Tuesday, 19 Nov, 8.33 pm കെ വാര്‍ത്ത

ഗള്‍ഫ്
ഇത്രമാത്രം യാന്ത്രികമായി ജീവിച്ച ഒരു മനുഷ്യനെ കാണാന്‍ പ്രയാസമായിരിക്കും; മുപ്പത്തിയാറു വര്‍ഷത്തെ പ്രവാസത്തിനൊടുവില്‍ ഗംഗോളിയിലെ തമീം ഭായ് നാടണയുന്നു

എസ് അബൂബക്കര്‍ പട്‌ള

( 19.11.2019)
ഗംഗോളി, കര്‍ണ്ണാടകയിലെ ഉടുപ്പി ജില്ലയിലെ കുന്താപുരം താലൂക്കിലെ പ്രകൃതി രമണീയമായ ഒരു ഗ്രാമമാണിത്. അഞ്ച് നദികളുടെ സംഗമ സ്ഥലമായ പഞ്ചഗംഗാവലി നദിയുടെ തീരത്താണ് ഗംഗോളി ഗ്രാമം. അതില്‍ നിന്നുമാണ് ഗ്രാമത്തിന് ഗംഗോളി എന്ന നാമം ലഭിക്കുന്നത്. തുളു, കന്നട, ഉര്‍ദു, കൊങ്കണി, ദഖ്‌നി എന്നിവയാണ് പ്രധാന ഭാഷകള്‍. ഈ ഭാഷകളൊക്കെ തമീം ഭായിക്ക് വശമാണെങ്കിലും ദഖ്‌നിയാണ് അദ്ദേഹത്തിന്റെ വീട്ടില്‍ സംസാരിക്കുന്നത്. നവായത്തി എന്ന ഭട്ക്കല്‍ ഭാഷയോട് സാമ്യതയുള്ള ഒരു ഭാഷയാണ് ദഖ്‌നി. ഗംഗോളിയിലെ പ്രബലമായ ഒരു തറവാട്ടിലെ അംഗമാണ് തമീം ഭായ്. കൂട്ടു കുടുംബ വ്യവസ്ഥിതിയില്‍ താമസിക്കുന്നു. പരസ്പ്പരം സ്‌നേഹത്തോടെയും ഐക്യത്തോടെയും കഴിയുന്ന ഒരു വലിയ കുടുംബം.

ഇത്രമാത്രം യാന്ത്രികമായി ജീവിച്ച ഒരു മനുഷ്യനെ കാണാന്‍ പ്രയാസമായിരിക്കും. താമസസ്ഥലം, ജോലിസ്ഥലം ഈ രണ്ട് സ്ഥലങ്ങള്‍ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലോകം. കായിക പ്രേമിയായിരുന്നു. ക്രികറ്റിനെ ജീവവായുവായി കൊണ്ടു നടന്നു. ഒരു മറയുമില്ലാതെ രാഷ്ട്രീയം പറഞ്ഞു. കര്‍ണ്ണാടക രാഷ്ട്രീയത്തേക്കാള്‍ അദ്ദേഹത്തിന് പഥ്യം കേരള രാഷ്ട്രീയത്തോടായിരുന്നു. കേരളത്തിലെ ഇടത് വലത് രാഷ്ടീയത്തെ ഒരു പോലെ ഇഷ്ടപ്പെട്ടിരുന്നു. കേരളത്തിലെ ഓരോ ലോക്‌സഭ-നിയമസഭാ മണ്ഡലങ്ങളും അദ്ദേഹത്തിന് കാണാപാഠം.

ഇന്നദ്ദേഹം 69 ന്റെ നിറവില്‍ എത്തി നില്‍ക്കുന്നു. വിനയത്തിന്റെ എളിമ നിറഞ്ഞ മുഖം, എല്ലാവരോടും ആദരവ്, എല്ലാവരോടും തികഞ്ഞ സ്‌നേഹം, സത്യമെന്ന് ബോധ്യമായ ചില നിലപാടുകള്‍ മുറുകെ പിടിച്ച ലളിത ജീവിതം, വളരെ ശാന്തമായ പ്രകൃതവും പതിഞ്ഞ സംസാരവും. ഇങ്ങനെ പല മേഖലകളില്‍ വേറിട്ടൊരു വ്യക്തിത്വമാണ് മുഹമ്മദ് തമീം എന്ന ഞങ്ങളുടെ പ്രിയങ്കരനായ തമിം ഭായ്. ചില സ്വകാര്യ ദുഖങ്ങള്‍ ആരുമായും പങ്കുവെക്കാന്‍ ആഗ്രഹിക്കാതെ എല്ലാം സ്വയം ഉള്ളിലൊതുക്കിയൊരാള്‍. ആരോടും പരിഭവമില്ലാതെ ഒരു സാധാരണക്കാരനായി ജീവിക്കാന്‍ ആഗ്രഹിക്കുന്നൊരാള്‍. നീണ്ട ഇരുപത് വര്‍ഷത്തെ പരിചയമാണ് തമീം ഭായിയുമായുള്ളത്.

ഒരു റൂമില്‍ ഒന്നിച്ച്‌ താമസിച്ചും കളിതമാശകള്‍ പറഞ്ഞും കാലങ്ങള്‍ കടന്നു പോകുന്നത് നാമറിയുന്നേയില്ല. പ്രവാസത്തിന്റെ പ്രത്യേകതയാണത്. രാപകലുകള്‍ മിന്നിമറയും, ദിവസങ്ങളും ആഴ്ച്ചകളും മാസങ്ങളും വര്‍ഷങ്ങളും കൊഴിഞ്ഞു പോകുന്നത് നാമറിയുകയേയില്ല. 20 വര്‍ഷത്തിനിടയില്‍ ഒരാളോട് പോലും അദ്ദേഹം പിണങ്ങിയതായോ വഴക്ക് കൂടിയതായോ അറിയില്ല. ആരോടും അതിരുവിട്ട് പെരുമാറിയിട്ടില്ലാത്ത സൗമ്യതയുടെ ആള്‍രൂപം. ഇടപെടലുകളില്‍ അനുഭവ പരിസരങ്ങളില്‍ സുതാര്യതയും സത്യസന്ധതയും കാത്തു സൂക്ഷിക്കുന്നൊരാള്‍. പ്രാഭാത പ്രാര്‍ത്ഥനകളിലെ കൃത്യനിഷ്ഠയും കൂടെ താമസിക്കുന്നവരോടുള്ള നിസ്സീമമായ സഹകരണവും ക്ഷമയും വിലമതിക്കാത്തതാണ്.

ഒരു കാലത്ത് ഗള്‍ഫിലെ വസ്ത്രവ്യാപാര രംഗം അടക്കി ഭരിച്ചിരുന്ന പ്രശസ്തമായ നാമങ്ങളായിരുന്നു ദുബായിലുള്ള അബ്ദുല്ല സണ്‍സ്, ടൂ ടെക്‌സ് മുതലായവ. 15 വര്‍ഷത്തോളം അവിടങ്ങളിലും 21 വര്‍ഷത്തോളം ദുബായിലെ ഒരു ബോറ മുസ്ലിമിന്റെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനത്തിലും അദ്ദേഹം ജോലി ചെയ്തു. തിരിച്ചു നാടണയാന്‍ ഇപ്പോഴും വലിയ ആഗ്രഹമൊന്നുമില്ല. തിരിച്ചു പോകാന്‍ നിര്‍ബന്ധിതമാക്കുന്ന ചില അനിവാര്യ സാഹചര്യങ്ങള്‍, അത് പ്രായമായും ഭരണകൂട നിയമമായും പ്രവാസത്തെ ഒതുക്കി നിര്‍ത്തും. അങ്ങനെയൊരു സാഹചര്യ സമ്മര്‍ദ്ധത്തിലാണ് തമീം ഭായ് തിരിച്ചുപോക്ക് എന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളുന്നത്.

നാട്ടിലെത്തിയാല്‍ എന്താണ് പരിപാടി എന്ന ചോദ്യത്തിന് അദ്ദേഹത്തിന് കൃത്യമായ മറുപടിയുണ്ട്. പെങ്ങളുടെ മക്കളുടെ കടയുണ്ട്, അവിടെ അവരെ സഹായിക്കും. ജീവിത സായാഹ്നത്തിലും അടങ്ങിയൊതുങ്ങി വിശ്രമിക്കുക എന്ന ചിന്തയല്ല അദ്ദേഹത്തെ നയിക്കുന്നത്. മറിച്ച്‌ മരണം വരെ അധ്വാനവും ദൈവഭക്തിയും കൊണ്ട് എങ്ങിനെ ജീവിതം നിറമുള്ളതാക്കാം എന്നാണ്. എന്തിനധികം വിസ റദ്ദ് ചെയ്ത് നാട്ടിലേക്ക് പോകുന്ന അവസാന ദിവസവും ഒരു മടിയുമില്ലാതെ ജോലിക്ക് ഹാജരാകാന്‍ തമീം ഭായ്ക്കല്ലാതെ വേറെ ആര്‍ക്കാണ് കഴിയുക. തമീം ഭായിയുടെ ഇനിയുള്ള ജീവിതം സന്തോഷകരമാകട്ടെ എന്നാശംസിക്കുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: kvartha
Top
// // // // $find_pos = strpos(SERVER_PROTOCOL, "https"); $comUrlSeg = ($find_pos !== false ? "s" : ""); ?>