ന്യൂഡെല്‍ഹി: ( 25.09.2021) ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളെ ഒ ബി സി വിഭാഗത്തില്‍ ഉള്‍പെടുത്താന്‍ കേന്ദ്ര സര്‍കാര്‍ നടപടികള്‍ തുടങ്ങി.
ഇതോടെ സര്‍കാര്‍ ജോലിയിലും വിദ്യാഭ്യാസത്തിനുമുള്ള 27 ശതമാനം സംവരണത്തില്‍ ഉള്‍പെടാന്‍ ഇവര്‍ക്ക് അവസരമൊരുങ്ങും. സാമൂഹികനീതി മന്ത്രാലയം ഇതിനായി കാബിനെറ്റ് കുറിപ്പ് തയാറാക്കി. നിരവധി മന്ത്രാലയങ്ങളുമായും ദേശീയ പിന്നാക്കവിഭാഗ കമീഷനുമായും വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കാബിനെറ്റ് നോട് തയാറാക്കിയത്.
ട്രാന്‍സ് ജെന്‍ഡേഴ്‌സിന് സാമൂഹ്യ വിദ്യാഭ്യാസ പരിഗണന നല്‍കണമെന്ന് സാമൂഹ്യ ക്ഷേമ മന്ത്രാലയം സര്‍കാരിനോട് ആവശ്യപ്പെട്ടിരുന്നു. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ടവരെ ഒരു ലിംഗവിഭാഗമായി കണക്കാക്കണമെന്നും അവരെ 'സാമൂഹികമായും സാമ്ബത്തികമായും പിന്നോക്കം നില്‍ക്കുന്നവര്‍' ആയി പരിഗണിക്കണമെന്നും സുപ്രീംകോടതിയും നിര്‍ദേശിച്ചിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതു നിയമനങ്ങളിലും സംവരണ ആനുകൂല്യങ്ങള്‍ നല്‍കണമെന്നും വിധിയില്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളെ ഒ ബി സി വിഭാഗത്തില്‍ ഉള്‍പെടുത്താന്‍ തീരുമാനിച്ചത്.
സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം ഒരു വര്‍ഷം നീണ്ടുനിന്ന പ്രീ-ലെജിസ്ലേറ്റീവ് നടപടികള്‍ക്ക് പിന്നാലെയാണ് ഇത്തരം ഒരു ശുപാര്‍ശ കേന്ദ്രത്തിന് മുന്നില്‍ വച്ചത്. വിവിധ മന്ത്രാലയങ്ങള്‍, ദേശീയ പിന്നാക്ക ജാതി കമീഷന്‍ എന്നിവയുമായുള്‍പെടെ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് നിര്‍ദേശം.
ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളെ ഉള്‍പെടുത്തുന്നതിനായി ഒ ബി സി പട്ടികയില്‍ ഭേദഗതി വരുത്താനാണ് ക്യാബിനെറ്റ് തീരുമാനം. ഇതിന് പുറമേ 25 പിന്നാക്ക വിഭാഗങ്ങള്‍ കൂടി കേന്ദ്ര ഒ ബി സി പട്ടികയില്‍ ഉള്‍പെടാനായി കാത്തിരിക്കുന്നുണ്ട്. ഏതെങ്കിലും വിഭാഗത്തെ പട്ടികയില്‍ ഉള്‍പെടുത്താന്‍ രാഷ്ട്രപതിയുടെ ഉത്തരവില്‍ ഭേദഗതി വരുത്തണം. ഇതിന് പാര്‍ലമെന്റിന്റെ അംഗീകാരം വേണം. പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ച ശേഷം കേന്ദ്രസര്‍കാര്‍ രാഷ്ട്രപതിയുടെ ഉത്തരവ് ഭേദഗതി ചെയ്യാനുള്ള നടപടി സ്വീകരിക്കും.
ഒ ബി സി പട്ടികയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് പഠിക്കുന്ന ജസ്റ്റിസ് ജി രോഹിണി കമിഷന്റെ ശുപാര്‍ശകളും പരിഗണിക്കും. 2022 മാര്‍ചില്‍ ഉത്തര്‍പ്രദേശ്, പഞ്ചാബ് തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഒ ബി സി ലിസ്റ്റ് പുതുക്കാന്‍ സാധ്യതയുള്ളുവെന്നാണ് റിപോര്‍ട്.

