ആനന്ദ് കൃഷ്ണ
(KVARTHA) കേരളത്തിലെ പ്രൊഫഷണല്‍ സർവീസുകളില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്ന പ്രവണത പുതിയതല്ലെങ്കിലും, ബിജെപിയില്‍ ചേർന്ന മുൻ ഐപിഎസ് ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ ഭാവി വലിയൊരു ചോദ്യചിഹ്നമായി മാറുകയാണ്.
സർവീസിലിരിക്കെ പരസ്യമായും അല്ലാതെയും സംഘ്പരിവാർ ആശയങ്ങളോട് ചേർന്നുനിന്ന ഉന്നത പൊലീസുദ്യോഗസ്ഥർ വിരമിച്ച ശേഷം നേരെ ബിജെപി പാളയത്തിലേക്കാണ് കടന്നുവന്നത്.
എന്നാല്‍, ഉന്നത സ്ഥാനങ്ങള്‍ മോഹിച്ചെത്തിയ പലർക്കും ഒടുവില്‍ പാർട്ടിക്കുള്ളില്‍ നേരിടുന്ന അവഗണനയും പദവികള്‍ ലഭിക്കാത്തതിലെ അതൃപ്തിയുമാണ് ഏറ്റവും ഒടുവിലായി തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗണ്‍സിലർ പദവിയില്‍ നിന്നുള്ള ആർ ശ്രീലേഖയുടെ അപ്രതീക്ഷിത രാജിയിലൂടെ തെളിഞ്ഞുനില്ക്കുന്നത്.
ശാസ്തമംഗലം വാർഡില്‍ നിന്ന് ജയിച്ചുകയറി മേയർ പദവി പ്രതീക്ഷിച്ച ശ്രീലേഖയുടെ ഈ പടിയിറക്കം, കേരളത്തില്‍ ബിജെപിയില്‍ ചേർന്ന മുൻ ഡിജിപിമാരുടെ രാഷ്ട്രീയ ജീവിതം ഒടുവില്‍ എത്തിനില്‍ക്കുന്ന പെരുവഴിയുടെ കൃത്യമായ ചിത്രമാണ് തുറന്നുകാട്ടുന്നത്.
മുൻ പൊലീസ് മേധാവി ടി പി സെൻകുമാർ, മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്, ആദ്യ വനിതാ ഡിജിപി ആർ ശ്രീലേഖ എന്നിവരാണ് അടുത്തകാലത്തായി ബിജെപി അംഗത്വമെടുത്ത് വാർത്തകളില്‍ നിറഞ്ഞ മുൻ ഐപിഎസ് ഉദ്യോഗസ്ഥർ. 2017-ല്‍ വിരമിച്ചതിന് തൊട്ടുപിന്നാലെ ബിജെപി നേതാക്കളുടെ സാന്നിധ്യത്തില്‍ പാർട്ടിയില്‍ എത്തിയ ടി പി സെൻകുമാറാണ് ഈ പരമ്പരയിലെ ആദ്യത്തെ പ്രമുഖൻ.
തുടർന്ന് 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയുടെ സാന്നിധ്യത്തില്‍ ജേക്കബ് തോമസും പാർട്ടിയിലെത്തി. പിന്നാലെ നരേന്ദ്ര മോദിയുടെ പ്രഭാവം ചൂണ്ടിക്കാട്ടി ആർ ശ്രീലേഖയും അംഗത്വം സ്വീകരിച്ചു.
ബിജെപി ബന്ധം
വിരമിച്ച ശേഷം മാത്രം ഉണ്ടായ ഒന്നല്ല ഇവരുടെ ആശയപരമായ അടുപ്പമെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പിന്നീട് ഒന്നൊന്നായി പുറത്തുവന്നു. ആർ ശ്രീലേഖ ബിജെപിയില്‍ ചേർന്നതിന് തൊട്ടുപിന്നാലെ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ഇതിന് വലിയ ഉദാഹരണമായിരുന്നു.
ഒരു വ്യാഴവട്ടക്കാലം മുൻപ് സംഘത്തിന്റെ പ്രാന്ത കാര്യാലയത്തില്‍ നടന്ന ദീപാവലി സംഗമം ഉദ്ഘാടനം ചെയ്യാൻ എത്തിയ ശ്രീലേഖയുടെ സമയനിഷ്ഠയെയും അച്ചടക്കത്തെയും ശശികല പ്രശംസിച്ചിരുന്നു. സർവീസിലിരിക്കുമ്പോള്‍ തന്നെ ഇവർ സംഘ്പരിവാർ പ്രസ്ഥാനങ്ങളുമായി പുലർത്തിയിരുന്ന അടുത്ത ബന്ധമാണ് ഈ സംഭവം വെളിവാക്കിയത്.
വർഗീയ പ്രചാരണങ്ങള്‍
പാർട്ടിയില്‍ ചേർന്ന ശേഷം സംഘ്പരിവാറിന്റെ വർഗീയ പ്രചാരണങ്ങളുടെ മുഖമായി മാറുകയായിരുന്നു ടി പി സെൻകുമാർ എന്നാണ് ആക്ഷേപം. ചരിത്രപരമായ വസ്തുതകളെപ്പോലും വളച്ചൊടിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റുകളും, മദ്രസ അധ്യാപക ക്ഷേമനിധിയെക്കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങളും ഇദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി.
ഉയർന്ന സിവില്‍ സർവീസ് റാങ്കോടെ പദവികളിലിരുന്ന ഉദ്യോഗസ്ഥർ വിരമിക്കലിനു ശേഷം വിദ്വേഷ പ്രചാരകരായി മാറിയ കാഴ്ച പൊതുസമൂഹത്തിന് നല്‍കിയത് വലിയ ഞെട്ടലായിരുന്നു.
സെൻകുമാറിന്റെ ഈ ബിജെപി ബന്ധത്തില്‍ കടുത്ത ഭിന്നതകള്‍ അടുത്തകാലത്ത് പരസ്യമായി പുറത്തുവരികയുണ്ടായി. ബിജെപിയുടെ 'ക്രിസ്ത്യൻ ഔട്ട്റീച്ച്' തന്ത്രത്തെയും സംസ്ഥാന നേതൃത്വത്തെയും രൂക്ഷമായ ഭാഷയിലാണ് ടി പി സെൻകുമാർ ഏതാനും മാസങ്ങള്‍ക്കു മുമ്പ് വിമർശിച്ചത്.
പാർട്ടിയുടെ പ്രധാന വോട്ടർമാരായ ഹിന്ദുക്കളെ അവഗണിച്ച് ക്രൈസ്തവ വിഭാഗങ്ങളെ പ്രീണിപ്പിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നും, ചത്തീസ്ഗഢിലെ പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ത്തന്നെ താൻ ഇതിനെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ചു. സംസ്ഥാനത്തെപ്പറ്റി ഒന്നുമറിയാത്ത അധ്യക്ഷനും അദ്ദേഹത്തെ ചോദ്യംചെയ്യാത്ത അനുചരവൃന്ദവുമാണ് കേരളത്തിലെ ബിജെപിയുടെ തകർച്ചയ്ക്ക് കാരണമെന്ന് കുറ്റപ്പെടുത്തിയ സെൻകുമാർ, ബിജെപിയെ പിന്തുണയ്ക്കണമായിരുന്നെങ്കിലും എല്ലായ്പ്പോഴും ലാഭം മാത്രം എടുക്കുന്ന സ്വഭാവമാണ് ക്രൈസ്തവ വിഭാഗത്തിനുള്ളതെന്നും, അവരുടെ സഹായമില്ലാതെ തന്നെ ഇന്ത്യ ഭരിക്കാൻ ബിജെപിക്ക് ശേഷിയുണ്ടെന്ന് തിരിച്ചറിയണമെന്നും തുറന്നടിച്ചു
അധികാര നിരാശ
വലിയ പ്രഭാവത്തോടെ പാർട്ടിയിലെത്തിയ ഈ പ്രമുഖർക്കൊന്നും എന്നാല്‍ ബിജെപിയുടെ സംഘടനാ സംവിധാനത്തിലോ തിരഞ്ഞെടുപ്പ് പദവികളിലോ കാതലായ സ്വാധീനം ഉറപ്പിക്കാൻ സാധിച്ചില്ല. തിരഞ്ഞെടുപ്പ് ഗോദയില്‍ മത്സരിക്കാൻ സീറ്റ് നല്കിയതൊഴിച്ചാല് നിർണായകമായ രാഷ്ട്രീയ ഭരണ തീരുമാനങ്ങളില്‍ ഇവർ പൂർണമായും മാറ്റിനിർത്തപ്പെട്ടു.
ജേക്കബ് തോമസ് ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും തിരിച്ചടി നേരിട്ടു. ടി പി സെൻകുമാർ ആകട്ടെ, തുടക്കത്തിലെ ബഹളങ്ങള്‍ക്കും പാർട്ടിക്കെതിരെയുള്ള രൂക്ഷമായ വിമർശനങ്ങള്‍ക്കും ശേഷം സജീവ രാഷ്ട്രീയ രംഗത്ത് നിന്ന് തന്നെ പതുക്കെ അപ്രത്യക്ഷനാകുന്ന അവസ്ഥയിലുമെത്തി.
ശ്രീലേഖയുടെ രാജി
മുൻ ഡിജിപി ആർ ശ്രീലേഖ ശാസ്തമംഗലം വാർഡ് കൗണ്‍സിലർ സ്ഥാനത്ത് നിന്ന് അപ്രതീക്ഷിതമായാണ് രാജിവെച്ചത്. സെപ്റ്റംബർ 30-ന് തന്നെ മേയർ വി വി രാജേഷിന് രാജി നല്‍കിയിരുന്നെങ്കിലും തിങ്കളാഴ്ച കളക്ടർക്ക് കത്ത് നല്‍കുമെന്നാണ് വാട്സ്ആപ്പ് ഗ്രൂപ്പ് സന്ദേശത്തിലൂടെ ശ്രീലേഖ വ്യക്തമാക്കിയത്. വ്യക്തിപരമായ കാരണങ്ങളാല്‍ രാജി എന്നാണ് പറയുന്നതെങ്കിലും മേയർ പദവി നല്‍കാത്തതിലെ കടുത്ത അതൃപ്തിയാണ് ഈ നീക്കത്തിന് പിന്നിലെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
ശ്രീലേഖയുടെ ഈ പെട്ടെന്നുള്ള രാജി തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി ഭരണസമിതിയെ വലിയ പ്രതിസന്ധിയിലാണ് ആക്കിയിരിക്കുന്നത്. ആകെയുള്ള 100 സീറ്റില്‍ ഒരു സ്വതന്ത്രന്റെ പിന്തുണയോടെ 51 സീറ്റുമായി കേവല ഭൂരിപക്ഷത്തില്‍ ഭരിച്ചിരുന്ന ബിജെപിക്ക് ശ്രീലേഖയുടെ രാജി വലിയ തിരിച്ചടിയായി മാറി.
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ ശ്രീലേഖയെ ഉയർത്തിക്കാട്ടി വോട്ട് തേടുകയും, പിന്നീട് ഒഴിവാക്കി വി വി രാജേഷിനെ മേയറാക്കുകയും ചെയ്തതില്‍ ശ്രീലേഖക്കുണ്ടായിരുന്ന അതൃപ്തി ഒടുവില്‍ പരസ്യമായ പൊട്ടിത്തെറിയിലാണ് കലാശിച്ചത്.
ബിജെപി എന്ന കേഡർ പാർട്ടിയുടെ പ്രവർത്തനരീതി അറിയാതെയും, കേവലം കേന്ദ്ര ഭരണ പ്രഭാവത്തില്‍ ആകൃഷ്ടരായും രാഷ്ട്രീയത്തിലേക്കിറങ്ങുന്ന മുൻ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന വലിയൊരു പാഠമാണിത്. പ്രൊഫഷണല്‍ ജീവനക്കാരായ ഐപിഎസുകാരെ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുകയും, അതിനുശേഷം പാർട്ടിയിലെ മുതിർന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് വഴിമാറാൻ നിർബന്ധിതരാക്കുകയും ചെയ്യുന്ന സംഘടനാ തന്ത്രത്തിനിരയാകാൻ മാത്രമാണ് ഈ ഡിജിപിമാർക്ക് സാധിച്ചത്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: Former Kerala DGP R. Sreelekha resigned as a BJP councilor from the Sasthamangalam ward after being denied the Thiruvananthapuram Corporation Mayor post, triggering a crisis for the ruling 51-member BJP council. Her exit mirrors the political marginalization faced by other former DGPs like T.P. Senkumar and Jacob Thomas after joining the BJP.

