Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കേരളത്തിൻ്റെ റെയില്‍വേ വികസന സ്വപ്നങ്ങള്‍ക്ക് അന്ത്യം; കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജോണ്‍ ബ്രിട്ടാസ് എംപി

കേരളത്തിൻ്റെ റെയില്‍വേ വികസന സ്വപ്നങ്ങള്‍ക്ക് അന്ത്യം; കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജോണ്‍ ബ്രിട്ടാസ് എംപി

ന്യൂഡല്‍ഹി: (KVARTHA) കേരളത്തിൻ്റെ റെയില്‍വേ വികസന സ്വപ്‌ങ്ങള്‍ക്ക് അന്ത്യം കുറിച്ച്‌ കേന്ദ്ര സർക്കാർ. സംസ്ഥാനത്തിൻ്റെ ചിരകാല സ്വപ്‌നങ്ങളായ പാലക്കാട് കഞ്ചിക്കോട് കോച്ച്‌ ഫാക്‌ടറിയും അതിവേഗ റെയില്‍പ്പാതയും കേന്ദ്രം പൂർണമായും ഉപേക്ഷിച്ചു.

സംസ്ഥാന സർക്കാരിൻ്റെ പിടിപ്പുകേട് മൂലമാണ് കേരളത്തിന് ഇനി വേഗതയേറിയ തീവണ്ടിപ്പാത വേണ്ട എന്ന് തീരുമാനിച്ചതെന്നാണ് പരോക്ഷമായി കേന്ദ്രമന്ത്രി പറയുന്നത്. ജോണ്‍ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കേന്ദ്രമന്ത്രി നല്‍കിയ മറുപടിയുടെ പശ്ചാത്തലത്തിലാണ് സർക്കാരിന്റെയും യുഡിഎഫിന്റെയും നിലപാടുകള്‍ക്കെതിരെ എംപി രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്.

പദ്ധതികള്‍ ഉപേക്ഷിച്ചതിന് കേന്ദ്രത്തിൻ്റെ ന്യായീകരണം

ഇടതുപക്ഷ സർക്കാർ കൊണ്ടുവന്ന അർധ അതിവേഗ പാത യുഡിഎഫ് സർക്കാർ ഉപേക്ഷിച്ചതിനാല്‍ ഇനി അതില്‍ ചർച്ചകളൊന്നും സാധ്യമല്ലെന്നാണ് കേന്ദ്രത്തിൻ്റെ വിശദീകരണം. സില്‍വർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ ഉയർന്ന പശ്ചാത്തലത്തിലാണ് ഈ പരാമർശം. ഇ ശ്രീധരൻ സമർപ്പിച്ച രണ്ടാമത്തെ പദ്ധതിയും കേരള സർക്കാർ വേണ്ടെന്നു വെച്ചതിനാല്‍ അതിലും ചർച്ചകള്‍ക്കൊന്നും പ്രസക്തിയില്ലെന്നുമാണ് കേന്ദ്രത്തിൻ്റെ നിലപാട്. റെയില്‍വേയുടെ മൂന്നും നാലും പാതകളുടെ സർവേകളെക്കുറിച്ചും പഠനങ്ങളെക്കുറിച്ചും മാത്രമാണ് മറുപടിയില്‍ പ്രധാനമായും പറയുന്നത്. വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന എന്നാല്‍ എങ്ങുമെത്തിയിട്ടുമില്ലാത്ത പദ്ധതിയെ കുറിച്ചാണ് കേന്ദ്രം വിശദീകരണം നല്‍കിയത്.

റെയില്‍വേ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെയുള്ള മൂന്നും നാലും പാതകളുടെ പഠനവും സർവേയും എത്രയോ കാലങ്ങളായി തുടരുകയാണെന്നും അതൊരു 25 വർഷം കഴിഞ്ഞാലും യാഥാർഥ്യമാകില്ലെന്നും ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു. കേരളത്തിൻ്റെ റെയില്‍വേ സ്വപ്‌നങ്ങള്‍ പൂർണമായും ഇല്ലാതായിരിക്കുകയാണെന്നും എംപി പറഞ്ഞു. പാലക്കാട് കോച്ച്‌ ഫാക്‌ടറി സംബന്ധിച്ച്‌ സംസ്ഥാന സർക്കാരിൻ്റെ ഭാഗത്തു നിന്ന് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ലെന്ന് റെയില്‍വേ മന്ത്രിയുടെ ഉത്തരത്തില്‍ നിന്ന് വ്യക്തമാണ്. കഞ്ചിക്കോട് ഒരു ഫാക്‌ടറി കേന്ദ്രത്തിൻ്റെ പദ്ധതിയിലില്ലെന്നും ഇതിനായി ഏറ്റെടുത്ത സ്ഥലം റെയില്‍വേ വിട്ടുകൊടുക്കില്ലെന്നും, ഭാവിയില്‍ എന്തെങ്കിലും പദ്ധതിയുണ്ടെങ്കില്‍ അതിന് ഉപയോഗിക്കുമെന്നും റെയില്‍വേ മന്ത്രി പറഞ്ഞതായും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

ഇ ശ്രീധരൻ്റെ പദ്ധതിയും കോച്ച്‌ ഫാക്ടറിയുടെ ചരിത്രവും

കഴിഞ്ഞ പാർലമെൻ്റ് സമ്മേളനത്തില്‍ ഇ ശ്രീധരൻ മുന്നോട്ട് വെച്ച പദ്ധതി പരിഗണനയിലുണ്ടെന്നും അത് നടപ്പിലാക്കാൻ കഴിയുമോ എന്ന് പരിശോധിക്കുമെന്നും ജോണ്‍ ബ്രിട്ടാസിൻ്റെ ചോദ്യത്തിന് തന്നെ റെയില്‍വേ മന്ത്രി മറുപടി നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാന സർക്കാർ ഇ ശ്രീധരൻ്റെ പദ്ധതി ചവറ്റുകൊട്ടയില്‍ എറിഞ്ഞതോടെ ഉത്തരവാദിത്തത്തില്‍ നിന്ന് റെയില്‍വേ മന്ത്രാലയം പൂർണമായും ഒഴിഞ്ഞു മാറിയിരിക്കുകയാണെന്നും എംപി ആരോപിച്ചു. അതിവേഗ പാതയ്ക്കായി പുതിയ ബദല്‍ രേഖയാണ് ഇ ശ്രീധരൻ സംസ്ഥാന സർക്കാരിന് സമർപ്പിച്ചിരുന്നത്.

ഇടതുപക്ഷം യു പി എ സർക്കാരിനെ പിന്തുണക്കുന്ന കാലത്ത് 2008-09 ബജറ്റില്‍ അന്നത്തെ റെയില്‍വേ മന്ത്രി ലാലുപ്രസാദ് യാദവ് പ്രഖ്യാപിച്ച പദ്ധതിയാണ് പാലക്കാട് കോച്ച്‌ ഫാക്ടറി. എന്നാല്‍ ആ പദ്ധതിയുമായി പിന്നീട് കേന്ദ്ര സർക്കാർ മുന്നോട്ട് പോയില്ല. 2012-13-ലെ ബജറ്റില്‍ ഇതൊരു ജോയിൻ്റ് വെഞ്ച്വർ പദ്ധതിയാക്കി മാറ്റിയെടുത്തെങ്കിലും അതും പ്രാവർത്തികമാക്കാതെയാണ് കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് പോയത്. ഇ ശ്രീധരൻ മുന്നോട്ട് വെച്ച പദ്ധതി നിലവിലുള്ള മാതൃകയില്‍ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നാണ് സംസ്ഥാന സർക്കാരിൻ്റെ വിദഗ്ധ സമിതി നല്‍കിയ റിപ്പോർട്ടില്‍ പറയുന്നത്. മൊത്തത്തില്‍ കേരളത്തിൻ്റെ റെയില്‍വേ വികസന കാര്യത്തില്‍ വലിയൊരു തിരിച്ചടിയാണിത്. നിലവിലെ സംസ്ഥാന സർക്കാരിൻ്റെ പിടിപ്പുകേടും കേന്ദ്ര സർക്കാരിൻ്റെ അവഗണനയും പൂർണമായും വ്യക്തമാക്കുന്നതാണ് ഈ മറുപടികളെന്നും ജോണ്‍ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി.

റെയില്‍വേ വികസനത്തില്‍ കേരളം നേരിടുന്ന അവഗണനയുമായി ബന്ധപ്പെട്ട ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകള്‍ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഫേസ്ബുക്ക് പേജില്‍ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.

Article Summary: Central Govt abandons Kanjikode coach factory and high-speed rail projects.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: kvartha