കണ്ണൂർ: (KVARTHA) കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റിനെ ഇരുട്ടില്‍ നിർത്തി വൈസ് ചാൻസലർ സംഘപരിവാറിനായി ഏകപക്ഷീയമായ ഭരണം നടത്തുകയാണെന്ന് സിൻഡിക്കേറ്റ് അംഗം എൻ സുകന്യ കണ്ണൂർ പ്രസ് ക്ലബ്ബില്‍ വാർത്താ സമ്മേളനത്തില്‍ ആരോപിച്ചു.
കണ്ണൂർ സർവകലാശാലയില്‍ വൈസ് ചാൻസലർ തുടർച്ചയായി ജനാധിപത്യവിരുദ്ധവും ഏകപക്ഷീയവുമായ തീരുമാനങ്ങള്‍ സ്വീകരിക്കുകയാണ്. പുതിയ സിൻഡിക്കേറ്റ് നിലവില്‍ വരാത്ത സാഹചര്യത്തില്‍ പഴയ സിൻഡിക്കേറ്റ് ഇതുവരെ പിരിച്ചുവിട്ടിട്ടില്ല. എന്നാല്‍ ഈ സിൻഡിക്കേറ്റിനെ വിളിച്ചു ചേർത്ത് അറിയിക്കാതെയാണ് വൈസ് ചാൻസലർ പ്രവർത്തിക്കുന്നത്.
നിയമനങ്ങളില്‍ അഴിമതി
ബോർഡ് ഓഫ് സ്‌റ്റഡീസ് ലിസ്റ്റ് ബോധപൂർവം വൈകിപ്പിക്കുകയും ചട്ടങ്ങള്‍ ലംഘിച്ച് മറ്റാരോ തയ്യാറാക്കിയ ലിസ്റ്റിന് ചാൻസലറുടെ അനുമതി വാങ്ങുകയും ചെയ്തിരുന്നു. ഒരു വർഷത്തെ താല്‍ക്കാലിക ഡെപ്യൂട്ടേഷനില്‍ ഫിസിക്കല്‍ എഡ്യുക്കേഷൻ ഡയറക്ടറായി വന്ന സംഘപരിവാർ അനുകൂലിയായ ഡോ എ പ്രവീണിനെ മാളവ്യ മിഷൻ ടീച്ചർ ട്രെയിനിങ് സെൻ്റർ ഡയറക്ടറായി നിയമിച്ചതില്‍ ഗുരുതരമായ അഴിമതിയുണ്ട്. ഫിസിക്കല്‍ എഡ്യുക്കേഷൻ ഡയറക്ടറുടെ ഡെപ്യൂട്ടേഷൻ കാലാവധി മൂന്ന് വർഷമായി നീട്ടിയതിന് പിന്നിലും ദുരൂഹതയുണ്ട്.
ഡോ എ പ്രവീണിനെതിരെ ആരോപണം
നിലവിലെ ഫിസിക്കല്‍ എഡ്യുക്കേഷൻ ഡയറക്ടറായ ഡോ പ്രവീണിനെതിരെ നേരത്തെ ജോലി ചെയ്ത പോണ്ടിച്ചേരി സർവകലാശാലയില്‍ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് വിദ്യാർഥിനികള്‍ ഉള്‍പ്പെടെ നല്‍കിയ നിരവധി പരാതികളും പൊലീസ് കേസുകളും നിലവിലുണ്ട്.
2025-ലെ ഒരു അച്ചടക്ക നടപടിയില്‍ നിന്നും രക്ഷപ്പെട്ടാണ് ഇയാള്‍ കണ്ണൂർ സർവകലാശാലയിലേക്ക് മാറിയതെന്നും എൻ സുകന്യ ആരോപിച്ചു. കളങ്കിതനായ ഈ ഉദ്യോഗസ്ഥനെ കൂട്ടി വൈസ് ചാൻസലർ ഗവർണറെ കാണാൻ പോയത് സംഘപരിവാറിനെ പ്രീണിപ്പിക്കാനാണെന്നും സുകന്യ പറഞ്ഞു. സിൻഡിക്കേറ്റ് അംഗങ്ങളായ പ്രമോദ് വെള്ളച്ചാല്‍, എ അശോകൻ മാസ്റ്റർ എന്നിവരും വാർത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വാട്സാപ്പ് ഗ്രൂപ്പുകളില്‍ ഷെയർ ചെയ്യുക. ഏറ്റവും പുതിയ വാർത്തകള്‍ക്കായി ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങള്‍ താഴെ കമൻ്റായി രേഖപ്പെടുത്താം.
Article Summary: Kannur University Syndicate members have accused the Vice-Chancellor of bypassing the Syndicate to run a unilateral, pro-Sangh Parivar administration.

