കണ്ണൂർ: വീട്ടിലെ ശുചിമുറിയില്‍ കുളിക്കുന്നതിനിടെ യുവതിയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തിയെന്ന പരാതിയില്‍ എസ്‌എഫ്‌ഐ നേതാവ് കെ.
നവനീതിനെതിരെ പൊലീസ് നിസാര വകുപ്പുകള്‍ ചുമത്തി കേസ് എടുത്തതായി ആരോപണം. ശ്രീകണ്ഠാപുരം പൊലീസിനെതിരെയാണ് യുവതിയും കുടുംബവും ആരോപണം ഉന്നയിച്ചിരിക്കുന്നത്. കേസ് എടുത്തതിന് പിന്നാലെ പ്രതിയെ ജാമ്യത്തില്‍ വിട്ടതായും പരാതിയുണ്ട്.
ഓഗസ്റ്റ് 20നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പരാതി. യുവതി വീട്ടില്‍ കുളിക്കുന്നതിനിടെ ശുചിമുറിയുടെ വിടവിലൂടെ മൊബൈല്‍ ഫോണ്‍ കടത്തിവച്ച് ദൃശ്യങ്ങള്‍ പകർത്താൻ ശ്രമിച്ചെന്നാണ് ആരോപണം. വെളിച്ചക്കുറവിനെ തുടർന്ന് മൊബൈല്‍ ഫോണിന്റെ ഫ്ലാഷ് പ്രവർത്തിച്ചതോടെയാണ് യുവതി ഫോണ്‍ ശ്രദ്ധയില്‍പ്പെട്ടതെന്നും തുടർന്ന് ബഹളം വച്ചതെന്നും പരാതിയില്‍ പറയുന്നു.
സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ നവനീത് മൊബൈല്‍ ഫോണില്‍നിന്ന് ദൃശ്യങ്ങള്‍ നീക്കം ചെയ്തതായും യുവതി ആരോപിക്കുന്നു. ഫോണ്‍ പരിശോധിച്ചപ്പോള്‍ മറ്റ് സ്ത്രീകളുടെ നഗ്നദൃശ്യങ്ങളും ഉണ്ടായിരുന്നതായി ആരോപണമുണ്ട്.
സംഭവത്തില്‍ കുടുംബം ശ്രീകണ്ഠാപുരം പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് ഗൗരവമായി ഇടപെട്ടില്ലെന്നാണ് യുവതിയുടെ ആരോപണം. കേസില്‍ നിസാര വകുപ്പുകള്‍ മാത്രമാണ് ചുമത്തിയതെന്നും പ്രതിയെ ഉടൻ ജാമ്യത്തില്‍ വിട്ടെന്നും പരാതിയില്‍ പറയുന്നു.
തുടർന്ന് യുവതി സംസ്ഥാന ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി. മന്ത്രിയുടെ ഓഫിസില്‍ ലഭിച്ച പരാതി തുടർനടപടികള്‍ക്കായി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുമെന്നാണ് വിവരം.

