ജോർജിയ: (KVARTHA) ജോർജിയയില്‍ വിവാഹ സല്‍ക്കാരത്തിന് പിന്നാലെ നവദമ്പതികള്‍ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന് വീണ് ഇരുപത്താറുകാരനായ മലയാളി യുവാവിന് ദാരുണാന്ത്യം.
കേരളത്തില്‍ വേരുകളുള്ള അമേരിക്കൻ മലയാളിയും ഡെല്‍റ്റ എയർലൈൻസിലെ പൈലറ്റുമായ ഡേവ് ഫിജിയാണ് അപകടത്തില്‍ മരിച്ചത്. ഡേവിൻ്റെ ഭാര്യയും നഴ്സുമായ ജെസ്നി പരിക്കുകളോടെ രക്ഷപ്പെട്ടു.
അറ്റ്ലാൻ്റയിലെ ഒരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജെസ്നി ആരോഗ്യനില വീണ്ടെടുത്ത് വരുന്നതായി പ്രാദേശിക മാധ്യമമായ അറ്റ്ലാൻ്റ ന്യൂസ് ഫസ്റ്റ് റിപ്പോർട്ട് ചെയ്തു. അപകടത്തില്‍ ഹെലികോപ്റ്റർ ഓടിച്ച പൈലറ്റും മരണപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിൻ്റെ പേരുവിവരങ്ങള്‍ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
നൊമ്പരമായി വിവാഹ യാത്ര
പത്ത് വർഷത്തോളമായി സുഹൃത്തുക്കളായിരുന്ന ഡേവും ജെസ്നിയും വെള്ളിയാഴ്ച ന്യൂ ടെസ്റ്റമെൻ്റ് ചർച്ചില്‍ വെച്ചാണ് വിവാഹിതരായത്. തുടർന്ന് ഡോസണ്‍വില്ലെയിലുള്ള 'ദി റിവിയർ' എന്ന വേദിയില്‍ നാനൂറോളം അതിഥികളെ പങ്കെടുപ്പിച്ച് വിവാഹ സല്‍ക്കാരം നടത്തി. സല്‍ക്കാരത്തിന് ശേഷം നഗരത്തിലെ ഒരു ഹോട്ടലിലേക്ക് പോകുന്നതിന് മുൻപായി ജോർജിയയിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമായ ഡികാബ്-പീച്ച്‌ട്രീ വിമാനത്താവളത്തിലേക്ക് റോബിൻസണ്‍ ആർ66 ഹെലികോപ്റ്ററില്‍ യാത്ര പുറപ്പെട്ടപ്പോഴാണ് അപകടം സംഭവിച്ചത്.
വിവാഹ വേദിക്ക് സമീപമുള്ള ഡോസണ്‍ കൗണ്ടിയിലെ മൗണ്ട് വെർനോണ്‍ ഡ്രൈവിനോട് ചേർന്നുള്ള വനമേഖലയിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. അപകടം നടന്നതിന് ശേഷം അധികൃതർക്ക് ഹെലികോപ്റ്റർ കണ്ടെത്താൻ ഏറെ സമയം വേണ്ടിവന്നിരുന്നു. പരിക്കുകളേറ്റ ജെസ്നി ആറ് മണിക്കൂറോളമാണ് തകർന്ന ഹെലികോപ്റ്ററിനുള്ളില്‍ കുടുങ്ങിക്കിടന്നതെന്ന് ഡേവിൻ്റെ പിതാവ് ജോർജ് ഫിജി മാധ്യമങ്ങളോട് പ്രതികരിച്ചു.
മുന്നറിയിപ്പ് അവഗണിച്ച് പൈലറ്റ്
'അവള്‍ക്ക് ബോധം വരുമ്പോള്‍ ഡേവ് അവളുടെ നെഞ്ചില്‍ കിടക്കുകയായിരുന്നു. അവൻ്റെ ശരീരത്തില്‍ രക്തമുണ്ടായിരുന്നു, ശരീരം തണുത്തുറഞ്ഞിരുന്നു. അവളൊരു നഴ്സ് ആയതുകൊണ്ട് തന്നെ അവൻ മരണപ്പെട്ടുവെന്ന് അവള്‍ക്ക് മനസ്സിലായി. അവള്‍ മാനസികമായി തകർന്നിരിക്കുകയാണ്' എന്ന് പിതാവ് ജോർജ് ഫിജി പറഞ്ഞു.
യാത്ര പുറപ്പെടുന്നതിന് മുൻപ് തന്നെ മോശം കാലാവസ്ഥയെക്കുറിച്ച് ഡേവിന് ആശങ്കയുണ്ടായിരുന്നു. 'ഡേവ് ഒരു പൈലറ്റ് ആയതുകൊണ്ട് തന്നെ, കാഴ്ചാപരിമിതി പൂജ്യമാണെന്നും ഈ സാഹചര്യത്തില്‍ പറക്കാൻ പാടില്ലെന്നും അവൻ ഹെലികോപ്റ്റർ പൈലറ്റിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കുറച്ചുകൂടി ഉയരത്തില്‍ പറക്കാമെന്ന് പൈലറ്റ് മറുപടി പറയുകയായിരുന്നു' എന്നും പിതാവ് കൂട്ടിച്ചേർത്തു. അപകടകാരണം സംബന്ധിച്ച് നാഷണല്‍ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷണം പുരോഗമിക്കുകയാണ്.
പുതിയ വാർത്തകള്‍ അറിയാൻ ഞങ്ങളുടെ വാട്സ്‌ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: A 26-year-old Indian-origin Delta pilot died in a helicopter crash in Georgia hours after his wedding, while his newlywed wife survived with injuries.

