Tuesday, 19 Nov, 7.28 pm കെ വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്‌
സഞ്ചാര സാഹിത്യത്തിന് അതുല്യ സംഭാവന; മഞ്ഞു പാതകള്‍ തേന്‍ ഭരണികള്‍മാറുന്ന ലോകത്തെ മായാത്ത കാഴ്ചകള്‍ മനസ്സു കീഴടക്കുന്നു; വായനയിലൂടെ ലോക കാഴ്ചകളിലേക്ക്...

പുസ്തകം: മഞ്ഞുപാതകള്‍ തേന്‍ഭരണികള്‍-മാറുന്ന ലോകത്തെ മാറാത്ത കാഴ്ചകള്‍

രചയിതാവ്: ഇഖ്ബാല്‍ പള്ളം

പുസ്തകത്തെ പരിചയപ്പെടുത്തുന്നത് ജംഷിദ് പി ഇ

( 19.11.2019)
യാത്രാ വിവരണം എന്ന് കേള്‍ക്കുമ്ബോള്‍ മലയാളിയുടെ മനസിലേക്ക് ആദ്യം ഓടിയെത്തുക എസ് കെ പൊറ്റക്കാടിന്റെ സഞ്ചാര കൃതികളാണ്. സഞ്ചാര സാഹിത്യത്തിന് അദ്ദേഹം നല്‍കിയ സംഭാവന നിസ്സീമമാണ്. അത്തരത്തില്‍ സാഹിത്യ ശാഖയ്ക്ക് പുതിയൊരു ഏടുമായി വരികയാണ് 'മഞ്ഞു പാതകള്‍ തേന്‍ ഭരണികള്‍-മാറുന്ന ലോകത്തെ മായാത്ത കാഴ്ചകള്‍' എന്ന പുസ്തകം. കാസര്‍കോട് സ്വദേശി ഇഖ്ബാല്‍ പള്ളം രചിച്ച ഈ കൃതി ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളകളിലൊന്നായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ വെച്ച്‌ അടുത്തിടെ പ്രകാശനം ചെയ്യപ്പെട്ടു. പത്തായം ബുക്‌സ് ആണ് 650രൂപ വിലയുള്ള ഈ പുസ്തകത്തിന്റെ പ്രസാധകര്‍.

ഇതിനെ വെറുമൊരു യാത്രാ വിവരണം എന്ന് മാത്രമായി ഒതുക്കാന്‍ കഴിയില്ല, ഒരു മികച്ച ട്രാവല്‍ ഗൈഡ് കൂടിയാണിത് എന്ന് നിസ്സംശയം പറയാം. കാരണം, ഒരു യാത്രയുടെ പ്രാരംഭ ഘട്ടം മുതല്‍ സാമ്ബത്തികാസൂത്രണം, വഴികണ്ടെത്തല്‍, ഭക്ഷണം, വിവിധ രാജ്യങ്ങളിലെ സഞ്ചാരോപാധികളും മറ്റു സൗകര്യങ്ങളും തുടങ്ങിയ കാര്യങ്ങളും ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ എങ്ങനെ യാത്രക്കാര്‍ക്ക് എളുപ്പമുള്ളതും ആവേശകരവുമാക്കിത്തീര്‍ക്കാമെന്നതും വിവരിക്കുന്നുണ്ട്. പ്രശസ്ത സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര ഈ പുസ്തകത്തിന്റെ അവതാരികയില്‍ അഭിപ്രായപ്പെട്ട പോലെ, ഇഖ്ബാല്‍ പള്ളത്തിന്റെ ഈ കൃതി തുടക്കക്കാരായ സഞ്ചാരികള്‍ക്ക് ഒരു പ്രചോദനം കൂടിയാകുന്നു. വളരെ ലളിതമായ ഭാഷയിലാണ് ഇതിന്റെ അവതരണവും. അത് കൊണ്ട് തന്നെ എല്ലാത്തരം വായനക്കാര്‍ക്കും എളുപ്പത്തില്‍ ഗ്രഹിച്ചെടുക്കാവുന്നതാണ്.

എഴുത്തുകാരന്‍ മികച്ചൊരു ഫോട്ടോഗ്രാഫര്‍ ആയതിന്റെ മുഴുവന്‍ ഗുണങ്ങളും പുസ്തകത്തിലുടനീളം നമുക്ക് അനുഭവിക്കാന്‍ കഴിയും. സാധാരണ യാത്രാവിവരണം വായിക്കുമ്ബോള്‍ അതില്‍ പറയുന്ന സ്ഥലങ്ങളും മറ്റും നമുക്ക് മനസ്സില്‍ അനുമാനിക്കാന്‍ മാത്രമേ സാധിക്കാറുളളു, പക്ഷെ 'ജീവന്‍ തുടിക്കുന്ന ഫോട്ടോകള്‍' എല്ലാ അധ്യായത്തിലും ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ പ്രസാധകര്‍ എഡിറ്റോറിയലില്‍ സൂചിപ്പിച്ചത് പോലെ 'കണ്ട് വായിക്കാവുന്ന' ഒരു പുസ്തകം കൂടിയാണിത്. പുസ്തകത്തിന്റെ ലേ ഔട്ടും പ്രിന്റ് ക്വാലിറ്റിയും കവര്‍ ഡിസൈനുമൊക്കെ എടുത്ത് പറയാതെ വയ്യ.

നല്ലൊരു ഫുട്‌ബോള്‍ കളിക്കാരന്‍ കൂടിയായതിനാലാകാം ഒരു ഫുട്‌ബോള്‍ കളി കാണുമ്ബോഴുള്ള ആവേശം ആദ്യാവസാനം വരെ പകര്‍ന്നു നല്‍കാനും എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്. ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത പല അധ്യായങ്ങളിലും കൊടുത്തിരിക്കുന്ന ക്യൂആര്‍ കോഡ് സ്മാര്‍ട്ട് ഫോണില്‍ സ്‌കാന്‍ ചെയ്യുകയാണെങ്കില്‍ ഓരോ അധ്യായത്തിലും പരാമര്‍ശിക്കുന്ന സഥലങ്ങളുടെ അതിമനോഹരമായ വീഡിയോകളും ദര്‍ശിക്കാമെന്നുള്ളതാണ് . ഇതൊക്കെ വായനക്കാര്‍ക്ക് കൂടുതല്‍ ആസ്വാദനമേകുന്നു.

ഓരോ പ്രദേശത്തെയും ചരിത്രത്തെ കുറിച്ചുമുള്ള എഴുത്തുകാരന്റെ അവബോധം നമ്മെ അത്ഭുതപ്പെടുത്തും. പ്രധാന സ്ഥലങ്ങളുടെ ചരിത്രവും ഉള്‍പ്പെടുത്തി വിജ്ഞാനപ്രദമായ പുസ്തകമാക്കിത്തീര്‍ക്കാനും എഴുത്തുകാരന്‍ ശ്രമിച്ചിട്ടുണ്ട്. സ്ഥലങ്ങളുടെ പേരുകള്‍ ഇംഗ്ലീഷിലും നല്‍കിയിട്ടുള്ളത് കൊണ്ട് നമുക്ക് ആ സ്ഥലങ്ങളെ കുറിച്ച്‌ കൂടുതല്‍ അറിയാന്‍ ഇന്റര്‍നെറ്റില്‍ സേര്‍ച്ച്‌ ചെയ്യാനും സഹായകമാകുന്നു. (പല സ്ഥലങ്ങളും ഉച്ചരിക്കുന്ന പോലെയോ മലയാളത്തില്‍ എഴുതുന്ന പോലെയോ ആയിരിക്കില്ല യഥാര്‍ത്ഥത്തില്‍ ഇംഗ്ലീഷില്‍ എഴുതുക)

ചില വരികളിലൂടെ കടന്ന് പോകുമ്ബോള്‍ അതീവ സുന്ദരമായാണ് എഴുത്തുകാരന്‍ വര്‍ണ്ണിച്ചിരിക്കുന്നത്. ഉദാഹരണത്തിന് ഓസ്ട്രിയയിലെ മിനിമുണ്ടസ് പാര്‍ക്കിലെ ദൃശ്യ വിസ്മയം വിവരിക്കുന്ന ഭാഗത്ത് 'താജ്മഹലിന്റെ സൗന്ദര്യവും, പാരീസിലെ ഐഫല്‍ ടവറിന്റെ ഉയരവും, ചൈനയിലെ വന്‍മതിലിന്റെ നീളവും, ഇറ്റലിയിലെ പിസാ ഗോപുരത്തിന്റെ ചെരിയുന്ന കുസൃതിയും, ജര്‍മ്മനിയിലെ നോയ്ച്വന്‍സ്റ്റെയ്ന്‍ കാസിലിന്റെ അപസര്‍പ്പക ഭാവവും, സ്വിറ്റ്സര്‍ലണ്ടിലെ ഷില്ലോണ്‍ കാസിലിന്റെ നിഗൂഢതയും, സ്ലോവേനിയയിലെ ചെങ്കുത്തായ മലയുടെ മുകളിലെ ബ്ലെഡ് കാസിലിന്റെ തന്ത്രപ്രധാനമായ സ്ഥാനവും, ജോര്‍ദാനിലെ പെട്രായുടെ ബി സി മൂന്നാം നൂറ്റാണ്ടിലെ നിര്‍മ്മാണ വൈദഗ്ധ്യവും..... ' പോലുള്ള വരികള്‍, യാത്രാവിവരണമെന്നതിലുപരി ആസ്വാദകരമായ വായനയുടെ മറ്റൊരു തലത്തിലേക്ക് വായനക്കാരെ കൊണ്ട് പോകുകയാണ്.

ചുരുക്കിപ്പറഞ്ഞാല്‍ ദൃശ്യ മികവോടെ വായിക്കാന്‍ പറ്റിയതും വിജ്ഞാനപ്രദവുമായ നല്ലൊരു പുസ്തകമാണ് ഇഖ്ബാല്‍ പള്ളം രചിച്ച മഞ്ഞുപാതകള്‍ തേന്‍ഭരണികള്‍-മാറുന്ന ലോകത്തെ മാറാത്ത കാഴ്ചകള്‍. യാത്രാ പ്രേമികള്‍ക്ക് മികച്ച ഒരു വായനാനുഭവം സമ്മാനിക്കുന്നതായിരിക്കും ഈ പുസ്തകം. മയൂര കാസര്‍കോട്, മാതൃഭൂമി ബുക്‌സ് കാഞ്ഞങ്ങാട്, ഡിസംബര്‍ ബുക്‌സ് പയ്യന്നൂര്‍, മാതൃഭൂമി ബുക്‌സ് കണ്ണൂര്‍, ചിന്ത ബുക്‌സ് കണ്ണൂര്‍, പ്രഭാത് ബുക്‌സ് കണ്ണൂര്‍, യുണൈറ്റഡ് ബുക്‌സ് കണ്ണൂര്‍ എന്നീ വിതരണക്കാര്‍ വഴി പുസ്തകം ലഭിക്കുന്നതാണ്. കൂടാതെ, +91 9567 339339 എന്ന നമ്ബറില്‍ കാസര്‍കോട്ടും +97150 6769167 എന്ന നമ്ബറില്‍ യുഎഇയിലും പുസ്തകത്തിനായി ബന്ധപ്പെടാവുന്നതാണ്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: kvartha
Top
// // // // $find_pos = strpos(SERVER_PROTOCOL, "https"); $comUrlSeg = ($find_pos !== false ? "s" : ""); ?>