Dailyhunt
ദോഷ ജാതകമെന്ന ജ്യോല്‍സ്യന്റെ വാക്കുകേട്ട് 5വയസുകാരനെ പിതാവ് തീകൊളുത്തി കൊന്നു

ദോഷ ജാതകമെന്ന ജ്യോല്‍സ്യന്റെ വാക്കുകേട്ട് 5വയസുകാരനെ പിതാവ് തീകൊളുത്തി കൊന്നു

ചെന്നൈ: ( 04.03.2021) തമിഴ്‌നാട് തഞ്ചാവൂരില്‍ ദോഷ ജാതകമെന്ന ജ്യോല്‍സ്യന്റെ വാക്കുകേട്ട് 5വയസുകാരനെ അച്ഛന്‍ തീകൊളുത്തി കൊന്നു. തഞ്ചാവൂര്‍ ജില്ലയിലെ തിരുവാരൂര്‍ നന്നിലം സ്വദേശി സായ് ശരണ്‍ ആണ് ക്രൂരമായി കൊല്ലപ്പെട്ടത്.


കുടുംബത്തിലെ ദാരിദ്രത്തിനു കാരണം മൂത്തമകന്‍ സായ്ശരണിന്റെ ജാതകമാണെന്ന് അടുത്തിടെ ജ്യോല്‍സ്യന്‍ കവടി നിരത്തി പ്രവചിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇയാള്‍ പലപ്പോഴായി മകനെ ഉപദ്രവിച്ചു. അതേ ചൊല്ലി ഭാര്യ ഗായത്രിയും രാംകിയും തമ്മില്‍ കലഹം പതിവായിരുന്നു. അഞ്ചുദിവസം മുമ്ബ് പതിവുപോലെ മകന്റെ ജാതകത്തെ ചൊല്ലി വഴക്കുണ്ടായി. അരിശം മൂത്തു രാംകി വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണയെടുത്തു മകന്റെ ദേഹത്തൊഴിച്ചു തീകൊളുത്തി.

ഗുരുതരമായി പൊള്ളലേറ്റ സായ് ശരണിനെ ഗായത്രിയും അയല്‍ക്കാരും ചേര്‍ന്ന് തഞ്ചാവൂര്‍ ഗവ. മെഡികല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 90 ശതമാനം പൊള്ളലേറ്റ കുട്ടി തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ മരണത്തിന് കീഴടങ്ങി.

അറസ്റ്റിലായ രാംകിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മന്നാര്‍ഗുഡി ജയിലിലടച്ചു. ജ്യോല്‍സ്യനു വേണ്ടി തിരച്ചില്‍ തുടങ്ങി. തഞ്ചാവൂര്‍ തിരുവാരൂര്‍ നന്നിലം സ്വദേശി രാംകി ജ്യോല്‍സ്യന്റെ വാക്കനുസരിച്ചായിരുന്നു ജീവിച്ചിരുന്നത്.


Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: kvartha