Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അംബാനിയെ പിന്തള്ളി ടിക് ടോക് സ്ഥാപകന്‍ ഏഷ്യയിലെ രണ്ടാമത്തെ അതിസമ്പന്നന്‍

അംബാനിയെ പിന്തള്ളി ടിക് ടോക് സ്ഥാപകന്‍ ഏഷ്യയിലെ രണ്ടാമത്തെ അതിസമ്പന്നന്‍

ബെയ്‌ജിങ്‌: റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയെ മറികടന്ന് ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് (ByteDance Ltd) സഹസ്ഥാപകന്‍ സാംഗ് യിമിംഗ് (Zhang Yiming) ഏഷ്യയിലെ രണ്ടാമത്തെ അതിസമ്പന്നനായി.

ആഗോളതലത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) മേഖലയില്‍ ബൈറ്റ്ഡാന്‍സ് നടത്തുന്ന ശക്തമായ മുന്നേറ്റവും കമ്പനിയുടെ മൂല്യത്തിലുണ്ടായ വന്‍ വര്‍ധനയുമാണ് സാംഗിനെ നേട്ടത്തിലേക്ക് നയിച്ചത്.

ബ്ലൂംബെര്‍ഗ് ശതകോടീശ്വര സൂചിക (Bloomberg Billionaires Index) പ്രകാരം 92.8 ബില്യണ്‍ ഡോളറാണ് സാംഗ് യിമിംഗിന്റെ നിലവിലെ ആസ്തി. ഇതോടെ ചൈനയിലെ ഏറ്റവും വലിയ കോടീശ്വരന്‍ എന്ന പദവിയും അദ്ദേഹം നിലനിര്‍ത്തി. അതേസമയം, 117.4 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഗൗതം അദാനിയാണ് ഏഷ്യയിലെ അതിസമ്പന്നരില്‍ നിലവില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

ഏഴുമടങ്ങ് വര്‍ധന; അംബാനി മൂന്നാമത്
2019 മാര്‍ച്ചില്‍ ബ്ലൂംബെര്‍ഗ് ആദ്യമായി സാംഗിന്റെ ആസ്തി കണക്കാക്കുമ്പോള്‍ 13 ബില്യണ്‍ ഡോളറായിരുന്നു സമ്പാദ്യം. അവിടെനിന്നാണ് നിലവില്‍ ഏഴുമടങ്ങ് വര്‍ധന രേഖപ്പെടുത്തി അദ്ദേഹം രണ്ടാമത് എത്തിയത്. പുതിയ കണക്കുകള്‍ പ്രകാരം മുകേഷ് അംബാനി 86.9 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ഏഷ്യയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ബ്ലാക്ക്റോക്ക് (BlackRock Inc), ഫിഡിലിറ്റി ഇന്‍വെസ്റ്റ്മെന്റ്സ് (Fidelity Investments), ടി. റോ പ്രൈസ് ഗ്രൂപ്പ് (T. Rowe Price Group) തുടങ്ങിയ പ്രമുഖ ആഗോള നിക്ഷേപകര്‍ ബൈറ്റ്ഡാന്‍സിന്റെ വിപണി മൂല്യം പുനര്‍നിര്‍ണയിച്ചതോടെയാണ് സാംഗിന്റെ ആസ്തിയില്‍ ഒറ്റയടിക്ക് 24 ബില്യണ്‍ ഡോളറിന്റെ വര്‍ധനയുണ്ടായത്. ടിക് ടോക്കിന്റെ യു.എസ് ബിസിനസ് ഒറാക്കിള്‍, സില്‍വര്‍ ലേക്ക്, അബുദാബി ആസ്ഥാനമായ എം.ജി.എക്‌സ് എന്നിവരടങ്ങുന്ന കണ്‍സോര്‍ഷ്യത്തിന് കൈമാറിയതോടെ കമ്പനിയെ ബാധിച്ചിരുന്ന രാഷ്ട്രീയ-നിയമ പ്രതിസന്ധികള്‍ പൂര്‍ണമായും ഒഴിഞ്ഞിരുന്നു. ഇതാണ് നിക്ഷേപകര്‍ക്കിടയില്‍ കമ്പനിയുടെ മൂല്യം ഉയര്‍ത്തിയത്.

എ.ഐ വിപണി കീഴടക്കി ‘ഡോബൗ’
ചൈനയിലെ ഏറ്റവും ജനപ്രിയ എ.ഐ ചാറ്റ്ബോട്ടായി മാറിയ ‘ഡോബൗ’ന്റെ (Doubao) വന്‍ വിജയമാണ് ബൈറ്റ്ഡാന്‍സിന് കരുത്തായത്. നിലവില്‍ പ്രതിമാസം 300 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളാണ് ഡോബൗന് ഉള്ളത്. ചൈനീസ് വിപണിയില്‍ ഉപയോക്താക്കളില്‍ നിന്ന് വരിസംഖ്യ (Subscription fee) ഈടാക്കിക്കൊണ്ട് കൂടുതല്‍ വരുമാനം കണ്ടെത്താനും കമ്പനി തയാറെടുക്കുകയാണ്.

ചൈനീസ് എ.ഐ വിപണിയില്‍ ഒന്നാമതെത്താനും ആഗോളതലത്തിലെ യു.എസ് കമ്പനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്താനും ഈ വര്‍ഷം 70 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ബൈറ്റ്ഡാന്‍സ് ലക്ഷ്യമിടുന്നത്. 2025-ല്‍ കമ്പനി നേടിയ 50 ബില്യണ്‍ ഡോളറിന്റെ ലാഭത്തില്‍ നിന്നാണ് ഈ നിക്ഷേപത്തിനുള്ള തുക പ്രധാനമായും കണ്ടെത്തുന്നത്. വൈകാതെ തന്നെ കമ്പനിയുടെ ഐ.പി.ഒ (Initial Public Offering) ഉണ്ടാകുമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: livenewage.com