Dailyhunt
വിഷുഫലം 2026: ചോതി

വിഷുഫലം 2026: ചോതി

Keralasabdam 1 week ago

കൊല്ലവർഷം 1201-1202 ലെ വിഷുഫലം വളരെയധികം മാറ്റങ്ങള്‍ കൊണ്ടുവരുന്ന സമയം ആണ്. കഴിഞ്ഞവർഷം വിലയിരുത്തിയപോലെ പ്രവാസജീവിതത്തിന് അത്ര അഭിഗമ്യമായ വർഷം ആയിരുന്നില്ല ഈ കഴിഞ്ഞുപോയത്.

മാത്രമല്ല ഈ വർഷം പകുതിവരെ ആ അവസ്ഥതന്നെ തുടരുന്നതിന് സാധ്യതയുമുണ്ട്. ധനകാര്യരംഗത്ത് വെട്ടിച്ചുരുക്കലുകള്‍ അത്യാവശ്യമായി വേണ്ടി വന്നേക്കാം. വേഗത്തിലുള്ള മാറ്റങ്ങള്‍ എല്ലാരംഗത്തും ദൃശ്യമാകും. ദീർഘകാലമായി വിവാഹം മുടങ്ങിക്കിടക്കുന്ന രാശിക്കാർക്ക് ഈ വർഷം മാംഗല്യയോഗം കാണുന്നു. ആത്മീയ-സാംസ്‌കാരിക രംഗത്ത് വലിയ ഉണർവ്വ് പ്രതീക്ഷിക്കുന്നു. രാജനൈതികരംഗത്തും ആരോഗ്യമേഖലയിലും പ്രവർത്തിക്കുന്നവർക്ക് മികച്ച നേട്ടങ്ങള്‍ ഉണ്ടാകും. ബിസിനസ് രംഗത്ത് മികച്ച നേട്ടം ഉണ്ടാകും. ഐ.ടി. രംഗത്തും, വിദ്യാഭ്യാസരംഗത്തും വലിയ പരിവർത്തനങ്ങള്‍ വന്നുചേരും, വീട് നിർമ്മാണം ആരംഭിക്കുന്നതിന് അനുയോജ്യമായ വർഷമാണ്. വർഷം പകുതിയോടെ പുതിയ മഹാമാരികളും, കാലാവസ്ഥാ വ്യതിയാനങ്ങളും ദോഷകരമായി ഭവിച്ചേക്കാം. തീർത്ഥയാത്രകളും പുതിയ ക്ഷേത്രനിർമ്മാണങ്ങളും രാജ്യത്തുടനീളം വർദ്ധിക്കും. വർഷാന്ത്യം പൊതുവേ ശുഭകരമായിരിക്കും.

ചോതി

ഈ വർഷം ചോതി നാളുകാർക്ക് സമുജ്ജ്വലമാണ്. എന്നാല്‍ വിഷുഫലം പ്രതികൂലമാണുതാനും. ആകയാല്‍ ഈയ്യാണ്ട് സമ്മിശ്രമായ ഫലങ്ങള്‍ അനുഭവിക്കുന്നതാണ്. തൊഴില്‍രഹിതർക്ക് വരുമാനമാർഗ്ഗം തുറന്നുകിട്ടുന്നതായിരിക്കും. പൂട്ടിയ സ്ഥാപനം അറ്റകുറ്റപ്പണി നടത്തി വീണ്ടും തുടങ്ങുന്നതിന് സാധിക്കും. തുടർവിദ്യാഭ്യാസം ആശയ്‌ക്കൊത്തവിധം നടക്കും. ബന്ധുവിരോധം പരിഹൃതമാവും. പിതൃ-പുത്രബന്ധം കൂടുതല്‍ ദൃഢമാവുന്നതാണ്. അവിവാഹിതർക്ക് മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിച്ചേക്കും. ചിട്ടി, ഇൻഷ്വറൻസ്, മുൻ കുടിശ്ശിക, നറുക്കെടുപ്പ് ഇവയിലൂടെ ധനാഗമം പ്രതീക്ഷിക്കാം. ജന്മനാട്ടിലെ വീട് പുതുക്കാനും ഇടയ്ക്കിടെ പോയി തങ്ങാനും കഴിയുന്നതാണ്. ഉദ്യോഗസ്ഥർക്ക് അധിക ചുമതലകള്‍ വന്നെത്തും. അർഹമായ വേതനം ലഭിക്കുന്നതാണ്.

ജ്യോതിഷാചാര്യൻ
പാല്‍ക്കുളങ്ങര എസ് ഗണപതി പോറ്റി

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam