ആലപ്പുഴ: (KVARTHA) ഉസ്ബെക്കിസ്താനില്‍ മെഡിക്കല്‍ പഠനം നടത്തുകയായിരുന്ന മലയാളി വിദ്യാർത്ഥിനി കൊല്ലപ്പെട്ട നിലയില്‍.
ആലപ്പുഴ ഹരിപ്പാട് പിലാപ്പുഴ പുതുക്കാട് സുപ്രഭാതം ഭവനില്‍ സാവരിയ (22) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സഹപാഠിയായ മലപ്പുറം ജില്ലയിലെ സദറുല്‍ അനാമിനെ (23) ഉസ്ബെക്കിസ്താൻ പൊലീസ് അറസ്റ്റ് ചെയ്തു. ലാപ്ടോപ്പ് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. കുട്ടിയെ ഫോണില്‍ വിളിച്ച് ലഭിക്കാത്തത് മൂലം വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
തർക്കത്തിനൊടുവില്‍ ആക്രമണം
ഉസ്ബെക്കിസ്താനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ മൂന്നാം വർഷ വിദ്യാർത്ഥിനിയാണ് സാവരിയ. ഇതേ സർവകലാശാലയിലെ വിദ്യാർത്ഥിയാണ് സദറുല്‍ അനാമും. ജൂലൈ നാല് ശനിയാഴ്ചയാണ് സംഭവം നടന്നത്. സാവരിയയും പ്രതിയും തമ്മില്‍ സംസാരിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
തർക്കത്തിനിടെ പ്രകോപിതനായ പ്രതി ലാപ്ടോപ്പ് ഉപയോഗിച്ച് സാവരിയയുടെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരത്തില്‍ പറയുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സാവരിയയെ ആശുപത്രിയിലെത്തിച്ചത് അനാമാണ്. എന്നാല്‍ ചികിത്സയിലിരിക്കെ വിദ്യാർത്ഥിനി മരണത്തിന് കീഴടങ്ങുകയായിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കും
ആശുപത്രി അധികൃതർ നല്കിയ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പൊലീസാണ് അനാമിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. മരണപ്പെട്ട സാവരിയയും പ്രതിയും സുഹൃത്തുക്കളായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കുന്നു.
ആക്രമണത്തിലേക്ക് നയിച്ച യഥാർത്ഥ കാരണങ്ങളെക്കുറിച്ച് ഉസ്ബെക്കിസ്താൻ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എംബസി അധികൃതരുടെ സഹായത്തോടെ നിയമനടപടികള്‍ പൂർത്തിയാക്കി സാവരിയയുടെ മൃതദേഹം ജൂലൈ ഏഴ് ചൊവ്വാഴ്ച രാവിലെയോടെ ഡല്‍ഹിയിലെത്തിച്ചു. തുടർനടപടികള്‍ക്ക് ശേഷം മൃതദേഹം രാത്രിയോടെ ഹരിപ്പാട്ടെ വസതിയിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
പുതിയ വാർത്തകള്‍ക്കായി ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: A 22-year-old medical student from Harippad, Kerala, named Savariya, was allegedly murdered in Uzbekistan by her classmate. The accused, Sadarul Anam (23) from Perinthalmanna, has been arrested by the Uzbekistan police.

