Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഒരു പത്തായക്കഥ: ഏഴ് പതിറ്റാണ്ട് മുൻപത്തെ തറവാട് സ്മരണകള്‍

ഒരു പത്തായക്കഥ: ഏഴ് പതിറ്റാണ്ട് മുൻപത്തെ തറവാട് സ്മരണകള്‍

ഓർമ്മച്ചീളുകള്‍ ഭാഗം 07/ കൂക്കാനം റഹ്‌മാൻ

(KVARTHA) ഏഴ് പതിറ്റാണ്ടിന് മുമ്പ് എന്റെ വീട്ടിലുണ്ടായിരുന്ന വീട്ടുപകരണങ്ങളെക്കുറിച്ച്‌ ഓർത്തു.

മീത്തലെ കൊട്ടിലിലെ വലിയ പത്തായം, ഇരുട്ടറയിലെ ചെറിയ പത്തായം, നെല്ല് കുത്താൻ ഉപയോഗിച്ചിരുന്ന ഉരല്‍, ഉലക്ക, തടുപ്പ, ചൂത്, മാച്ചി, ഓലങ്കം, തൂക്കുവിളക്ക്, നിലവിളക്ക്, കോളാമ്പി തുടങ്ങിയവയൊന്നും ഇപ്പോള്‍ വീട്ടിലില്ല. ആ പഴയ തറവാട് വീട് തന്നെ ഇന്ന് നിലവിലില്ല. എങ്കിലും താമസിച്ചിരുന്ന വീടും ആ വീട്ടില്‍ ഈ ഉപകരണങ്ങള്‍ എവിടെയായിരുന്നു എന്നതും ഓർമ്മയില്‍ നിന്ന് മായുന്നില്ല.

പത്തായം പെറും ചക്കി കുത്തും

'പത്തായം പെറും, ചക്കി കുത്തും, അമ്മ വെക്കും, ഉണ്ണി ഉണ്ണും' എന്ന പഴഞ്ചൊല്ല് അക്കാലത്ത് അന്വർത്ഥമായിരുന്നു.

മീത്തലെ കൊട്ടില്‍ സാമാന്യം വലിയ മുറിയായിരുന്നു. അതിലേക്ക് പ്രവേശിക്കാൻ രണ്ട് വാതിലുകള്‍ ഉണ്ടായിരുന്നു. ഒരു ചെറിയ കിളിവാതില്‍ മാത്രമേ അതിനുണ്ടായിരുന്നുള്ളൂ. മച്ചിലേക്ക് കയറാനുള്ള കോണിപ്പടിയും മീത്തലെ കൊട്ടിലിലാണ്. ചാണകം മെഴുകിയ നിലമാണ്. ചകിരിക്കരി, പഴയ ബാറ്ററിയുടെ കരി ഇവ ചാണകത്തില്‍ കൂട്ടിക്കലർത്തിയാണ് നിലം മെഴുകുക. ഈ പണി ചെയ്യാൻ വെള്ളച്ചി എന്നൊരു, തല വിറച്ചുകൊണ്ടിരിക്കുന്ന സ്ത്രീ വീട്ടിലേക്ക് വരും.

കരിവീട്ടി പത്തായം

കരിവീട്ടിയില്‍ പണിത പത്തായമായിരുന്നു അത്. നൂറ്റാണ്ടുകളുടെ പഴക്കമുണ്ടതിന്. ഉണക്കി പാറ്റി വൃത്തിയാക്കിയ നെല്ലാണ് പത്തായത്തില്‍ സൂക്ഷിക്കുക. അടയ്ക്കാനും തുറക്കാനും മേല്‍ഭാഗത്ത് നിരപ്പലകകളാണ് ഉണ്ടായിരുന്നത്. ഒന്നോ രണ്ടോ പേർക്ക് കയറിയിരിക്കാൻ പറ്റുന്ന വലുപ്പമുണ്ടായിരുന്നു പ്രസ്തുത പത്തായത്തിന്. 'അച്ഛൻ പത്തായത്തിലില്ല' എന്ന് പറഞ്ഞ കുട്ടിയുടെ നിഷ്കളങ്കമായ കഥയാണ് ഓർമ്മ വന്നത്.

അക്കാലത്ത് ധാന്യങ്ങള്‍ നിലത്ത് സൂക്ഷിക്കാൻ പറ്റില്ല. തറ ഈർപ്പമുള്ളതിനാല്‍ ധാന്യങ്ങള്‍ കേടാകും. അതുകൊണ്ടാവാം പത്തായം നിർമ്മിക്കാനുള്ള ചിന്ത അക്കാലത്തെ കാരണവന്മാർക്കുണ്ടായത്. എന്റെ കുട്ടിക്കാലത്ത് അമ്മാവന്മാരുടെ കിടപ്പ് പത്തായത്തിന് മുകളിലായിരുന്നു. കല്യാണം കഴിഞ്ഞു വന്നാല്‍ അമ്മായിമാരൊന്നിച്ചായിരിക്കും അമ്മാവന്മാരുടെ കിടപ്പ്.

തവളകളും ചേരപ്പാമ്പുകളും

പത്തായത്തിന് കീഴെ ചുവന്ന നിറമുള്ള മണാട്ടി തവളകളുടെ വിഹാരകേന്ദ്രമാണ്. മഴയുടെ വരവ് അറിയിക്കാൻ കൂട്ടത്തോടെ അവ കരയാൻ തുടങ്ങും. സഹിക്കാൻ കഴിയാത്ത കൂട്ട ശബ്ദമാണവയുടേത്. തവളയെ പിടികൂടാൻ ചേരപ്പാമ്പുകളും പത്തായത്തിനടിയില്‍ എത്താറുണ്ട്.

പത്തായത്തില്‍ നിന്ന് നെല്ല് അളന്നെടുക്കും. അന്നത്തെ അളവുപാത്രം ഇടങ്ങഴിയാണ്. 'പത്തിടങ്ങഴി നെല്ല് എടുത്തിട്ടുണ്ട്' എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. ഇത് വലിയ ചെമ്പുകലത്തില്‍ പുഴുങ്ങിയെടുക്കും. പുഴുങ്ങിയ നെല്ല് മച്ചിൻമേലെയാണ് ഉണങ്ങാൻ ഇടുക. പാകമാകുമ്പോള്‍ വാരിയെടുത്ത് കുത്താൻ വേണ്ടി താഴേക്ക് കൊണ്ടുവരും.

ഉരലും ഉലക്കയും

ഉരലിലിട്ട് രണ്ടോ മൂന്നോ പെണ്ണുങ്ങള്‍ ഉലക്ക ഉപയോഗിച്ച്‌ താളാത്മകമായി കുത്തുന്നത് കാണാൻ നല്ല ചന്തമാണ്. ഉരലും ഉലക്കയും കാണാത്തവരായിരിക്കും ഇക്കാലത്തെ ന്യൂജെൻ കുട്ടികളില്‍ മിക്കവരും. ഉലക്കയുടെ ഒരറ്റത്ത് ഇരുമ്പ് കൊണ്ട് നിർമ്മിച്ച കച്ച്‌ പിടിപ്പിച്ചിട്ടുണ്ടാവും. ഉലക്ക കൊണ്ട് പഴയ ലോക്കപ്പില്‍ കുറ്റവാളികളെ ഉരുട്ടാറുണ്ടെന്നും പറഞ്ഞുകേട്ടിട്ടുണ്ട്.

സമൂഹത്തില്‍ ഒരു ചീത്തവാക്കായി 'ഉലക്ക' പ്രയോഗിക്കാറുണ്ട്. രണ്ട് വ്യക്തികള്‍ തമ്മില്‍ വഴക്കുകൂടുമ്പോള്‍ 'ഉലക്കയാണ്' എന്ന് പറയാറുണ്ട്. സംസാരിക്കുമ്പോള്‍ 'ഒലക്ക' എന്നാണ് ഉച്ചരിക്കുന്നത്. വീട്ടുപകരണങ്ങളില്‍ ഉലക്കയ്ക്ക് മാത്രമാണ് ഈ പരിഗണന കിട്ടിയിട്ടുള്ളത്.

തവിട് തിന്നുന്ന ആണ്‍കുട്ടികള്‍

നെല്ല് കുത്തിക്കഴിഞ്ഞാല്‍ ഉമിയും തവിടും വേർതിരിക്കാൻ തടുപ്പ വേണം. ഉമി അടുപ്പിൻതിണ്ണമേല്‍ കൊണ്ടിടും. ഉമിത്തീ അടുപ്പോരത്തുതന്നെ എപ്പോഴും പുകഞ്ഞുകൊണ്ടിരിക്കും. വീട്ടിലെ പൂച്ചകളുടെ വാസസ്ഥലവും അടുപ്പിൻതിണ്ണയാണ്.

ഉമികളഞ്ഞ് ശേഷിച്ചുകിട്ടുന്ന തവിട് തിന്നാൻ കുട്ടികളായ ഞങ്ങള്‍ മത്സരിക്കും. ഞങ്ങള്‍ ബഹളം വെക്കുമ്പോള്‍ പെണ്ണുങ്ങള്‍ അവരുടെ തുറുപ്പുശീട്ട് പുറത്തെടുക്കും: 'ആണ്‍പിള്ളേർ തവിട് തിന്നാല്‍ മീശ മുളക്കില്ല'. ഇത് കേള്‍ക്കുമ്പോള്‍ ആണ്‍കുട്ടികള്‍ മാറിനില്‍ക്കും. തവിട് മുഴുവൻ പെണ്ണുങ്ങള്‍ ശാപ്പിടുകയും ചെയ്യും.

പത്തായത്തിന്റെ രൂപമാറ്റം

പത്തായക്കഥ പറഞ്ഞ് ഇവിടെയെത്തിയതാണ്. അമ്മാവന്മാരൊക്കെ വീടുവെച്ചുപോയപ്പോള്‍ പത്തായത്തിന്റെ അവകാശി മരുമകനായ എനിക്കായി. എന്റെ കാലമായപ്പോള്‍ വയലും കൃഷിയും ഒക്കെ അന്യാധീനപ്പെട്ടു. പത്തായത്തില്‍ നെല്ലിടാൻ ഇല്ലാതായി. ഞാൻ പ്രസ്തുത പത്തായം കിടക്കാൻ കട്ടിലായും, വായിക്കാൻ മേശയായും, ഇസ്തിരിയിടാൻ ടേബിളായും ഉപയോഗിക്കാൻ തുടങ്ങി.

ഞങ്ങള്‍ ഉപയോഗിച്ചിരുന്ന ഇസ്തിരിപ്പെട്ടിക്കും മാറ്റമുണ്ട്. നാട്ടിലെ മൂശാരിമാരാണ് പിച്ചള ഉപയോഗിച്ച്‌ ഇസ്തിരിപ്പെട്ടി വാർത്തുതരിക. അതില്‍ ചിരട്ട കത്തിച്ച കനല്‍ നിറച്ചാണ് വസ്ത്രത്തിന് ഇസ്തിരിയിടാറ്.

ചരിത്രം പറയുന്ന പത്തായങ്ങള്‍

പഴയ തറവാട് വീടുകളിലൊക്കെ പത്തായം ഉണ്ടാകും. പതിറ്റാണ്ടുകള്‍ പഴക്കമുള്ള അവയ്ക്ക് ഒരുപാട് കഥകള്‍ പറയാനുണ്ടാവും. ചിലർ ചരിത്രസ്മാരകമായി പത്തായം സൂക്ഷിച്ചുവെച്ചിട്ടുണ്ടാവും. കരിവെള്ളൂരിലെ ഒരു വീട്ടില്‍ പി കൃഷ്ണപിള്ള ഒളിവില്‍ കഴിയുമ്പോള്‍ കിടന്ന പത്തായം നിധിപോലെ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.

പഴയകാല പ്രതാപങ്ങള്‍ അന്യംനിന്നുപോയ കഥകള്‍ പത്തായങ്ങള്‍ക്ക് ഏറെ പറയാനുണ്ടാവും. എന്റെ വീട് പൊളിച്ചുപണിതപ്പോള്‍ വെക്കാൻ സ്ഥലമില്ലാതായി. തലമുറതലമുറ കൈമാറിയ ആ വലിയ പത്തായം ഞാനൊരു സുഹൃത്തിന് കൈമാറി. ഇന്നും ആ പത്തായത്തിന്റെ സുഖവിവരം അന്വേഷിക്കാറുണ്ട്. കേടുപാടുകൂടാതെ അദ്ദേഹത്തിന്റെ വീട്ടില്‍ത്തന്നെയുണ്ടെന്നറിയുമ്പോള്‍ സന്തോഷം തോന്നുന്നു. അവയ്ക്ക് കണ്ണും കാതുമുണ്ടായിരുന്നെങ്കില്‍ പഴയ കഥകളൊക്കെ കേട്ട് ആസ്വദിക്കാമായിരുന്നു.

പഴയകാല സ്മരണകള്‍ ഇഷ്ടമായെങ്കില്‍ ഈ ലേഖനം നിങ്ങളുടെ കുടുംബ ഗ്രൂപ്പുകളിലും സുഹൃത്തുക്കള്‍ക്കും ഷെയർ ചെയ്യൂ. പത്തായക്കഥകള്‍ പോലെ കൂടുതല്‍ വിജ്ഞാനപ്രദമായ അനുഭവക്കുറിപ്പുകള്‍ അറിയാൻ ഞങ്ങളുടെ പേജ് ഫോളോ ചെയ്യുക.

Article Summary: Kookkanam Rahman shares nostalgic memories of traditional household tools and the iconic 'Pathayam' from seven decades ago.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: kvartha