ദമ്മാം: (KVARTHA) മയക്കുമരുന്ന് കടത്തിയ കേസില്‍ സഊദി അറേബ്യയിലെ ദമ്മാമില്‍ മലയാളിയുടെ വധശിക്ഷ നടപ്പാക്കി. തലശ്ശേരി മാഹി പെരിങ്ങാട് സ്വദേശി അബൂട്ടി വെള്ളിലിയുടെ (41) ശിക്ഷയാണ് 2026 സെപ്റ്റംബർ 27 ഞായറാഴ്‌ച നടപ്പാക്കിയത്.
സൗദി ആഭ്യന്തര മന്ത്രാലയമാണ് ശിക്ഷ നടപ്പാക്കിയ കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയത്.
ജിഎംസി വാനിലെ ലഹരിക്കടത്ത്
2023-ല്‍ ഒമാനില്‍നിന്ന് റോഡ് മാർഗം സൗദിയിലേക്ക് മാരക ലഹരി വസ്തുക്കളുടെ ശേഖരം കടത്തിയതിനെ തുടർന്നാണ് അബൂട്ടി പിടിക്കപ്പെട്ടത്. 43 കിലോ വരുന്ന ലഹരിവസ്‌തുക്കള്‍ ഇദ്ദേഹം ഓടിച്ചിരുന്ന ജിഎംസി വാനില്‍നിന്ന് സുരക്ഷാ വിഭാഗം പിടിച്ചെടുക്കുകയായിരുന്നു.
അതിർത്തി ചെക്ക് പോസ്റ്റില്‍ വെച്ച് സ്കാനറുകളുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് വാനില്‍ ഒളിപ്പിച്ച നിലയില്‍ ലഹരി ശേഖരം അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ലക്ഷക്കണക്കിന് റിയാല്‍ വിലവരുന്ന മയക്കുമരുന്നാണ് ഇയാള്‍ കടത്താൻ ശ്രമിച്ചതെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
അപ്പീലുകള്‍ തള്ളി സുപ്രീംകോടതി
കേസില്‍ വിചാരണ കോടതി പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ വധശിക്ഷ വിധിക്കുകയായിരുന്നു. ഇത് പിന്നീട് അപ്പീല്‍ കോടതിയും സൗദി സുപ്രീംകോടതിയും ശരിവെച്ചതോടെയാണ് രാജവിജ്ഞാപനത്തിലൂടെ ശിക്ഷ ഔദ്യോഗികമായി നടപ്പാക്കിയത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്ക് നിയമപരമായി നല്‍കാവുന്ന അപ്പീല്‍ അവസരങ്ങള്‍ നല്‍കിയ ശേഷമാണ് കോടതികള്‍ അന്തിമ വിധി പ്രസ്താവിച്ചത്.
കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Keralite executed in Saudi Arabia for smuggling 43 kg of drugs in GMC van.

