Friday, 19 May, 12.13 pm കെ വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്‌
കൊച്ചി മെട്രോയുടെ ഓരോ സ്‌റ്റേഷനും പറയാന്‍ ഒരു കഥയുണ്ട്, ചിത്രകഥ

കൊച്ചി: ( 19.05.2017) കൊച്ചി മെട്രോയുടെ ഓരോ സ്‌റ്റേഷനും പറയാന്‍ ഒരു കഥയുണ്ട്. അത് ഒരു ചിത്രകഥയാണ്. ഒരേ സമയം വര്‍ണശബളവും സാംസ്‌ക്കാരിക തനിമയും നിറച്ച് മനം കുളിര്‍ക്കുന്ന രീതിയില്‍ ഒരുക്കിയ തീമുകള്‍ കണ്ടാവും കൊച്ചി മെട്രോയിലെ യാത്ര. അതിമനോഹരമായ രീതിയില്‍ സ്‌റ്റേഷനുകള്‍ ഒരുക്കിയ വിവരം മെട്രോ റെയില്‍ ലിമിറ്റഡ് തന്നെയാണ് പുറത്തുവിട്ടത്.


ഓരോ സ്‌റ്റേഷനും സ്ഥിതിചെയ്യുന്ന സ്ഥലങ്ങളുടെ പ്രത്യേകതയും ചരിത്ര പ്രാധാന്യവും ഉള്‍ക്കൊണ്ടാണ് തീമുകള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. സായൂജ് പി സണ്ണിയും ബിവേള്‍ഡുമാണ് ഇവ ഒരുക്കിയിരിക്കുന്നത്. തീമുകളും മറ്റ് വിവരങ്ങളും കൊച്ചി മെട്രോയുടെ ഫേസ്ബുക്ക് പേജില്‍ വിവരിക്കുന്നത് സമ്പൂര്‍ണമായി ചുവടെ.

1. പെരിയാറിന്റെ പെരുമയില്‍ ആലുവ

കേരളത്തിലെ തന്നെ പ്രധാന വ്യവസായ നഗരമാണ് ആലുവ. ശാന്തമായി ഒഴുകുന്ന പെരിയാറും, അതിനോട് ചേര്‍ന്ന് ശിവരാത്രി മണപ്പുറവും മാര്‍ത്താണ്ഡവര്‍മ്മ പാലവും തിരുവിതാംകൂര്‍ രാജാവിന്റെ കൊട്ടാരവും അദൈ്വത ആശ്രമവും എല്ലാം ചേര്‍ന്ന് ആലുവയ്ക്ക് ചരിത്രപരമായ പ്രാധാന്യം നേടിക്കൊടുക്കുന്നു. ഇവയില്‍ എടുത്തുപറയേണ്ടത് കേരളചരിത്രത്തില്‍ പല ഏടുകളിലും പ്രതിപാദിച്ചിരിക്കുന്ന പെരിയാറിന്റെ മഹിമയെക്കുറിച്ചാണ്. അതുകൊണ്ടുതന്നെ കൊച്ചി മെട്രോയുടെ ആലുവ സ്‌റ്റേഷന്‍ പെരിയാറിനും കേരളത്തിലെ നദികള്‍ക്കുമുള്ള സമര്‍പ്പണമാണ്. നദികളുടെ ചിത്രങ്ങള്‍ക്കൊപ്പം സ്‌റ്റേഷനിലെ തറകളും നദീജലസമ്പത്ത് അടയാളപ്പെടുത്തുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

2. ഹരിതഭംഗിയില്‍ പുളിഞ്ചോട്

പച്ചപ്പ് നിറഞ്ഞുനില്‍ക്കുന്ന പുളിഞ്ചോടും സമീപ പ്രദേശങ്ങളും ഗൃഹാതുരത്വം ഉണര്‍ത്തുന്നു. ഹരിതകേരളത്തെ സമ്പന്നമാക്കുന്ന വിവിധ നാണ്യവിളകളും വൃക്ഷലതാദികളും ഒത്തുചേരുന്ന ഒരിടമാണ് പുളിഞ്ചോട്. പുല്‍മേടുകളുടെ സൗന്ദര്യവും ശാന്തതയും ഘോരവനത്തിന്റെ മോഹിപ്പിക്കുന്ന വന്യതയും മനോഹരമായി ചിത്രീകരിച്ചിരിക്കുകയാണ് പുളിഞ്ചോട് മെട്രോ സ്‌റ്റേഷനില്‍.

3. വ്യവസായകേന്ദ്രമായിരുന്ന കമ്പനിപ്പടി

ആലുവയെന്ന വാണിജ്യകേന്ദ്രത്തിനടുത്ത് പ്രധാനപ്പെട്ട പല കമ്പനികളും പ്രവര്‍ത്തിച്ചിരുന്ന, ഒരുപാട് ആളുകള്‍ ജോലിക്കായി വന്നുപോയിരുന്ന, ഒരു സ്ഥലമായിരുന്നു കമ്പനിപ്പടി. കാലക്രമേണ അവയില്‍ പലതും ഇല്ലാതെയായെങ്കിലും കമ്പനിപ്പടി ഇന്നും ആ പേരിലറിയപ്പെടുന്നു. കെഎസ്ആര്‍ടിസിയുടെ ഒരു ഗാരേജ് ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചി മെട്രോയുടെ മൂന്നാമത്തെ സ്‌റ്റേഷനായ കമ്പനിപ്പടിയെ അലങ്കരിക്കുന്നത് കേരളത്തിന്റെ സ്വന്തം പശ്ചിമഘട്ടത്തിന്റെ ചിത്രങ്ങളാണ്. തെക്കുവടക്ക് ഇടതടവില്ലാതെ വ്യാപിച്ചു കിടക്കുന്ന പ്രകൃതി നിര്‍മ്മിതമായ മതിലുപോലെയുള്ള ഈ മലനിരകളാണ് കേരളത്തിന്റെ കാലാവസ്ഥയെ നിയന്ത്രിക്കുന്നത്. മനുഷ്യരും മലനിരകളും തമ്മിലുള്ള ബന്ധത്തിന്റെ ചിത്രീകരണവും കമ്പനിപ്പടി സ്‌റ്റേഷനില്‍ കാണാം.

4. കരഗതാഗത മാര്‍ഗങ്ങളുടെ സംഗമം : അമ്പാട്ടുകാവ്

വിവിധ ഗതാഗത മാര്‍ഗങ്ങള്‍ സംഗമിക്കുന്ന ഒരിടമാണ് അമ്പാട്ടുകാവ്. മെട്രോയും ദേശീയപാതയും തീവണ്ടിപ്പാളവും ചേര്‍ന്ന് മനോഹരമായ ഒരു കാഴ്ചയാണ് അമ്പാട്ടുകാവില്‍ കാണാന്‍ സാധിക്കുക. അമ്പാട്ടുകാവ് എന്ന പേരിലെ കാവിനെ അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ ഉരഗവര്‍ഗങ്ങളെയാണ് ഈ സ്‌റ്റേഷന്റെ സൗന്ദര്യവത്ക്കരണത്തിനു വിഷയമാക്കുന്നത്. പാമ്പുകളുടെ രാജാവ് എന്നറിയപ്പെടുന്ന രാജവെമ്പാല മുതല്‍ പാവം നീര്‍ക്കോലി വരെയുള്ള വിവിധയിനം ഇഴജീവികളുടെയും ഒച്ചുകളുടേയും വൈവിധ്യമാര്‍ന്ന ആവിഷ്‌ക്കാരങ്ങള്‍ അമ്പാട്ടുകാവ് സ്‌റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്.

5. മുട്ടം : മെട്രോയുടെ നിയന്ത്രണകേന്ദ്രം

കൊച്ചി മെട്രോയുടെ ഡിപ്പോയും ഓപ്പറേഷന്‍ കണ്‍ട്രോള്‍ യൂണിറ്റും സ്ഥിതി ചെയ്യുന്നത് മുട്ടത്താണ്. അതുകൊണ്ട് തന്നെ കൊച്ചി മെട്രോ പദ്ധതിയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലവും മുട്ടം തന്നെ. കേരളത്തിന്റെ പക്ഷി സമ്പത്ത് വിശദമാക്കുന്ന രീതിയിലാണ് മുട്ടം സ്‌റ്റേഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പീലി നിവര്‍ത്തിയാടുന്ന മയിലുകളും നിറങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന പഞ്ചവര്‍ണക്കിളികളും തുടങ്ങി വിവിധയിനം പക്ഷികളുടെ ചിത്രങ്ങളാല്‍ മനോഹരമാണ് മുട്ടം സ്‌റ്റേഷന്‍. കേരളത്തിലെ പക്ഷികളെക്കുറിച്ച് അറിവ് പകരുന്നവയാണ് ഈ ചിത്രങ്ങള്‍.

6. കരുത്തോടെ കളമശ്ശേരി

അപ്പോളോ, എച്ച്.എം.ടി തുടങ്ങിയ കമ്പനികളുടെ പേരില്‍ പ്രശസ്തമായ സ്ഥലമാണ് കളമശ്ശേരി. നിരവധി ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമുള്ള വികസിത പ്രദേശമാണിത്. ഹൈവേയില്‍ നിന്നും അല്‍പ്പം മാറിയാല്‍ എന്‍.എ.ഡി റോഡില്‍ കാടിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ കണ്ണിന് ഇമ്പം പകരുന്ന ഒരുപാട് കാഴ്ചകള്‍ ഉണ്ട്. മരങ്ങളുടെ തണലില്‍ ശാന്തമായ പാതകളും ഇവിടെയുണ്ട്. കളമശ്ശേരി സ്‌റ്റേഷനു പശ്ചിമഘട്ടം വിഷയമാകുന്നു. വനാന്തരങ്ങളും ജീവജാലങ്ങളും മരങ്ങളുടെ തണലുമെല്ലാം കോറിയിട്ട് കാടിന്റെ പ്രതീതി ഉളവാക്കുന്ന വിധത്തിലാണ് കളമശ്ശേരിയിലെ സ്‌റ്റേഷന്‍ അലങ്കാര ഘടന.

7. കുസാറ്റിലെ നാവികസംസ്‌ക്കാരം

കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയെ അടയാളപ്പെടുത്തുന്ന മെട്രോ സ്‌റ്റേഷനാണ് കുസാറ്റ്. കേരളത്തിന്റെ പ്രാചീന ജലഗതാഗതസംസ്‌ക്കാരത്തിന്റെ ആവിഷ്‌കാരങ്ങളാണ് ഈ സ്‌റ്റേഷനെ മനോഹരമാക്കുന്നത്. കച്ചവട സാധ്യത തിരിച്ചറിഞ്ഞ് കേരളത്തിലെത്തിയ വിദേശീയരുടെ നാവികചരിത്രവും കേരളത്തിന്റെ തനതായ നാവിക സംസ്‌ക്കാരവും ഇവിടെ ചിത്രീകരിച്ചിരിക്കുന്നു.

8. പഴയ പാലത്തിന്റെ ഓര്‍മ്മയില്‍ പത്തടിപ്പാലം

മുന്‍പ് നിലവിലുണ്ടായിരുന്ന പത്തടിയോളം മാത്രം നീളമുള്ള ഒരു പാലമാണ് പത്തടിപ്പാലത്തിനു ആ പേര് വരാന്‍ കാരണം. പാലം പോയെങ്കിലും ആ പേര് മാറിയില്ല. കേരളത്തിലെ മത്സ്യസമ്പത്താണ് പത്തടിപ്പാലം സ്‌റ്റേഷനില്‍ വരച്ചിട്ടിരിക്കുന്നത്. കടല്‍ത്തീരങ്ങള്‍ ധാരാളമുള്ള കേരളത്തില്‍ വലിയൊരു വിഭാഗം ജനങ്ങള്‍ മത്സ്യബന്ധനത്തെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. ഭക്ഷണത്തിനുപയോഗിക്കുന്ന മത്സ്യങ്ങളുടേയും അലങ്കാരമത്സ്യങ്ങളുടേയും ചിത്രങ്ങളും പെയിന്റിംഗുകളും ഇവിടെ കാണാം.

9. തിരക്കേറിയ ഇടപ്പള്ളി

ഇടയ്ക്കുള്ള പള്ളി എന്ന പ്രയോഗം ലോപിച്ചാണ് ഇടപ്പള്ളിയായതെന്നും അതല്ല നാട് ഭരിച്ചിരുന്ന ഇടപ്പള്ളി രാജാക്കന്മാരുടെ ഓര്‍മ്മക്കാണെന്നും രണ്ടു രീതിയിലുള്ള കഥകളുണ്ട് ഇടപ്പള്ളി എന്ന പേരിനു പിന്നില്‍. എന്തായാലും ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയും, ലുലു മാളും പേര് കേട്ടതാണ്. പണ്ട് കേരളത്തിന്റെ പെരുമ വിദേശരാജ്യങ്ങളില്‍ എത്തിച്ചിരുന്നത് നമ്മുടെ സുഗന്ധദ്രവ്യങ്ങളാണ്. ഏലവും, കുരുമുളകുമൊക്കെ അടങ്ങുന്ന ആ സുഗന്ധദ്രവ്യങ്ങളുടെ നേര്‍ചിത്രങ്ങളാണ് ഇടപ്പള്ളി സ്‌റ്റേഷനില്‍ ഒരുക്കിയിരിക്കുന്നത്. നാടിന്റെ പൈതൃകവും ചരിത്രവും സമന്വയിപ്പിച്ച് അറിവ് പകരുന്നരീതിയില്‍ മിഴിവേറിയ കാഴ്ചകളാണ് ഇവിടെയുള്ളത്.

10. ചങ്ങമ്പുഴയുടെ കൃഷ്ണപിള്ള

കാല്പനിക കവികളില്‍ ശ്രദ്ധേയനായ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ പേരിലുള്ള ചങ്ങമ്പുഴ പാര്‍ക്ക് മെട്രോ സ്‌റ്റേഷനടുത്താണ്. ചങ്ങമ്പുഴ പാര്‍ക്കെന്നു നാമകരണം ചെയ്ത മെട്രോ സ്‌റ്റേഷന്റെ രൂപകല്‍പ്പനയ്ക്ക് തീര്‍ത്തും അനുയോജ്യമായ വിഷയം കേരളത്തിന്റെ കലാപാരമ്പര്യം തന്നെ. മലയാളമണ്ണിലെ കലയുടേയും സാഹിത്യത്തിന്റെയും ചരിത്രം വിളിച്ചോതുന്ന ഒട്ടനവധി ചിത്രങ്ങള്‍ ഇവിടെ ഒരുക്കിയിരിക്കുന്നു. മലയാളത്തെ പ്രണയിച്ച സാഹിത്യകാരന്മാരോടും ഭാഷാപണ്ഡിതന്മാരോടുമുള്ള ആദരസൂചകമായാണ് കൊച്ചി മെട്രോയുടെ ചങ്ങമ്പുഴ സ്‌റ്റേഷന്റെ രൂപകല്‍പ്പന.

11. വര്‍ണ്ണശബളമായി പാലാരിവട്ടം

കൊച്ചി മെട്രോ പദ്ധതിയുടെ ആദ്യഘട്ടത്തിലെ അവസാന സ്‌റ്റേഷനാണ് പാലാരിവട്ടം. പച്ചക്കറി, മത്സ്യം, പൂക്കള്‍ തുടങ്ങി വിവിധയിനം ചന്തകള്‍ കൊണ്ട് പ്രശസ്തമായിരുന്നു ഒരു കാലത്ത് പാലാരിവട്ടം. വര്‍ണ്ണാഭമായ പൂക്കളുടെ ദൃശ്യങ്ങളാണ് പാലാരിവട്ടം മെട്രോ സ്‌റ്റേഷന് ചാരുതയേകുന്നത്. കേരളത്തിന്റെ പൂക്കളെ കണ്ണിനിമ്പം പകരുന്ന വര്‍ണങ്ങളില്‍ സ്‌റ്റേഷന്‍ ഭിത്തികളിലും ഗ്ലാസ് ചുവരുകളിലും പകര്‍ത്തി വെച്ചിരിക്കുന്നു.
Dailyhunt
Top