Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധി; ചരിത്രത്തിലാദ്യമായി ദേശീയ കടം 40 ട്രില്യണ്‍ ഡോളര്‍ കടന്നു

അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധി; ചരിത്രത്തിലാദ്യമായി ദേശീയ കടം 40 ട്രില്യണ്‍ ഡോളര്‍ കടന്നു

ന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയുടെ ദേശീയ കടം ചരിത്രത്തിലാദ്യമായി 40 ട്രില്യണ്‍ ഡോളര്‍ (3840 ലക്ഷം കോടി രൂപ) കടന്നു.

രാജ്യത്തിന്റെ സാമ്പത്തിക നില പരുങ്ങലിലാണെന്ന സൂചനകള്‍ക്കിടയിലാണ് കടം ഈ കൂറ്റന്‍ സംഖ്യയിലെത്തിയിരിക്കുന്നത്.

പതിറ്റാണ്ടുകളായി തുടരുന്ന കടമെടുപ്പാണ് അമേരിക്കയെ ഈ അവസ്ഥയില്‍ എത്തിച്ചത്. വര്‍ദ്ധിച്ചുവരുന്ന സൈനിക ചെലവുകള്‍, വന്‍തുക വേണ്ടിവരുന്ന സാമൂഹിക സുരക്ഷാ പദ്ധതികള്‍, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നികുതി ഇളവുകള്‍ എന്നിവയെല്ലാം അമേരിക്കയുടെ കടബാധ്യത കുത്തനെ ഉയര്‍ത്തി.

കടമെടുക്കുന്ന പണം എങ്ങോട്ടാണ് പോകുന്നത്?
2026-ല്‍ മാത്രം അമേരിക്കന്‍ സര്‍ക്കാര്‍ 2 ട്രില്യണ്‍ ഡോളറിലധികമാണ് കടമെടുക്കാന്‍ പോകുന്നത്. നിലവില്‍ ഇറാനില്‍ നടക്കുന്ന യുദ്ധത്തിന്റെ ചെലവുകളും, 2025-ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പാസാക്കിയ വന്‍ നികുതി ഇളവുകളുമാണ് ഈ കടമെടുപ്പിന് പ്രധാന കാരണം. എന്നാല്‍ ഇതിലെ ഏറ്റവും ഞെട്ടിക്കുന്ന വസ്തുത മറ്റൊന്നാണ്.

ഈ വര്‍ഷം അമേരിക്ക കടമെടുക്കുന്ന തുകയുടെ പകുതിയും പുതിയ പദ്ധതികള്‍ക്ക് വേണ്ടിയല്ല ഉപയോഗിക്കുന്നത്, മറിച്ച്‌ നേരത്തെ വാങ്ങിയ കടത്തിന്റെ പലിശ അടയ്ക്കാനാണ്. പലിശ ബാധ്യത ഇനിയും കൂടുന്നത് അമേരിക്കയെ വലിയൊരു സാമ്പത്തിക ഗര്‍ത്തത്തിലേക്കാണ് തള്ളിയിടുന്നത്.

പാളിയ പദ്ധതികളും മസ്‌കിന്റെ പരാജയവും
ചെലവ് ചുരുക്കാനുള്ള ട്രംപ് സര്‍ക്കാരിന്റെ രണ്ടാം ഊഴത്തിലെ പ്രധാന പദ്ധതികളെല്ലാം ഫലം കണ്ടില്ല. തുടക്കത്തില്‍ ഇലോണ്‍ മസ്‌ക് നേതൃത്വം നല്‍കിയ ‘ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി’ 1 ട്രില്യണ്‍ ഡോളര്‍ സര്‍ക്കാരിന് ലാഭിച്ചുനല്‍കുമെന്നായിരുന്നു വാഗ്ദാനം.

എന്നാല്‍ വെറും 200 ബില്യണ്‍ ഡോളര്‍ മാത്രമാണ് ലാഭിക്കാന്‍ കഴിഞ്ഞത്. ഈ കണക്കുകള്‍ തന്നെ വിശ്വസനീയമല്ലെന്നും സുതാര്യതയില്ലെന്നും ചൂണ്ടിക്കാട്ടി ഗവണ്‍മെന്റ് അക്കൗണ്ടബിലിറ്റി ഓഫീസ് ഈ മാസം രംഗത്തെത്തിയിരുന്നു.

തിരിച്ചടിച്ച്‌ ഇറക്കുമതി തീരുവയും ഇറാന്‍ യുദ്ധവും
വലിയ വരുമാനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ കൊണ്ടുവന്ന ഇറക്കുമതി തീരുവകളും തിരിച്ചടിയായി. ചില തീരുവകള്‍ സുപ്രീം കോടതി നിയമവിരുദ്ധമാണെന്ന് വിധിച്ചതോടെ, കമ്പനികളില്‍ നിന്ന് ഈടാക്കിയ 160 ബില്യണ്‍ ഡോളറിലധികം തുക സര്‍ക്കാരിന് തിരികെ നല്‍കേണ്ടി വന്നു.

ട്രംപ് അധികാരമേല്‍ക്കുമ്പോള്‍ ജിഡിപിയുടെ 6 ശതമാനത്തിന് മുകളിലായിരുന്ന ധനക്കമ്മി 2028-ഓടെ 3 ശതമാനമായി കുറയ്ക്കാനായിരുന്നു ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റിന്റെ ലക്ഷ്യം. എന്നാല്‍ കാര്യങ്ങള്‍ വിപരീത ദിശയിലാണ് നീങ്ങുന്നതെന്ന് കഴിഞ്ഞ ആഴ്ച അദ്ദേഹം സമ്മതിച്ചു.

‘ന്യൂസ്മാക്‌സി’ന് നല്‍കിയ അഭിമുഖത്തില്‍ ബെസെന്റ് ഇതിന്റെ കാരണങ്ങളും വ്യക്തമാക്കി. ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട സൈനിക ചെലവുകള്‍ വര്‍ദ്ധിച്ചതും, തീരുവകള്‍ തിരികെ നല്‍കേണ്ടി വന്നതും വലിയ തിരിച്ചടിയായി.

യുദ്ധം കാരണം ആഭ്യന്തര വിപണിയില്‍ ഊര്‍ജ്ജവില ഉയര്‍ന്നത് സാമ്പത്തിക വളര്‍ച്ചയെ മന്ദഗതിയിലാക്കുകയും സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്ന നികുതി വരുമാനത്തെ സാരമായി ബാധിക്കുകയും ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: livenewage.com