ആഗോളതലത്തിലുള്ള തങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ഓട്ടോമേറ്റ് ചെയ്യുന്നതിനുമായി സ്റ്റീല്‍ വ്യവസായത്തിലെ ആഗോള മുൻനിരക്കാരായ ആർസലർ മിത്തല്‍, പ്രമുഖ ക്ലൗഡ് സേവന ദാതാക്കളായ ആമസോണ്‍ വെബ് സർവീസസുമായി (എഡബ്യുഎസ്) പങ്കാളിത്തത്തില്‍ ഏർപ്പെട്ടു.
എഡബ്ല്യുഎസിന്റെ അത്യാധുനിക ക്ലൗഡ് കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് സാങ്കേതികവിദ്യകള്‍ തങ്ങളുടെ നിർമ്മാണ പ്രക്രിയകളില്‍ നേരിട്ട് സംയോജിപ്പിക്കാനാണ് ആർസലർ മിത്തല്‍ ലക്ഷ്യമിടുന്നത്. ഇതിലൂടെ ഫാക്ടറികളിലെ സുരക്ഷ വർദ്ധിപ്പിക്കാനും യന്ത്രങ്ങളുടെ വിശ്വാസ്യത കൂട്ടാനും ഊർജ്ജ കാര്യക്ഷമത മെച്ചപ്പെടുത്താനും സാധിക്കുമെന്ന് കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
തന്ത്രപ്രധാനമായ സഹകരണത്തിലൂടെ കമ്പനി തങ്ങളുടെ ഓപ്പറേഷണല്‍ ടെക്നോളജിയും ഇൻഫർമേഷൻ ടെക്നോളജിയും എഡബ്ല്യുഎസിന്റെ സുരക്ഷിതമായ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറിലേക്ക് മാറ്റും. ഇൻഡസ്ട്രിയല്‍ ഇന്റർനെറ്റ് ഓഫ് തിങ്സ്, തത്സമയ സെൻസർ ഡാറ്റ പ്രൊസസ്സിംഗ്, മെഷീൻ ലേണിംഗ് എന്നിവ ഉപയോഗിച്ച് ഫാക്ടറികളില്‍ നേരിട്ട് എഐ സാങ്കേതികവിദ്യ നടപ്പിലാക്കും. ഡിജിറ്റല്‍ പരിവർത്തനത്തിന് പുറമെ, ആമസോണിന്റെ യൂറോപ്പിലെയും യുകെയിലെയും ഡാറ്റാ സെന്ററുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ആവശ്യമായ കാർബണ്‍ ബഹിർഗമനം കുറഞ്ഞ ‘എക്സ് കാർബ്’ സ്റ്റീല്‍ ആർസലർ മിത്തല്‍ വിതരണം ചെയ്യാനും ഇരു കമ്പനികളും തമ്മില്‍ കരാറുണ്ട്. ഇത് 2040-ഓടെ പൂർണ്ണമായും കാർബണ്‍ രഹിതമാകാനുള്ള ആമസോണിന്റെ ലക്ഷ്യങ്ങള്‍ക്ക് കരുത്തുപകരും. ഇന്ത്യയിലുള്‍പ്പെടെ 60 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ആർസലർ മിത്തലിന്റെ 14 രാജ്യങ്ങളിലെ പ്രധാന സ്റ്റീല്‍ പ്ലാന്റുകളിലാണ് ഈ മാറ്റങ്ങള്‍ ആദ്യഘട്ടത്തില്‍ നടപ്പിലാക്കുക.

