Tuesday, 22 Jun, 7.46 pm കെ വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്‌
സ്ത്രീധന പീഡനം; പെണ്‍കുട്ടികളുടെ ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥ ഗൗരവമായി കാണും; കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കും; ഹെല്‍പ് ലൈന്‍ നമ്ബറില്‍ പരാതിപ്പെടാമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ( 22.06.2021) സ്ഥാനത്ത് ഗാര്‍ഹിക പീഡനങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ വര്‍ധിച്ചു വരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ചില മരണങ്ങള്‍ ഏറെ ഉത്കണ്ഠപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരം വിഷയങ്ങള്‍ ഗൗരവമായി കണ്ട് നേരിടുകയും കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.



ഗാര്‍ഹിക പീഡനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാന്‍ സര്‍കാരിന്റെ ഹെല്‍പ് ലൈന്‍ നമ്ബറുമായി ബന്ധപ്പെടാമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 'സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ചില മരണങ്ങള്‍ നമ്മള്‍ എല്ലാവരെയും ഏറെ ഉത്കണ്ഠപ്പെടുത്തുന്നതാണ്. സ്ത്രീധന പീഡനത്തിന്റെ ഫലമായി പെണ്‍കുട്ടികളുടെ ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥ നമ്മുടെ നാട്ടിലാണുണ്ടാവുന്നത്. ഇത് നിസ്സാര കാര്യമല്ല. അത്തരം വിഷയങ്ങള്‍ ഗൗരവമായി കണ്ട് നേരിടുകയും കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുകയും ചെയ്യും,' മുഖ്യമന്ത്രി പറഞ്ഞു.

വനിതകള്‍ നേരിടുന്ന സൈബര്‍ അതിക്രമങ്ങള്‍ സംബന്ധിച്ച പരാതി സ്വീകരിക്കുന്നതിനും പരിഹാരം കാണുന്നതിനും 'അപരാജിത ഓണ്‍ലൈന്‍,' എന്ന സംവിധാനം ഇപ്പോള്‍ നിലവിലുണ്ട്. സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങളുള്‍പെടെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച്‌ പരാതികള്‍ നല്‍കുന്നതിന് ഇനി അങ്ങോട്ട് ഈ സംവിധാനം ഉപയോഗിക്കാവുന്നതാണ്.

ഇത്തരത്തില്‍ പരാതികളുള്ളവര്‍ക്ക് aparajitha.pol@kerala.gov.in എന്ന വിലാസത്തിലേക്ക് മെയില്‍ അയക്കാം. ഈ സംവിധാനത്തിലേക്ക് വിളിക്കാനുള്ള മൊബൈല്‍ നമ്ബര്‍ ബുധനാഴ്ച നിലവില്‍ വരും. 94 97 99 69 92 എന്ന നമ്ബറിലേക്കാണ് വിളിക്കേണ്ടത്. ഇതു കൂടാതെ പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലും പരാതി അറിയിക്കാം. 94 97 90 09 99, 94 97 90 02 86 എന്നീ നമ്ബറുകളില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം.

വനിതകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് ഡൊമസ്റ്റിക് കോണ്‍ഫ് ളിക്‌ട് റെസലൂഷന്‍ സെന്റര്‍ എന്ന സംവിധാനം എല്ലാ ജില്ലകളിലും പ്രവര്‍ത്തിച്ച്‌ വരുന്നു. അതിക്രമങ്ങള്‍ക്കിരയാവുന്ന സ്ത്രീകളുടെ പരാതികള്‍ ജില്ലാ പൊലീസ് മേധാവിമാര്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ നേരിട്ട് കേട്ട് പരിഹാരം നിര്‍ദേശിക്കുന്ന സംവിധാനമാണിത്.

ഈ സംവിധാനം കാര്യക്ഷമമായി നടപ്പാക്കാനും പരാതികളില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: kvartha
Top