Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കുവൈത്തില്‍ നഴ്‌സുമാര്‍ക്ക് ശമ്പളം വര്‍ധിക്കും; പുതിയ അലവൻസ് പാക്കേജിന് ആരോഗ്യ മന്ത്രാലയത്തിൻ്റെ അംഗീകാരം

കുവൈത്തില്‍ നഴ്‌സുമാര്‍ക്ക് ശമ്പളം വര്‍ധിക്കും; പുതിയ അലവൻസ് പാക്കേജിന് ആരോഗ്യ മന്ത്രാലയത്തിൻ്റെ അംഗീകാരം

കുവൈത്ത് സിറ്റി: (KVARTHA) നഴ്‌സിങ്, മിഡ്‌വൈഫറി മേഖലയിലെ ജീവനക്കാർക്കായി പുതിയ അലവൻസ്, ബോണസ് പാക്കേജുമായി കുവൈത്ത്.

പുതിയ പാക്കേജിന് ആരോഗ്യ മന്ത്രി ഡോ അഹമ്മദ് അല്‍ അവദി അംഗീകാരം നല്‍കിയതോടെ ഇതുസംബന്ധിച്ച 2026-ലെ മന്ത്രിതല ഉത്തരവ് പുറത്തിറക്കി. നഴ്‌സിങ്, മിഡ്‌വൈഫറി തസ്തികകള്‍ക്കായി സാങ്കേതിക ഗ്രേഡുകള്‍ അടിസ്ഥാനമാക്കിയുള്ള പുതിയ തസ്തിക സംവിധാനത്തിനും മന്ത്രാലയം അംഗീകാരം നല്‍കിയിട്ടുണ്ട്. കുവൈത്തിലെ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി നഴ്സുമാർക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് പുതിയ പ്രഖ്യാപനം.

ആനുകൂല്യങ്ങളും പുതിയ പാക്കേജും

തസ്തിക, പ്രവൃത്തിപരിചയം, സേവനത്തിലെ പരിചയം എന്നിവയുടെ അടിസ്ഥാനത്തില്‍ നഴ്‌സിങ്, മിഡ്‌വൈഫറി ജീവനക്കാരുടെ പ്രതിമാസ അലവൻസുകള്‍ പുനഃക്രമീകരിച്ചു. സ്വദേശികളായ നഴ്‌സുമാർക്കും മിഡ്‌വൈഫുകള്‍ക്കും അസിസ്റ്റൻ്റ് നഴ്‌സ്, അസിസ്റ്റൻ്റ് മിഡ്‌വൈഫ് തസ്തികകളില്‍ പ്രതിമാസം 1040 ദിനാർ മുതലും ഹെഡ് നഴ്‌സിങ് സ്പെഷ്യലിസ്റ്റ്, ഹെഡ് മിഡ്‌വൈഫറി സ്പെഷ്യലിസ്റ്റ് തസ്‌തികകളില്‍ 1510 ദിനാർ വരെയും മികച്ച ആനുകൂല്യങ്ങള്‍ ലഭിക്കും.

വർക്ക് നേച്ചർ അലവൻസ്, ജോബ് ലെവല്‍ അലവൻസ്, ഇൻസെൻ്റീവ് അലവൻസ്, കോസ്റ്റ് ഓഫ് ലിവിങ് അലവൻസ്, ഷിഫ്റ്റ് അലവൻസ്, സൂപ്പർവിഷൻ അലവൻസ്, ട്രെയിനിങ് അലവൻസ്, ഓണ്‍-കോള്‍ അലവൻസ് എന്നിവ ഉള്‍പ്പെടുന്ന വിവിധ ആനുകൂല്യങ്ങളാണ് ഈ പുതിയ പാക്കേജിൻ്റെ ഭാഗമാക്കിയിരിക്കുന്നത്.

പ്രവാസി നഴ്സുമാർക്കുള്ള ആനുകൂല്യങ്ങള്‍

പ്രവാസി നഴ്സുമാർക്കും മിഡ്‌വൈഫുകള്‍ക്കുമായി പ്രത്യേക അലവൻസ് ഘടനയും പുതിയ തീരുമാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വദേശികളില്‍നിന്ന് വ്യത്യസ്തമായ അലവൻസ് ഘടനയാണെങ്കിലും പ്രവാസികള്‍ക്കും വർക്ക് നേച്ചർ അലവൻസ്, ജോബ് ലെവല്‍ അലവൻസ്, കോസ്റ്റ് ഓഫ് ലിവിങ് അലവൻസ്, ഷിഫ്റ്റ് അലവൻസ്, സൂപ്പർവിഷൻ അലവൻസ്, ട്രെയിനിങ് അലവൻസ്, ഓണ്‍-കോള്‍ അലവൻസ് എന്നിവ തസ്‌തികയ്ക്കനുസരിച്ച്‌ കൃത്യമായി അനുവദിക്കും.

നഴ്സിങ് സർവീസ് ടെക്‌നീഷ്യൻമാർക്കും പുതിയ ആനുകൂല്യങ്ങള്‍ അനുവദിച്ചിട്ടുണ്ട്. സ്വദേശികളായ ടെക്‌നീഷ്യൻമാർക്ക് വർക്ക് നേച്ചർ അലവൻസ്, ജോബ് ലെവല്‍ അലവൻസ്, ഇൻസെൻ്റീവ് അലവൻസ്, കോസ്റ്റ് ഓഫ് ലിവിങ് അലവൻസ്, ഓണ്‍കോള്‍ അലവൻസ് എന്നിവ വർധിപ്പിച്ചു. പ്രവാസി ടെക്നീഷ്യൻമാർക്കും അവരുടെ ഗ്രേഡിനനുസരിച്ചുള്ള പുതുക്കിയ ആനുകൂല്യങ്ങള്‍ ലഭ്യമാക്കും. സ്വകാര്യ മേഖലയിലെ കൊഴിഞ്ഞുപോക്ക് തടയാനും കൂടുതല്‍ മികച്ച സേവനങ്ങള്‍ ഉറപ്പാക്കാനുമാണ് സർക്കാർ തലത്തില്‍ ആനുകൂല്യങ്ങള്‍ വർധിപ്പിക്കുന്നത്.

വിദ്യാഭ്യാസ യോഗ്യതയ്ക്കുള്ള പ്രത്യേക ബോണസ്

പ്രത്യേക സർവകലാശാല യോഗ്യതയുള്ള സ്വദേശികളായ നഴ്‌സിങ്, മിഡ്‌വൈഫറി ബിരുദധാരികള്‍ക്ക് അവരുടെ പ്രൊഫഷണല്‍ നിലവാരത്തിനനുസരിച്ച്‌ 100 മുതല്‍ 500 ദിനാർ വരെ പ്രത്യേക ബോണസും അനുവദിച്ചിട്ടുണ്ട്. അക്കാദമിക് യോഗ്യത അലവൻസായി സ്വദേശികളായ നഴ്‌സുമാർക്ക് പി എച്ച്‌ ഡിക്ക് 150 ദിനാറും മാസ്റ്റേഴ്‌സ് ബിരുദത്തിന് 75 ദിനാറും ലഭിക്കും. അതേസമയം പ്രവാസി നഴ്‌സുമാർക്ക് പി എച്ച്‌ ഡിക്ക് 50 ദിനാറും മാസ്റ്റേഴ്‌സ് ബിരുദത്തിന് 25 ദിനാറുമാണ് അധികമായി അനുവദിച്ചിരിക്കുന്നത്.

നഴ്സ‌ിങ് മേഖലയുമായി നേരിട്ട് ബന്ധപ്പെട്ടതും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതുമായ അക്കാദമിക് യോഗ്യതകള്‍ക്ക് മാത്രമേ ഈ പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നഴ്സ‌ിങ്, മിഡ്‌വൈഫറി മേഖലയിലെ പ്രൊഫഷണല്‍ മികവിനും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയ്ക്കും പ്രവൃത്തിപരിചയത്തിനും അർഹമായ അംഗീകാരം നല്‍കാനും രാജ്യത്തെ ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം കൂടുതല്‍ മെച്ചപ്പെടുത്താനുമാണ് ഈ പുതിയ തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു.

കുവൈത്ത് നഴ്സിങ് മേഖലയിലെ ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. വാർത്തകള്‍ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഫേസ്ബുക്ക് പേജില്‍ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.

Article Summary: Kuwait approves new allowance and bonus package for nurses and midwives.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: kvartha