്കകളും വിഷാദശീലവും മുന്നിലെത്തും. തീരുമാനങ്ങള്‍ കൈക്കൊള്ളാൻ പലപ്പോഴും കൂടുതല്‍ സമയം എടുത്തേക്കും. ഇഷ്ടമില്ലാഞ്ഞിട്ടും പരാശ്രയത്വം അനിവാര്യമാവും. സാധാരണ രോഗങ്ങള്‍ വന്നാല്‍പ്പോലും പെട്ടെന്ന് മാറുകയില്ല. സുഖഭോഗങ്ങള്‍ക്ക് ഭംഗമുണ്ടാവും. ഒപ്പമുള്ളവർ തന്നെ വിമർശിച്ചെന്നുവരാം. കുടുംബബജറ്റ് കൈപ്പിടിയില്‍ ഒതുങ്ങിയേക്കില്ല. ബിസിനസ് യാത്രകള്‍ നിരന്തരമാവും. കായികാധ്വാനമുള്ള ജോലികളില്‍ നിന്നും നേട്ടങ്ങള്‍ വരാം. കമ്മിഷൻ വ്യാപാരം പുഷ്ടിപ്പെടുന്നതാണ്. ദിവസവേതനക്കാർക്ക് എന്നും ജോലി ലഭിക്കും. കരാറുകളിലൂടെ സാമ്പത്തികം പ്രതീക്ഷിക്കാം. പാരമ്പര്യചികിത്സകള്‍ ഫലവത്താകുന്നതാണ്. വിദേശത്ത് കഴിയുന്നവരുടെ വിസാപ്രശ്‌നങ്ങള്‍ വർഷമധ്യത്തില്‍ പരിഹൃതമാവും.
ജ്യോതിഷാചാര്യൻ
പാല്‍ക്കുളങ്ങര എസ് ഗണപതി പോറ്റി

