Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബോണ്ട് നിക്ഷേപത്തില്‍ വിപ്ലവം സൃഷ്ടിക്കാൻ ടോക്കണൈസേഷൻ; സെബിയും ആര്‍ബിഐയും കൈകോര്‍ക്കുന്നു

ബോണ്ട് നിക്ഷേപത്തില്‍ വിപ്ലവം സൃഷ്ടിക്കാൻ ടോക്കണൈസേഷൻ; സെബിയും ആര്‍ബിഐയും കൈകോര്‍ക്കുന്നു

ന്ത്യൻ കടപ്പത്ര (Corporate Bond) വിപണിയില്‍ വൻ വിപ്ലവത്തിന് വഴിയൊരുങ്ങുന്നു. ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജർ ടെക്നോളജി (DLT) ഉപയോഗിച്ച്‌ കോർപ്പറേറ്റ് ബോണ്ടുകള്‍ ടോക്കണൈസ് ചെയ്യാനുള്ള പൈലറ്റ് പദ്ധതിയാണ് ആരംഭിക്കുന്നത്.

സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI), റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) എന്നിവ ഈ പ്രൊജക്ടില്‍ ഒരുമിച്ച്‌ തുടക്കം കുറിക്കുകയാണ്. ഇടപാടുകള്‍ കൂടുതല്‍ വേഗത്തിലും സുതാര്യമായും നടപ്പാക്കുകയാണ് ലക്ഷ്യം.

നിലവില്‍ ഡീമാറ്റ് അക്കൗണ്ടുകള്‍ വഴിയാണ് ബോണ്ടുകള്‍ കൈകാര്യം ചെയ്യുന്നത്. എന്നാല്‍ ടോക്കണൈസേഷൻ നടപ്പാകുന്നതോടെ, ബോണ്ടുകളെ ഡിജിറ്റല്‍ ടോക്കണുകളാക്കി മാറ്റാൻ സാധിക്കും. ബ്ലോക്ക്ചെയിൻ/ഡി.എല്‍.ടി സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇടപാടുകള്‍ പൂർത്തിയാക്കാനും, തുക കൈമാറാനുള്ള സമയം (Settlement Time) ഗണ്യമായി കുറയ്ക്കാനും, ഇൻസ്റ്റന്റ് സെറ്റില്‍മെന്റുകള്‍ സാധ്യമാക്കാനും കഴിയും.

കോർപ്പറേറ്റ് ബോണ്ട് വിപണിയിലെ ലിക്വിഡിറ്റി വർദ്ധിപ്പിക്കാനും, സാധാരണക്കാരായ നിക്ഷേപകർക്ക് എളുപ്പത്തില്‍ പങ്കാളികളാകാനും ഇത് അവസരമൊരുക്കും. അടുത്ത 6 മുതല്‍ 9 മാസത്തിനുള്ളില്‍ പൈലറ്റ് പ്രൊജക്റ്റിന്റെ വിവിധ ഘട്ടങ്ങള്‍ പൂർത്തിയാക്കാനാണ് സെബി ലക്ഷ്യമിടുന്നത്. ആർ.ബി.ഐയുടെ അന്തിമ മാർഗ്ഗനിർദ്ദേശങ്ങള്‍ പുറത്തുവരുന്നതോടെ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ വഴി ഇത് നടപ്പാക്കി തുടങ്ങും.

സാങ്കേതികമായ തികവിനൊപ്പം, സൈബർ സുരക്ഷാ അപകടസാധ്യതകളും വിലയിരുത്തിക്കൊണ്ടാണ് പദ്ധതി നടപ്പില്‍ വരുത്തുക. വരും ദിവസങ്ങളില്‍ ഇന്ത്യയിലെ കടപ്പത്ര വിപണിയെ കൂടുതല്‍ സജീവമാക്കാൻ ഈ മാറ്റം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡി.എല്‍.ടി ബോണ്ട് ടോക്കണൈസേഷൻ എന്നാലെന്ത്?
ലളിതമായി പറഞ്ഞാല്‍, ഡിജിറ്റല്‍ യുഗത്തില്‍ കമ്പനികള്‍ പുറത്തിറക്കുന്ന കടപ്പത്രങ്ങളെ ചെറിയ ഡിജിറ്റല്‍ യൂണിറ്റുകളോ 'ടോക്കണുകളോ' ആക്കി മാറ്റി ബ്ലോക്ക്ചെയിൻ നെറ്റ്‌വർക്കില്‍ രേഖപ്പെടുത്തുന്ന രീതിയാണിത്.

മുൻകാലങ്ങളില്‍ റിയല്‍ എസ്റ്റേറ്റോ, വലിയ സ്വത്തുവകകളോ ഷെയറുകളാക്കി വിഭജിച്ചിരുന്നതുപോലെ, ഒരു വലിയ ബോണ്ടിനെ സാങ്കേതികവിദ്യയുടെ സഹായത്തോടെ സുരക്ഷിതമായ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.

നിക്ഷേപകർക്കുള്ള പ്രധാന നേട്ടങ്ങള്‍
ഇൻസ്റ്റന്റ് സെറ്റില്‍മെന്റ് : നിലവില്‍ ബോണ്ടുകള്‍ വാങ്ങിയാല്‍ തുകയും ബോണ്ടും അക്കൗണ്ടില്‍ വരാൻ ഏതാനും ദിവസങ്ങള്‍ (T+1, T+2) എടുക്കാറുണ്ട്. എന്നാല്‍ ടോക്കണൈസേഷനിലൂടെ, സ്മാർട്ട് കോണ്‍ട്രാക്ടുകള്‍ വഴി ഇടപാട് നടന്ന നിമിഷത്തികം തുക അക്കൗണ്ടിലേക്ക് എത്തും.

ചെറിയ തുകയ്ക്കും നിക്ഷേപം നടത്താം : വലിയ തുക ആവശ്യമായിരുന്ന ബോണ്ട് വിപണിയില്‍, സാധാരണക്കാരായ ചെറുകിട നിക്ഷേപകർക്കും കുറഞ്ഞ തുകയ്ക്ക് ടോക്കണുകള്‍ വാങ്ങി നിക്ഷേപം ആരംഭിക്കാം.

ഉയർന്ന സുതാര്യതയും സുരക്ഷയും : ഡി.എല്‍.ടി വഴി ഓരോ ടോക്കണിന്റെയും ഉടമസ്ഥാവകാശവും, വ്യാപാര വിവരങ്ങളും മാറ്റമില്ലാതെ സുരക്ഷിതമായി രേഖപ്പെടുത്തുന്നതിനാല്‍ തട്ടിപ്പുകള്‍ തടയാം.

കൂടുതല്‍ ലിക്വിഡിറ്റി : ഇടപാടുകള്‍ വേഗത്തിലാകുന്നതോടെ, എപ്പോള്‍ വേണമെങ്കിലും ബോണ്ടുകള്‍ വാങ്ങി, വില്‍ക്കാനും പെട്ടെന്ന് പണമാക്കാനും സാധിക്കും.

കുറഞ്ഞ ട്രാൻസാക്ഷൻ ചെലവ് : മധ്യവർത്തികളുടെയോ, ഇടനിലക്കാരുടെയോ ആവശ്യമില്ലാതെ നേരിട്ട് ഇടപാടുകള്‍ നടക്കുന്നതിനാല്‍ സർവ്വീസ് ചാർജുകള്‍ കുറയുമെന്നതും നേട്ടമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: livenewage.com