ദുബൈ: (KVARTHA) പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതോടെ ഗള്‍ഫ്-കേരള വിമാന സർവീസുകള്‍ താളംതെറ്റി. അബുദാബി, ദുബൈ വിമാനത്താവളങ്ങളില്‍ ഒട്ടേറെ സർവീസുകള്‍ വൈകുകയും ചിലത് പൂർണ്ണമായും റദ്ദാക്കുകയും ചെയ്തു.
വിമാനങ്ങള്‍ തുടർച്ചയായി വൈകുന്നത് യാത്രക്കാരെ വലിയ രീതിയില്‍ വലയ്ക്കുകയാണ്.
യാത്രക്കാർക്ക് മുന്നറിയിപ്പ്
വിമാന സർവീസുകള്‍ തുടർച്ചയായി വൈകുന്ന സാഹചര്യത്തില്‍ യാത്രക്കാർക്ക് വിമാനക്കമ്പനികള്‍ പ്രത്യേക നിർദേശം നല്‍കിയിട്ടുണ്ട്. യാത്രക്കാർ വിമാനത്തിന്റെ നിലവിലെ സ്ഥിതി പരിശോധിച്ചശേഷം മാത്രമേ വിമാനത്താവളങ്ങളിലേക്ക് പുറപ്പെടാവൂ എന്നാണ് കമ്പനികള്‍ അറിയിച്ചിരിക്കുന്നത്.
വൈകിയോടിയ പ്രധാന സർവീസുകള്‍
കേരളത്തില്‍ നിന്നുള്ള നിരവധി സർവീസുകളെ പ്രതിസന്ധി രൂക്ഷമായി ബാധിച്ചു. കൊച്ചിയില്‍ നിന്നുള്ള ഇത്തിഹാദ്, കോഴിക്കോട്ടുനിന്നുള്ള എയർ അറേബ്യ എന്നീ വിമാനങ്ങള്‍ മണിക്കൂറുകള്‍ വൈകിയാണ് അബുദാബിയില്‍ എത്തിയത്. കൊച്ചിയില്‍ നിന്നുള്ള എമിറേറ്റ്സ്, സ്പൈസ് ജെറ്റിന്റെ കൊച്ചി - ദുബൈ, കോഴിക്കോട് - ദുബൈ സർവീസുകളും വൈകി.
ബഹ്റൈനില്‍ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കോഴിക്കോട്ട് വൈകിയാണെത്തിയത്. കുവൈത്ത് - മുംബൈ സർവീസും വൈകിയിട്ടുണ്ട്.
മറ്റ് നഗരങ്ങളിലേക്കുള്ള സർവീസുകളും തടസ്സപ്പെട്ടു
കേരളത്തിന് പുറമേ മറ്റ് ഇന്ത്യൻ നഗരങ്ങളിലേക്കും തിരിച്ചുമുള്ള ഒട്ടേറെ ഗള്‍ഫ് സർവീസുകളെ ഇത് ബാധിച്ചു. അബുദാബി, ദുബൈ വിമാനത്താവളങ്ങളില്‍നിന്ന് ഡല്‍ഹി, മുംബൈ, ബംഗ്ളൂരു, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളും മണിക്കൂറുകള്‍ വൈകിയാണ് സർവീസ് നടത്തിയത്.
കൂടുതല്‍ വാർത്തകള്‍ അറിയാൻ ഞങ്ങളുടെ വാട്സ്‌ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായം ഞങ്ങളുടെ ഫേസ്ബുക്ക് പേജില്‍ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്താനും മറക്കരുത്.
Article Summary: Middle East conflict delays and cancels many Gulf-Kerala flights.

