Thursday, 13 Aug, 8.23 pm കെ വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്‌
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സി പി എമ്മിന്റെ സൈബര്‍ ആക്രമണം താങ്ങാനാവാതെ ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും പിണറായിയുടെ പൊലീസ് അതിന്റെ സത്യം കണ്ടെത്തുകയും ചെയ്ത കാര്യം വി പി സജീന്ദ്രന്‍ എം എല്‍ എ വെളിപ്പെടുത്തുന്നു

തിരുവനന്തപുരം: ( 13.08.2020) സി പി എമ്മുകാരുടെ സൈബര്‍ ആക്രമണവും അധിക്ഷേപവും വ്യക്തിഹത്യയും ചര്‍ച്ചയാകുമ്ബോള്‍, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സഖാക്കന്‍മാരുടെ സൈബര്‍ ആക്രമണത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചതും കുടുംബം അതില്‍ നിന്ന് കരകയറാന്‍ എടുത്ത പ്രയാസങ്ങളും കോണ്‍ഗ്രസ് എം എല്‍ എ വി പി സജീന്ദ്രന്‍ ഓര്‍മിക്കുന്നു.മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌നാ സുരേഷിന് സ്വാധീനമുണ്ടെന്നും മുഖ്യമന്ത്രിയുമായി പരിചയമുണ്ടെന്നും എന്‍ ഐ എ പറഞ്ഞത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ മുഖ്യമന്ത്രി വിമര്‍ശിച്ചതോടെയാണ് സൈബര്‍ ആക്രമണം ഉണ്ടായത്. അധിക്ഷേപങ്ങള്‍ക്ക് ഇരയായ നിഷ, ഷാനി, കമലേഷ്, പ്രജുല, അജയ് ഘോഷ്, അയ്യപ്പദാസ് എന്നിവരോട് സമൂഹമാധ്യമങ്ങളിലൂടെയാണ് എം എല്‍ എ തന്റെ അനുഭവം പങ്കുവയ്ക്കുന്നത്.

നിങ്ങളുടെ വേദന എനിക്ക് മനസ്സിലാകും . ഇതേ അവസ്ഥയിലൂടെ ഒരിക്കല്‍ ഞാനും എന്റെ കുടുംബവും കടന്നുപോയിട്ടുണ്ട്. ഒരിക്കല്‍ ഞാനും എന്റെ കുടുംബവും അനുഭവിച്ചിട്ടുണ്ട് ആ വേദന. ദിവസങ്ങളോളം രാത്രിയും പകലും എന്നില്ലാതെ കരയുന്ന ഭാര്യ. അമ്മയെ ആശ്വസിപ്പിക്കാന്‍ ബുദ്ധിമുട്ടിയ എന്റെ മക്കള്‍. ഒരു മാധ്യമ പ്രവര്‍ത്തകയായതുകൊണ്ട് മാത്രം വേട്ടയാടപ്പെട്ട സ്ത്രീ. വേട്ടയാടിയ സൈബര്‍ ഗുണ്ടകള്‍ ഒരു കാര്യം മറന്നു. അവള്‍ ഒരു സ്ത്രീയാണെന്ന്, ഭാര്യയാണെന്ന്, അമ്മയാണെന്ന്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്റെ തോല്‍വിയായിരുന്നു അവരുടെ ലക്ഷ്യം. പക്ഷെ എന്റെ കുന്നത്തു നാട്ടുകാര്‍ സൈബര്‍ ഗുണ്ടകളുടെ നുണപ്രചരണം വിശ്വസിച്ചില്ല. പ്രതിസന്ധിയിലും കൂടെ നിന്ന കുന്നത്തുനാട്ടുകാരാണ് എന്റെ കരുത്ത്. ഈ എളിയവന്റെ ഹൃദയത്തില്‍ അവര്‍ അന്ന് തന്ന സ്‌നേഹം എന്നുമുണ്ടാകുമെന്നും എം.എല്‍.എ പറയുന്നു.


കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയം, 2016 മെയ് 8 നാണ് ലേബി സംസാരിച്ചത് എന്ന വ്യാജേന ഒരു ഓഡിയോ ചിലര്‍ പ്രചരിപ്പിച്ചത്. തൊട്ടടുത്ത ദിവസം ഇതിനെതിരെ ലേബി സൈബര്‍ സെല്ലില്‍ പരാതി നല്‍കി. എന്നാല്‍ സൈബര്‍ ആക്രമണത്തില്‍ പതറിപ്പോയ ലേബി തൊട്ട് പിറ്റേന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെന്റിലേറ്റര്‍ സഹായത്തോടെ നിലനിര്‍ത്തിയ ആ ജീവന്‍ എന്റെ മക്കളുടേയും പ്രിയപ്പെട്ടവരുടേയും കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥന കൊണ്ടാണ് ദിവസങ്ങള്‍ക്ക് ശേഷം തിരിച്ചുകിട്ടിയത്. അന്ന് നല്‍കിയ പരാതിയില്‍ സൈബര്‍ സെല്ല് നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ ആ ഓഡിയോ കൃത്രിമമായി നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തി.

അതായത് പിണറായി വിജയന്റെ പൊലീസാണ് ആ ഓഡിയോയുടെ കൃത്രിമത്വം കണ്ടെത്തിയത് എന്ന് മറക്കരുത്! അതിന്റെ രേഖകള്‍ എന്റെ കൈവശമുണ്ട്. ആ ഓഡിയോ അടുത്തിടെ വീണ്ടും ഉപയോഗിച്ചവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഞാന്‍ പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടുമുണ്ട്. പക്ഷെ പിണറായി പൊലീസ് എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയില്ല.

ഇന്നും സൈബര്‍ ഗുണ്ടകള്‍ ഞങ്ങള്‍ക്ക് പിന്നാലെയുണ്ട്. പക്ഷെ വ്യാജപ്രചരണങ്ങളെ പുച്ഛത്തോടെ തള്ളുന്ന പ്രബുദ്ധരായ മലയാളി ജനത സൈബര്‍ ആക്രമണങ്ങളെ വിശ്വസിക്കില്ലെന്നറിയാം. പക്ഷെ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ എന്ത് നെറികെട്ട പ്രവര്‍ത്തനവും നടത്തുന്ന സൈബര്‍ സഖാക്കളേ, നിങ്ങള്‍ക്കും ഒരു കുടുംബമുണ്ടെന്ന് ഓര്‍ക്കണം.

പ്രിയപ്പെട്ടവരായ നിഷ, ഷാനി, കമലേഷ്, പ്രജുല, അജയ് ഘോഷ്, അയ്യപ്പദാസ്... ലേബിയെ അന്ന് വേട്ടയാടിയവര്‍ തന്നെയാണ് ഇന്ന് നിങ്ങളെയും വേട്ടയാടുന്നത്. മറ്റൊരു പേരില്‍ അവര്‍ എത്തിയെന്ന് മാത്രം. നിങ്ങളുടെ വേദന മറ്റാരേക്കാളും എനിക്ക് നന്നായി മനസ്സിലാകും. കാരണം ദിവസങ്ങളോളം ഈ സൈബര്‍ ആക്രമണങ്ങള്‍ക്കും, പലരുടെയും ചോദ്യങ്ങള്‍ക്കും മുന്നില്‍ മറുപടി പറയേണ്ടി വന്നവരാണ് ഞങ്ങള്‍. വിങ്ങുന്ന മനസ്സുമായി കഴിഞ്ഞ എന്റെ ഭാര്യ ലേബിക്ക് ഉറക്കം പോലും നഷ്ടപ്പെട്ട രാത്രികളുണ്ട്. പക്ഷെ അന്ന് ലേബിയെയും എന്റെ കുടുംബത്തെയും ആശ്വസിപ്പിക്കാന്‍ നിങ്ങള്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. നിങ്ങളും അങ്ങനെയുള്ള ദിനരാത്രങ്ങളില്‍ കൂടിയാകും ഇപ്പോള്‍ മുന്നോട്ടു പോകുന്നത്. എന്റെ ഭാര്യയായതുകൊണ്ടു കൂടിയാണ് ലേബി അന്ന് വേട്ടയാടപ്പെട്ടത്. ഇനി ഒരാള്‍ക്കും ഈ ഗതിവരരുതെന്ന് പ്രാര്‍ത്ഥിച്ചവരാണ് ഞങ്ങള്‍.

സിപിഎമ്മിന്റെ തെറ്റിനെ ചൂണ്ടിക്കാണിക്കുന്നവരെയും ചോദ്യം ചെയ്യുന്നവരെയും ആക്രമിക്കുന്ന നടപടിയില്‍ അത്ഭുതമില്ല. 51 വെട്ടുവെട്ടി ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ നിങ്ങള്‍ ഒരു സ്ത്രീയെ വിധവയാക്കി. ഒരുകാലത്ത് ആക്രമണത്തിന് ക്വട്ടേഷന്‍ സംഘങ്ങളെ ചുമതലപ്പെടുത്തിയിരുന്ന മാര്‍ക്‌സിസ്റ്റുകാര്‍ ഇപ്പോള്‍ സൈബര്‍ ഗുണ്ടകളെയാണ് പണി ഏല്‍പിച്ചിരിക്കുന്നത്. കുടുംബങ്ങളെ ലക്ഷ്യമിട്ടും സദാചാര ഗുണ്ടായിസവുമാണ് സിപിഎമ്മിന്റെ പുതിയ രീതി. സൈബര്‍ വേട്ടയാടല്‍ കാരണം തൊഴില്‍ ഉപേക്ഷിക്കേണ്ടി വന്നു എന്റെ ഭാര്യ ലേബിക്ക്. അന്ന് അവള്‍ക്കത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

പ്രിയപ്പെട്ടവരായ നിഷ, ഷാനി, കമലേഷ്, പ്രജുല, അജയ് ഘോഷ്, അയ്യപ്പദാസ്.... (സൈബര്‍ ആക്രമണം നേരിട്ട മറ്റു മാധ്യമപ്രവര്‍ത്തകരുമുണ്ട് - പേര് വിട്ടുപോയവര്‍ ക്ഷമിക്കണം) ഈ ആക്രമണങ്ങളില്‍ നിങ്ങള്‍ തളരരുത്. അധികാര വര്‍ഗത്തിന്റെ ധാര്‍ഷ്ഠ്യത്തിനെതിരെ, അഴിമതിക്കെതിരെ, അക്രമ രാഷ്ട്രീയത്തിനെതിരെ ശക്തമായി പോരാടുക. പിണറായി സര്‍ക്കാരിനോടും സിപിഎമ്മിനോടും ചില ചോദ്യങ്ങള്‍ കൂടി.. സ്ത്രീ സുരക്ഷയും മാധ്യമ സ്വാതന്ത്ര്യവും ഉറപ്പാക്കാന്‍ നിങ്ങള്‍ എന്ത് ചെയ്യും? സ്ത്രീകള്‍ക്കെതിരായ ആക്രമണക്കള്‍ക്കെതിരെ നടപടിയെടുക്കേണ്ട വനിതാ കമ്മിഷന്‍ എവിടെ?Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: kvartha
Top