കേരളം
സംസ്ഥാനത്തെ 43 ശതമാനം എ ടി എമ്മുകളിലും ശുചീകരണ സംവിധാനമില്ലെന്ന് സി എസ് ഇ എസ്; കോവിഡ് വ്യാപനത്തിന് ഇത് ഇടയാക്കുമോ എന്ന് ആശങ്ക

ഭൂരിപക്ഷം എടിഎമ്മുകള്‍ വൃത്തിഹീനവും ഹാന്‍ഡ് സാനിറ്റൈസര്‍ കുപ്പികള്‍ ഉപയോഗശൂന്യവും ആണെന്നും സര്‍വ്വേയില്‍ കണ്ടെത്തി. ചിലയിടങ്ങളില്‍ ചെറിയ കുപ്പികളാണുള്ളത്. ഇവ വ്യക്തമായി കാണത്തക്ക രീതിയിലല്ല വച്ചിരിക്കുന്നത്. കൃത്യമായ ശുചീകരണ സംവിധാനമില്ലാത്ത കോവിഡ് വ്യാപന സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഓരോ ഇടപാടിന് ശേഷവും കൈ വൃത്തിയാക്കണമെന്നുള്ള നോട്ടീസ് 40 ശതമാനം എ.ടി.എമ്മുകളില്‍ മാത്രമാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. അതില്‍ തന്നെ മൂന്നിലൊന്നിടത്താണ് നിര്‍ദ്ദേശം മലയാളത്തില്‍ എഴുതിയിരിക്കുന്നത്. കര്‍ണാടകയുമായും തമിഴ്നാടുമായും അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ കന്നടയിലോ തമിഴിലോ നോട്ടീസ് പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നും കണ്ടെത്തി. സംസ്ഥാനത്തെ മൂന്നിലൊന്ന് എടിഎമ്മുകളും എസ്.ബി.ഐയുടേതാണ്. എന്നാല്‍ പകുതിയില്‍ താഴെ എ.ടി.എമ്മുകളിലാണ് ഇവര്‍ സാനിറ്റൈസര്‍ സൂക്ഷിച്ചിരിക്കുന്നത്.
കേരളത്തിലുള്ള സ്വകാര്യ ബാക്കുകളുടെ 70 ശതമാനം എടിഎമ്മുകളിലും ശുചീകരണ സംവിധാനമുണ്ട്. മറ്റ് സ്വകാര്യ, പൊതുമേഖലാ ബാങ്കുകളുടെ എ.ടി.എമ്മുകളുടെ പകുതി കൗണ്ടറുകളില്‍ മാത്രമേ ഹാന്‍ഡ് സാനിറ്റൈസര്‍ ഉള്ളൂ എന്നും സര്‍വ്വേയില്‍ പറയുന്നു.
ബാങ്കുകളുടെ ബ്രാഞ്ചുകളോട് ചേര്‍ന്ന എ.ടി.എമ്മുകളിലാണ് സാനിറ്റൈസര്‍ എപ്പോഴും ഉള്ളത്. ഇത്തരത്തിലുള്ള മൂന്നില്‍ രണ്ട് എ.ടി.എമ്മുകളിലും ശുചീകരണ സംവിധാനമുണ്ട്. എന്നാല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിലുള്ള എ.ടി.എമ്മുകള്‍ പരിശോധിച്ചപ്പോള്‍ 38 ശതമാനം കൗണ്ടറുകളിലേ ഈ സംവിധാനമുള്ളൂ. ബ്രാഞ്ചിന് അടുത്തുള്ള കൗണ്ടറുകളില്‍ ജീവനക്കാര്‍ക്ക് പെട്ടെന്ന് സാനിറ്റൈസര്‍ വയ്ക്കാനും പഴയത് മാറ്റാനും കഴിയും എന്നാല്‍ ദൂരെയുള്ള കൗണ്ടറുകളില്‍ ഇത് കൃത്യമായി നടക്കുന്നില്ല.
അതിനാല്‍ ബാങ്കുകള്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി മേകലകളിലെ എ.ടി.എമ്മുകളില്‍ ശുചീകരണ സംവിധാനം വളരെ മോശമാണെന്നും സര്‍വ്വേയില്‍ പറയുന്നു. കോര്പ്പറേഷന് പരിധികളിലെ 70 ശതമാനം എ.ടി.എമ്മുകളിലും സാനിറ്റൈസറുകള്‍ ഉണ്ടെന്നും പഞ്ചായത്ത് , മുന്‍സിപ്പാലിറ്റി മേഖലകളില്‍ ഇത് 55 ശതമാനവും 52 ശതമാനവും ആണെന്ന് സര്‍വ്വേയില്‍ പറയുന്നു.