Monday, 19 Jun, 5.37 am കെ വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്‌
ഇന്ത്യയിലെ വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ടപ്പ് സംഘത്തിന് സിലിക്കണ്‍ വാലിയില്‍ ഫെയ്സ്ബുക്കിന്റെ ആതിഥ്യം

കൊച്ചി: ( 19.06.2017) ആറ് സംസ്ഥാനങ്ങളില്‍നിന്നായുള്ള 31 വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ സിലിക്കണ്‍ വാലിയില്‍ ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനം തുടങ്ങി. സ്റ്റാര്‍ട്ടപ്പ് വില്ലേജ് കലക്റ്റീവ് (എസ് വി കോ) ഫെയ്സ്ബുക്കുമായി സഹകരിച്ച്‌ സംഘടിപ്പിക്കുന്ന സ്റ്റാര്‍ട്ട് ഇന്‍ കോളജ് (#StartInCollege) പദ്ധതിയുടെ ഭാഗമായാണ് സന്ദര്‍ശനം.

എസ് വി കോയുടെ ഡിജിറ്റല്‍ പഠന പ്ലാറ്റ്ഫോമില്‍ ചേര്‍ന്നശേഷം സ്റ്റാര്‍ട്ടപ്പ് ഉത്പ്പന്നങ്ങള്‍ വികസിപ്പിച്ചെടുത്ത വിവിധ എന്‍ജിനീയറിംഗ് കോളജുകളിലെ വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശത്തിനിടെ തങ്ങളുടെ പ്രോട്ടോടൈപ്പുകള്‍ പ്രദര്‍ശിപ്പിക്കും. ഉത്പന്ന വികസനം, വിവിധ കഴിവുകള്‍ തുടങ്ങിയവ പഠിക്കുകയും സിലിക്കണ്‍ വാലിയിലെ ആഗോള നിലവാരത്തിലെ സ്റ്റാര്‍ട്ടപ്പ് പരിസ്ഥിതിയുമായി പരിചയപ്പെടുകയും ചെയ്യും.

ആദ്യമായി സ്റ്റാര്‍ട്ടപ്പ് സംരംഭകരാകുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള എസ്വി കോയുടെ സ്റ്റാര്‍ട്ടപ്പ് പദ്ധതിക്ക് വിദ്യാര്‍ത്ഥികളുടെ അതത് സംസ്ഥാനങ്ങളുടെ പിന്തുണയും ഉണ്ട്. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം, ഇന്ത്യയിലെ അമേരിക്കന്‍ എംബസി എന്നിവയുടെ പിന്തുണയോടുകൂടിയാണ് പദ്ധതി. പേറ്റിഎം, ഫ്രഷ്വര്‍ക്ക്സ് എന്നീ സ്റ്റാര്‍ട്ടപ്പ് വ്യവസായ മുന്‍നിര കമ്ബനികളും പങ്കാളികള്‍ എന്ന നിലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും മാര്‍ഗനിര്‍ദേശവും നല്‍കുന്നുണ്ട്.

സിലിക്കണ്‍ വാലി സന്ദര്‍ശിക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഇന്ത്യയില്‍നിന്നുള്ള വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ടപ്പ് സംഘത്തെ മെന്‍ലോ പാര്‍ക്കിലെ സിറ്റി കൗണ്‍സില്‍ സ്വാഗതം ചെയ്യും. മെന്‍ലോ കോളജിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് താമസം ഒരുക്കിയിരിക്കുന്നത്. ജൂണ്‍ 20ന് സംഘം മെന്‍ലോ പാര്‍ക്കിലെ ഫെയ്സ്ബുക്ക് ആസ്ഥാനം സന്ദര്‍ശിക്കും. അവരുടെ ആശയങ്ങള്‍ അവതരിപ്പിക്കാനും സോഷ്യല്‍ മീഡിയ രംഗത്തെ അതികായരായ ഫെയ്സ്ബുക്കിലെ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ തേടാനും അവസരമുണ്ടാകും.

ജൂണ്‍ 24 വരെ ഒരാഴ്ച്ചയ്ക്കിടെ വിദ്യാര്‍ഥികള്‍ ഗൂഗ്ള്‍, ഇന്റെല്‍, സിലിക്കണ്‍ വാലി ബാങ്ക്, ഫ്രെഷ്വര്‍ക്ക്സ്, സെന്‍ഡസ്ക്, ബൂട്ടപ്പ് വെന്‍ചേഴ്സ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഓഫിസുകള്‍ സന്ദര്‍ശിക്കുകയും നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റി, ഗൂഗ്ള്‍ ലോഞ്ച്പാഡ് എന്നിവിടങ്ങളില്‍ സ്റ്റാര്‍ട്ടപ്പ് ശില്‍പ്പശാലകളില്‍ പങ്കെടുക്കുകയും ചെയ്യും. പ്രമുഖ സംരംഭകനും വെന്‍ചര്‍ ക്യപിറ്റലിസ്റ്റുമായ രാജീവ് മാധവന്‍ കോടികള്‍ വിലമതിക്കുന്ന രണ്ട് ടെക്നോളജി ഗ്രൂപ്പുകള്‍ നിര്‍മിക്കുന്നതില്‍നിന്ന് തനിക്ക് ലഭിച്ച ഉള്‍ക്കാഴ്ച്ചകള്‍ വിദ്യാര്‍ഥികളുമായി പങ്കുവയ്ക്കും.

ഇന്ത്യയില്‍ ലോകനിലവാരത്തിലുള്ള സ്റ്റാര്‍ട്ടപ്പ് പരിസ്ഥിതി സൃഷ്ടിക്കുന്നതില്‍ വിദ്യാര്‍ത്ഥി സമൂഹത്തിനു പ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്നാണ് ഫെയ്സ്ബുക്കില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിശ്വാസമെന്ന് ഫെയ്സ്ബുക്ക് ഇന്ത്യ പ്ലാറ്റ്ഫോം പാര്‍ട്ണര്‍ഷിപ്പിലെ സത്യജിത് സിംഗ് അഭിപ്രായപ്പെട്ടു. കാമ്ബസുകളില്‍ അര്‍ത്ഥവത്തായ പദ്ധതികള്‍ ആരംഭിക്കാന്‍ കഴിയുംവിധം വിദ്യാര്‍ത്ഥികളില്‍ ലക്ഷ്യബോധമുണ്ടാക്കുന്ന സ്റ്റാര്‍ട്ട്‌ഇന്‍ കോളേജ് പദ്ധതിയെ പിന്തുണക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള അന്താരാഷ്ട്ര പദ്ധതിയുടെ ഭാഗമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്യുഎം) 19 വിദ്യാര്‍ഥികളെ സ്പോണ്‍സര്‍ ചെയ്യുന്നുണ്ട്. ലക്ഷ്യത്തിലെന്നപോലെ അന്താരഷ്ട്ര നിലവാരത്തിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം ഇന്ത്യയില്‍ സ്ഥാപിക്കണമെങ്കില്‍ ഇവിടെയുള്ള സംരംഭകര്‍ക്ക് ഏറ്റവും മികച്ച പ്രവര്‍ത്തനശൈലികളുമായി പരിചയം ഉണ്ടായിരിക്കണമെന്ന് കെഎസ്യുഎം സിഇഒ ഡോ സജി ഗോപിനാഥ് പറഞ്ഞു. കോളെജില്‍ പഠിക്കുന്ന കാലത്തുതന്നെ അത്തരം ഒരു പരിചയം മികച്ച സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ക്ക് നല്‍കുന്നത് ലക്ഷ്യമിട്ടുള്ളതാണ് കെഎസ്യുഎമ്മിന്റെ അന്താരാഷ്ട്ര പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റാര്‍ട്ടപ്പ് വില്ലേജ് കളക്റ്റീവ് (എസ്വി.കോ) വിദ്യാര്‍ഥികള്‍ക്ക് സ്റ്റാര്‍ട്ടപ്പ് പ്രൊഫെഷണലുകള്‍ ആകാനും അവരുടെ കഴിവുകള്‍ ജീവിതത്തിലുടനീളം പരമാവധി ഉപയോഗപ്പെടുത്താനും ലക്ഷ്യമിട്ടുള്ള നൂതന ഡിജിറ്റല്‍ പഠന പ്ലാറ്റ്ഫോമാണ്. യഥാര്‍ഥ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനും കോളെജില്‍ പഠിക്കുമ്ബോള്‍തന്നെ സംരംഭകത്വത്തിന്റെ പാതയില്‍ സഞ്ചരിക്കാനും വിദ്യാര്‍ഥികളെ സഹായിക്കുന്നതാണ് അതിന്റെ ശൈലി. ഈ പഠനാനുഭവം സ്റ്റാര്‍ട്ടപ്പ് വ്യവസായത്തിന് അനുയോജ്യമായ എന്‍ജിനീയറിംഗ് കഴിവുകളും അനുഭവവും നല്‍കും. ഇത് പിന്നീട് ഇവര്‍ക്ക് സ്റ്റാര്‍ട്ടപ്പ് സംരഭകരോ സ്റ്റാര്‍ട്ടപ്പ് പ്രൊഫെഷണലുകളോ ആകാന്‍ സാഹായകമാകും.

ജീവിതത്തില്‍ വളരെ നേരത്തെതന്നെ ലോകനിലവാരത്തിലെ ആഗോള പരിചയം വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതിനായാണ് സിലിക്കണ്‍ വാലി സന്ദര്‍ശനമെന്ന് എസ്വി.കോ ചെയര്‍മാന്‍ സഞ്ജയ് വിജയകുമാര്‍ പറഞ്ഞു. സിലിക്കണ്‍ വാലിയിലെ സ്റ്റാര്‍ട്ടപ്പ് സംസ്കാരത്തില്‍ മുഴുകുമ്ബോള്‍ അവര്‍ക്ക് വലിയ വലിയ സ്വപ്നങ്ങള്‍ കാണാനുള്ള കഴിവും പ്രചോദനവും ലഭിക്കുകയും കൂടുതല്‍ ആത്മവിശ്വാസമുള്ളവരായി മാറുകയും ചെയ്യും. ഇത് വലിയ സ്വപ്നങ്ങളുടെ തുടക്കം മാത്രമാണ്. അടുത്ത ലക്ഷ്യം 300 വിദ്യാര്‍ഥികളെ കൊണ്ടുപോകുകയാണ്. അതുവഴി ഇന്ത്യയിലുടനീളമുള്ള കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ ദാതാക്കളാകാനും രാജ്യത്തിന്റെ വളര്‍ച്ചയില്‍ പങ്കുവഹിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സഞ്ജയ് കൂട്ടിച്ചേര്‍ത്തു.

എസ്വി.കോയുടെ അടുത്ത പ്രവേശനം ജൂലൈയില്‍ ആരംഭിക്കും. രണ്ടാം സീസണായി രാജ്യവ്യാപകമായി #StartInCollege പ്രചാരണവും നടത്തും. മുന്‍പൊരിക്കലും ലഭിച്ചിട്ടാല്ലാത്ത അനുഭവമാണ് സിലിക്കണ്‍ വാലി സന്ദര്‍ശനമെന്ന് മാഡ്ലാബ്സ് സ്ഥാപകനും സി ഇ ഓയുമായ കേരളത്തില്‍ നിന്നുള്ള അജോ ജോണ്‍ പറഞ്ഞു. സിലിക്കണ്‍വാലിയിലെ ആയാസരഹിതവും സൗകര്യപ്രദവുമായ ഓട്ടോമേറ്റഡ് സിസ്റ്റംസ് ഉപയോക്താക്കള്‍ക്ക് വ്യത്യസ്താനുഭവമാണ്. മെന്‍ലോ കോളേജ് വിദ്യാര്‍ത്ഥികള്‍ പോലും വ്യത്യസ്തമായി ചിന്തിക്കുന്നവരാണ്. അവരില്‍നിന്നു പലതും പഠിക്കാനുണ്ടെന്നും അജോ പറഞ്ഞു.

സിലിക്കണ്‍ വാലി സന്ദര്‍ശിക്കുന്നതും വളരെയധികം ബഹുമാനിക്കുന്ന പല വ്യക്തികളെയും കാണുന്നതും ആവേശകരണാണെന്ന് ഐമക്സ് എന്ന സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകനും ആന്ധ്രാ പ്രദേശില്‍നിന്നുള്ള വിദ്യാര്‍ഥിയുമായ കഞ്ചും ഹര്‍ഷ പറഞ്ഞു. പ്രവര്‍ത്തനമികവ് തെളിയിക്കുന്നതിന് ഒരവസരം ഏറെ പ്രതീക്ഷിച്ചിരുന്നു. ലഭിക്കാവുന്നതില്‍ ഏറ്റവും മികച്ച അവസരമാണ് ഇതെന്നും ഹര്‍ഷ കൂട്ടിച്ചേര്‍ത്തു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: kvartha
Top