കണ്ണൂർ: (KVARTHA) പള്ളിക്കുന്നില്‍ സ്ഥിതി ചെയ്യുന്ന സെൻട്രല്‍ ജയിലില്‍ തടവുകാരനെ മർദിച്ചെന്ന പരാതിയില്‍ പ്രിസണ്‍ ഓഫീസർക്കെതിരെ പോലീസ് കേസെടുത്തു.
തടവുകാരനായ ജലാലുദ്ദീന്റെ (42) പരാതിയില്‍ പ്രിസണ്‍ ഓഫീസർ ജിഷ്ണുവിനെതിരെയാണ് കണ്ണൂർ ടൗണ്‍ പോലീസ് വ്യാഴാഴ്ച കേസ് രജിസ്റ്റർ ചെയ്തത്.
ചികിത്സ ആവശ്യപ്പെട്ടതിന് മർദനം
കഴിഞ്ഞ ജൂണ്‍ 30-ന് രാവിലെ 11 മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അസുഖബാധിതനാണെന്നും കണ്ണൂർ ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്ക് കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ടതിന് ജലാലുദ്ദീനെയും സഹതടവുകാരെയും തടഞ്ഞുവെച്ച് മർദിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ജലാലുദ്ദീന്റെ ബന്ധുക്കള്‍ നല്കിയ പരാതി പരിഗണിച്ച കണ്ണൂർ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് കണ്ണൂർ ടൗണ്‍ പോലീസ് കേസെടുക്കാൻ തയ്യാറായത്.
ജയിലില്‍ സുരക്ഷ ശക്തമാക്കി
കഴിഞ്ഞ ദിവസം ജയിലില്‍ കാപ്പ തടവുകാർ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇതേത്തുടർന്ന് ജയിലില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. കാപ്പ തടവുകാരന്റെ കുത്തേറ്റ അന്തേവാസി നിലവില്‍ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനുപിന്നാലെയാണ് ജയില്‍ ഉദ്യോഗസ്ഥനെതിരെ കേസെടുത്ത വിവരവും പുറത്തുവരുന്നത്.
പുതിയ വാർത്തകള്‍ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായം ഞങ്ങളുടെ ഫേസ്ബുക്ക് പേജില്‍ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്താനും മറക്കരുത്. കൂടുതല്‍ വാർത്തകള്‍ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: Prison officer booked for assaulting inmate at Kannur Central Jail.

