Saturday, 11 Jul, 5.16 pm കെ വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്‌
സ്വര്‍ണക്കടത്തിലൂടെ കേന്ദ്രത്തെ ഉപയോഗിച്ച്‌ സര്‍ക്കാരിനെ 'ഉരുക്കാനുള്ള' ബി ജെ പി നീക്കത്തിന് ഒരുമുഴം മുന്നേ എറിഞ്ഞ് സി പി എം

തിരുവനന്തപുരം: ( 11.07.2020) സ്വര്‍ണക്കടത്ത് കേസിന്റെ ചൂടുപിടിച്ച്‌ സംസ്ഥാന രാഷ്ട്രീയം ഉരുകിയൊലിക്കുന്നു. സര്‍ക്കാരിനെതിരെ ബി.ജെ.പി പല രീതിയില്‍ ഒളിഞ്ഞും തെളിഞ്ഞും സമരം നടത്തുമ്ബോള്‍ സി.പി.എം ഒരുമുഴം മുന്നേ എറിഞ്ഞു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായിരുന്ന ശിവശങ്കരനിലൂടെ സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും ആക്രമിക്കുന്ന ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് അതേ നാണയത്തില്‍ സി.പി.എം രാഷ്ട്രീയമായി തിരിച്ചടി നല്‍കിയിരിക്കുകയാണ്. യു.എ.ഇ കോണ്‍സുലേറ്റിലേക്കെന്ന പേരില്‍ സ്വര്‍ണ്ണം കൊണ്ടുവന്ന നയതന്ത്ര ബാഗ് വിട്ടുകൊടുക്കാന്‍ ഇടപെട്ടത് സംഘപരിവാര്‍ പ്രവര്‍ത്തകനായ ഒരു ക്ലിയറിംഗ് ഏജന്റാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയത് വെറുതെയല്ല.

ഈ ക്ലിയറിംഗ് ഏജന്റ് കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയന്ന ഗുരുതരമായ ആരോപണവും സി.പി.എം ഉന്നയിക്കുന്നു. കേന്ദ്രസര്‍ക്കാരിലെ സ്വാധീനം ഉപയോഗിച്ച്‌ വിമാനത്താവളങ്ങള്‍ വഴി സംഘപരിവാര്‍ നേതാക്കളടക്കം കള്ളക്കടത്തിന് ഒത്താശ ചെയ്യുകയാണെന്നാണ് ഇതിലൂടെ പറയാതെ പറയുന്നത്. കസ്റ്റംസ് ബാഗ് വിട്ട് തരുകയോ, തിരിച്ചയയ്ക്കുകയോ ചെയ്യില്ലെന്ന് ഉപ്പായതോടെയാണ് സ്വര്‍ണ്ണം കൊണ്ടുവന്നത് നയതന്ത്ര ബാഗിലല്ലെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പ്രസ്താവിച്ചതെന്നും കോടിയേരി കുറ്റപ്പെടുത്തി. കേസിലെ ആസൂത്രകരിലേക്കും ഗൂഢാലോചനകാരിലേക്കും വിരല്‍ ചൂണ്ടുന്ന ഈ ഇടപെടലിനെ വെള്ളപൂകാനാണോ മുരളീധരന്റെ പ്രസ്താവന എന്ന സംശയം അസ്ഥാനത്തല്ലെന്നും കോടിയേരി ആഞ്ഞടിച്ചു.

സ്വര്‍ണം കടത്തിയത് യു.എ.ഇ കോണ്‍സുലേറ്റിന്റെ പേരിലുള്ള നയതന്ത്ര ബാഗിലാണെന്ന് എന്‍.ഐ.എ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. അതിനാല്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ തല്‍സ്ഥാനത്ത് തുടരുന്നത് നല്ലതാണോ എന്ന് അദ്ദേഹം ആലോചിക്കണം, സംശയത്തിന്റെ നിഴലിലാണ് കേന്ദ്രമന്ത്രിയന്നും കോടിയേരി ആരോപിക്കുന്നു. സംസ്ഥാനത്തെ പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ നടത്തി, സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും കുറ്റപ്പെടുത്തുന്ന വി. മുരളീധരന്‍ സ്വര്‍ണക്കടത്ത് കേസ് ആയുധമാക്കാനുള്ള നീക്കം നടത്തുന്നതായി സി.പി.എം സംശയിക്കുന്നു. അതുകൊണ്ടാണ് അന്വേഷണ ഏജന്‍സികളെ പോലും തള്ളിക്കളഞ്ഞ് കേന്ദ്രമന്ത്രി കേസ് സംബന്ധിച്ച പ്രസ്താവനകള്‍ നടത്തുന്നതെന്നും ഇത് ആരെയൊക്കെയോ രക്ഷിക്കാനാണെന്നും സി.പി.എം ചൂണ്ടിക്കാട്ടുന്നത്.

സര്‍ക്കാരിനും മുഖ്യമന്ത്രിക്കും നേരെ രാഷ്ട്രീയ പുകമറ സൃഷ്ടിച്ച്‌, യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാണ് ബി.ജെ.പി നേതാക്കളും കേന്ദ്രസഹമന്ത്രിയും ശ്രമിക്കുന്നതെന്നാണ് സി.പി.എമ്മിന്റെ പ്രതികരണം. കേസില്‍ ഏത് അന്വേഷണവും സര്‍ക്കാര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തും അയച്ചു. ഇതില്‍ കൂടുതലൊന്നും സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടട്ടെ എന്നുമാണ് സി.പി.എം നിലപാട്. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും രമ്യതയിലാണ് നിലവില്‍ മുന്നോട്ട് പോകുന്നത്. സ്വര്‍ണക്കടത്ത് കേസ് അതിന് തടയിടുമോ എന്ന് പറയാനാവില്ല. കാരണം തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഉണ്ടാവും.


Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: kvartha
Top