തിരുവനന്തപുരം: (KVARTHA) നാലുവർഷ ബിരുദ പഠനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ കോളജ് പരീക്ഷകളുടെ ചോദ്യഘടനയില്‍ മാറ്റംവരുത്തുന്നു.
വിദ്യാർഥികളുടെ അക്കാദമിക പരിജ്ഞാനവും പ്രായോഗികശേഷിയും ഉറപ്പാക്കുന്ന തരത്തില്‍ ചോദ്യഘടന ഉടച്ചുവാർക്കാനാണ് നിർദേശം.
ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗീകാരം
ഇത് ഉള്‍പ്പെടെയുള്ള വിദഗ്ധസമിതി റിപ്പോർട്ട് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗീകരിച്ചു. ചോദ്യങ്ങളുടെ നിലവാരം പരിശോധിക്കാൻ സർവകലാശാലാ തലത്തില്‍ പ്രത്യേക സമിതികളും പ്രവർത്തിക്കും. പരീക്ഷകള്‍ക്കുള്ള ചോദ്യങ്ങള്‍ മുഖ്യമായും മൂന്നു തരത്തിലായിരിക്കും ക്രമീകരിക്കുക. കാണാപ്പാഠം പഠിക്കുന്നതിന് പകരം വിദ്യാർഥികളുടെ വിവിധ ശേഷികള്‍ അളക്കുന്ന രീതിയിലായിരിക്കും പുതിയ ഘടന.
ലാബ് പരീക്ഷകളിലും സിലബസിലും മാറ്റം
കോളജ് സിലബസിന്റെ 20 ശതമാനം അധ്യാപകർക്ക് നേരിട്ട് രൂപകല്‍പ്പന ചെയ്യാം. ലാബ് പരീക്ഷകളുടെ മേല്‍നോട്ടത്തിനും മൂല്യനിർണയത്തിനും കോളജിനു പുറത്തുള്ള അധ്യാപകരെ നിയോഗിക്കുന്ന പഴയ രീതി പുനഃസ്ഥാപിക്കും. ആവശ്യമെങ്കില്‍ വിരമിച്ച അധ്യാപകരുടെ സേവനവും ഇതിനായി തേടും.
നാലാം വർഷ പഠനത്തിനുള്ള നിർദേശങ്ങള്‍
നാലാംവർഷം ഓണേഴ്സ് ഗവേഷണ പഠനം ഉറപ്പാക്കാൻ കൗണ്‍സില്‍ കർശന നിർദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. എല്ലാ പഠന വകുപ്പുകളിലും അംഗീകൃത സർവകലാശാലകളില്‍ നിന്നും ഗവേഷണ ബിരുദം (പിഎച്ച്.ഡി.) നേടിയ രണ്ട് അധ്യാപകരുടെ സേവനമെങ്കിലും ഉറപ്പാക്കണം. നാലാംവർഷത്തെ പഠനത്തിനായി കോളജുകളില്‍ ക്ലാസ് മുറികള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാൻ സർവകലാശാലകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ വിദ്യാർഥികള്‍ക്ക് ലഭിക്കുന്ന സ്കോളർഷിപ്പ് അടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും നാലാം വർഷത്തേക്കുകൂടി വ്യാപിപ്പിക്കും.
പുതിയ വാർത്തകള്‍ അറിയാൻ ഞങ്ങളുടെ വാട്സ്‌ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായം ഞങ്ങളുടെ ഫേസ്ബുക്ക് പേജില്‍ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്താനും മറക്കരുത്. കൂടുതല്‍ വാർത്തകള്‍ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: Kerala Higher Education Council approves new UG exam structure and rules.

