ദില്ലി: യു.പി.ഐ (UPI) വഴി നടത്തുന്ന 'പേഴ്സണ്‍ ടു മെർച്ചന്റ്' (പി2എം) 2,000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ചാർജ് വന്നേക്കും.
ഇടപാടുകള്‍ക്ക് വ്യാപാരികളില്‍ നിന്ന് മാത്രമാണ് ചാർജ് ഈടാക്കുക. 2000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ നടന്നാല്‍ വ്യാപാരികളില്‍ നിന്ന് അതിന് ഫീസ് ഈടാക്കും.
ധനമന്ത്രാലയം പുറത്തു വിട്ട വിജ്ഞാപനത്തോടെയാണ് ഇതു സംബന്ധിച്ച ചർച്ചകള്‍ സജീവമാകുന്നത്. 2000 രൂപ വരെയുള്ള ഇടപാടുകള്‍ക്കും റൂപേ (RuPay) ഡെബിറ്റ് കാർഡ് വഴിയുള്ള പേയ്‌മെന്റുകള്‍ക്കും യാതൊരുവിധ ചാർജുകളും ഈടാക്കില്ലെന്ന് വിജ്ഞാപനമിറക്കിയിരുന്നു.
ധനമന്ത്രാലയത്തിന് കീഴിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിനാൻഷ്യല്‍ സർവീസസാണ് സെപ്റ്റംബർ 14-ന് പ്രാബല്യത്തില്‍ വന്ന ഉത്തരവിറക്കിയത്.
2007-ലെ പേയ്‌മെന്റ് ആൻഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ടിലെ സെക്ഷൻ 10A പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് പുതിയ മാറ്റം. അതേ സമയം, എത്ര ചാർജ് ഈടാക്കുമെന്നോ എങ്ങനെ കണക്കാക്കുമോ എന്നത് സംബന്ധിച്ചൊന്നുമുള്ള വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. എം.ഡി.ആർ സാധാരണ ഉപഭോക്താക്കളെ ബാധിക്കില്ലെന്നും വ്യാപാരികളെ മാത്രമാണ് ബാധിക്കുകയെന്നും സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇക്കഴിഞ്ഞ 2019 അവസാനം വരെ പി2എം ഇടപാടുകള്‍ക്ക് 0.3% വരെ എംഡിആർ ഈടാക്കിയിരുന്നു. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകള്‍ക്കും എം ഡി ആർ ഈടാക്കിയിരുന്നു. എന്നാല്‍, 2020 ജനുവരി മുതല്‍ എല്ലാ യുപിഐ ഇടപാടുകളെയും ഇതില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

