Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആര്‍ബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

ബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആര്‍ബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

രാജ്യത്തെ ബാങ്കിംഗ് മേഖല നേരിടുന്ന താല്ക്കാലിക പണലഭ്യതക്കുറവ് പരിഹരിക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 1.41 ലക്ഷം കോടി രൂപ വിപണിയില്‍ ലഭ്യമാക്കി.

ഏഴു ദിവസത്തെ വേരിയബിള്‍ റേറ്റ് റിപ്പോ (VRR) ലേലത്തിലൂടെയാണ് ആർബിഐ ഈ തുക ബാങ്കുകള്‍ക്ക് നല്‍കിയത്. 5.26 ശതമാനം കട്ട്-ഓഫ് നിരക്കിലാണ് ഈ ഫണ്ട് അനുവദിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിലധികമായി ബാങ്കിംഗ് മേഖലയില്‍ വേണ്ടത്ര പണലഭ്യത ഉണ്ടായിരുന്നെങ്കിലും പെട്ടെന്നുണ്ടായ അഡ്വാൻസ് ടാക്സ് പേയ്‌മെന്റുകളും ജിഎസ്ടി നികുതി അടവുകളും കാരണം ബാങ്കുകളില്‍ നിന്നുള്ള പണം വൻതോതില്‍ സർക്കാർ അക്കൗണ്ടുകളിലേക്ക് മാറി. ഇതേത്തുടർന്ന് ജൂണ്‍ 22-ഓടെ ബാങ്കിംഗ് സിസ്റ്റത്തിലെ പണലഭ്യത 19,971.89 കോടി രൂപയുടെ കമ്മിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. തൊട്ടുതലേദിവസം പോലും വിപണിയില്‍ 30,685.11 കോടി രൂപയുടെ അധിക പണലഭ്യത ഉണ്ടായിരുന്നു എന്നതിലൂടെയാണ് ഈ മാറ്റത്തിന്റെ തീവ്രത വ്യക്തമാകുന്നത്.

പണലഭ്യത കുറഞ്ഞതോടെ ഹ്രസ്വകാല മണി മാർക്കറ്റ് നിരക്കുകളില്‍ വലിയ വർദ്ധനവ് രേഖപ്പെടുത്തി. ബാങ്കുകള്‍ തമ്മിലുള്ള പണമിടപാടുകള്‍ക്കായുള്ള ‘വെയ്റ്റഡ് ആവറേജ് കോള്‍ മണി റേറ്റ്’ 5.43 ശതമാനമായി ഉയർന്നു. ഇത് ആർബിഐയുടെ ഔദ്യോഗിക റിപ്പോ നിരക്കിനേക്കാള്‍ 0.18 ശതമാനം കൂടുതലാണ്. അതുപോലെ ട്രൈ-പാർട്ടി റിപ്പോ മാർക്കറ്റിലെ നിരക്കുകളും പോളിസി നിരക്കിനേക്കാള്‍ 0.05 മുതല്‍ 0.07 ശതമാനം വരെ ഉയർന്നാണ് വ്യാപാരം നടത്തിയത്. ഇതോടെയായിരുന്നു ആർബിഐയുടെ അടിയന്തര ഇടപെടല്‍.

മാർക്കറ്റ് നിരക്കുകള്‍ പരിധി വിട്ട് ഉയരുന്നത് തടയാനും ബാങ്കിംഗ് വിനിമയങ്ങള്‍ സുഗമമാക്കാനും ആർബിഐ വിപണിയില്‍ നിരന്തരം ഇടപെടുന്നുണ്ട്. ഈ മാസം മധ്യത്തോടെ നികുതി അടവുകള്‍ ശക്തമായതു മുതല്‍ പല കാലാവധികളിലുള്ള വിആർആർ ലേലങ്ങളിലൂടെ ഏകദേശം 2.43 ലക്ഷം കോടി രൂപ ആർബിഐ വിപണിയില്‍ എത്തിച്ചിട്ടുണ്ട്. തിങ്കളാഴ്ച നടന്ന ഒറ്റരാത്രി ലേലത്തിലൂടെ 36,300 കോടി രൂപയും, കഴിഞ്ഞ വെള്ളിയാഴ്ച മൂന്ന് ദിവസത്തെ ലേലത്തിലൂടെ 16,750 കോടി രൂപയും ബാങ്കുകള്‍ക്ക് നല്‍കിയിരുന്നു. കൂടാതെ ജൂണ്‍ 16-ന് നടന്ന മറ്റൊരു ഏഴു ദിവസത്തെ ലേലത്തിലൂടെ 89,440 കോടി രൂപയും ആർബിഐ ലഭ്യമാക്കിയിരുന്നു.

ബാങ്കുകള്‍ തങ്ങളുടെ പക്കലുള്ള സർക്കാർ സെക്യൂരിറ്റികള്‍ ഈടായി നല്‍കിയാണ് ആർബിഐയില്‍ നിന്ന് ഇത്തരത്തില്‍ താല്ക്കാലികമായി പണം കടമെടുക്കുന്നത്. പണലഭ്യത നിയന്ത്രിച്ചു നിർത്തുന്നതിലൂടെ പലിശനിരക്കുകള്‍ പെട്ടെന്ന് ഉയരുന്നത് തടയാനും രാജ്യത്തെ വായ്പാ വിതരണം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനും ആർബിഐക്ക് സാധിക്കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: livenewage.com