ടെഹ്‌റാൻ: അമേരിക്കയുമായുള്ള യുദ്ധത്തിന് വിരാമമിട്ട് സമാധാന ധാരണ തുടരാൻ തയ്യാറാണെന്ന സൂചന നല്‍കി ഇറാൻ. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ജാസിം അല്‍താനിയുടെ ടെഹ്‌റാൻ സന്ദർശനത്തിനിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ ഒപ്പുവച്ച കരാറിന്റെ വ്യവസ്ഥകള്‍ തുടരണമെന്നാണ് ഇറാന്റെ നിലപാട്. എന്നാല്‍, അമേരിക്കയുമായുള്ള ചർച്ചകള്‍ ഉടൻ പുനരാരംഭിക്കുന്നതില്‍ തിടുക്കമില്ലെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിനിടെ നയതന്ത്ര നീക്കങ്ങള്‍ക്ക് വീണ്ടും സാധ്യത തെളിഞ്ഞു.
ഖത്തർ പ്രധാനമന്ത്രിയും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചിയും തമ്മിലുള്ള കൂടിക്കാഴ്ചയിലും സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള വഴികള്‍ ചർച്ചയായി. അമേരിക്കയുമായി ചർച്ച നടത്താൻ ഇറാൻ മുന്നോട്ടുവയ്ക്കുന്ന നിബന്ധനകളും ഇരുവരും പരിശോധിച്ചു.
ഹോർമൂസില്‍ നിർണായക നീക്കം
ഹോർമൂസ് കടലിടുക്കില്‍ താല്‍ക്കാലിക കപ്പല്‍പാത തുറക്കുന്നതും കടലില്‍ സ്ഥാപിച്ച മൈനുകള്‍ നീക്കം ചെയ്യുന്നതും സംബന്ധിച്ച് ഒമാനുമായി സഹകരിച്ചുള്ള നീക്കങ്ങളും ചർച്ചയായി. അതേസമയം, ഹോർമൂസ് വഴി തെക്കൻ തീരത്തേക്കുള്ള കപ്പല്‍ സർവീസ് അമേരിക്കയുമായി സഹകരിച്ച് നടത്താനുള്ള നീക്കത്തില്‍നിന്ന് ഒമാൻ പിന്മാറിയതായി ഇറാൻ അറിയിച്ചു.
അടുത്തിടെ ഹോർമൂസ് കടലിടുക്കില്‍ ഇന്ത്യയുടേത് ഉള്‍പ്പെടെ രണ്ട് കപ്പലുകള്‍ ആക്രമിക്കപ്പെട്ടത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ലോകത്തെ പ്രധാന എണ്ണ ഗതാഗത പാതകളിലൊന്നായ ഹോർമൂസിലെ സുരക്ഷാ സാഹചര്യം രാജ്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.
ആണവ നിലയങ്ങള്‍; തെളിവില്ലെന്ന് ഐ.എ.ഇ.എ
അമേരിക്കൻ ആക്രമണത്തില്‍ തകർന്ന ഇറാന്റെ ആണവ നിലയങ്ങള്‍ പുനർനിർമിക്കുന്നതായി നിലവില്‍ തെളിവുകളൊന്നുമില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി മേധാവി റഫേല്‍ ഗ്രോസി പറഞ്ഞു.
ഇതിനിടെ, ടെഹ്‌റാനില്‍ നടന്ന ഇസ്ലാമിക ഐക്യ സമ്മേളനത്തില്‍ ഇസ്ലാമിക രാജ്യങ്ങള്‍ മേഖലയുടെ സുരക്ഷയ്ക്കായി ഒന്നിക്കണമെന്ന് പ്രസിഡന്റ് പെസഷ്കിയാൻ ആവശ്യപ്പെട്ടു. സാമ്പത്തിക, സാംസ്കാരിക സഹകരണം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തെയും യുദ്ധത്തെയും നേരിടാൻ ഇറാൻ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പാർലമെന്റ് സ്പീക്കർ എം.ബി. ഗാലിബാഫും വ്യക്തമാക്കി.

