Dailyhunt
ചബഹാര്‍ തുറമുഖത്തില്‍ ഇളവ് വേണമെന്ന് യുഎസിനോട് ഇന്ത്യ

ചബഹാര്‍ തുറമുഖത്തില്‍ ഇളവ് വേണമെന്ന് യുഎസിനോട് ഇന്ത്യ

ഹോർമുസ് കടലിടുക്കിലൂടെ ഇറാൻ ഇപ്പോള്‍ ഏറ്റവുമധികം കടത്തിവിടുന്നത് ഇന്ത്യൻ കപ്പലുകളെ; ഇറാനുമായുള്ള ഇന്ത്യയുടെ സൗഹൃദം അതിന് വഴിയുമൊരുക്കി.

ഇപ്പോഴിതാ, ഇറാനില്‍ ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള തുറമുഖമായ ചബഹാറിന് യുഎസ് ബാധകമാക്കിയ ഉപരോധത്തില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ വീണ്ടും ട്രംപ് ഭരണകൂടത്തെ സമീപിച്ചു. ആവശ്യം യുഎസ് അംഗീകരിച്ചാല്‍ ഇന്ത്യയ്ക്കത് 'ഇരട്ടി മധുരമാകും'.

ഇറാനുമേല്‍ നേരത്തേ യുഎസ് ഉപരോധം കൊണ്ടുവന്നെങ്കിലും ചബഹാർ തുറമുഖത്തെ ഒഴിവാക്കിയിരുന്നു. എന്നാല്‍, ആണവ ‍ഡീല്‍ വിഷയത്തില്‍ യുഎസും ഇറാനും തമ്മില്‍ വീണ്ടും തെറ്റിയതോടെ കഴിഞ്ഞവർ‌ഷമാണ് ചബഹാറിനും ഉപരോധം ബാധകമാക്കിയത്. ഇത് ഇന്ത്യയ്ക്ക് വലിയ ആഘാതമായിരുന്നു.

തുടർന്ന്, ഇന്ത്യയുടെ ആവശ്യപ്രകാരം 6 മാസത്തേക്ക് ട്രംപ് ഭരണകൂടം ഇളവ് അനുവദിച്ചു. ഇതിന്റെ സമയപരിധി തീരാനിരിക്കേയാണ്, ഇളവ് നീട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നത്. 2024 മുതല്‍‌ ചബഹാർ പോർട്ടിന്റെ നിയന്ത്രണച്ചുമതല നിർവഹിക്കുന്നത് 'ഇന്ത്യ പോർട്സ് ഗ്ലോബല്‍ ലിമിറ്റഡ്' (ഐപിജിഎല്‍) ആണ്. 10 വർഷത്തേക്കാണ് കരാർ. ചബഹാറിന്റെ വികസനത്തിനായി ഇന്ത്യ ശതകോടികളുടെ നിക്ഷേപവും നടത്തിയിട്ടുണ്ട്.

ചബഹാറിന് ഏറെ അകലെയല്ലാതെ, പാക്കിസ്ഥാനില്‍ ചൈന വലിയ നിക്ഷേപത്തോടെ സജ്ജമാക്കുന്ന ഗ്വാദർ തുറമുഖത്തിന് വൻ വെല്ലുവിളിയുമാണ് ചബഹാറിലൂടെ ഇന്ത്യ ഉയർത്തുന്നത്.

അതേസമയം, അമേരിക്ക ഉപരോധം തുടർന്നാല്‍ ഇന്ത്യയ്ക്ക് ഈ മേല്‍ക്കൈ നഷ്ടമാകും. പാക്കിസ്ഥാനെ ആശ്രയിക്കാതെ ഇറാൻ, അഫ്ഗാനിസ്ഥാൻ, കിർഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ എന്നിവയുമായി വ്യാപാരം നടത്താൻ ഇന്ത്യയെ സഹായിക്കുന്നതാണ് ചബഹാർ തുറമുഖം.

റഷ്യയില്‍ നിന്ന് ഇറാനിലേക്ക് നീളുന്ന റെയില്‍ ചരക്കുനീക്കപ്പാതയെ ചബഹാറുമായി ബന്ധിപ്പിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ടെന്നാണ് സൂചനകള്‍. അതു യാഥാർഥ്യമായാല്‍ ചബഹാറില്‍ നിന്ന് മധ്യ ഏഷ്യൻ രാജ്യങ്ങള്‍ വഴി റഷ്യയിലേക്കും തുടർന്ന് യൂറോപ്പിലേക്കും ചരക്കുനീക്കം ഏറെ എളുപ്പത്തില്‍ നടത്താനും ഇന്ത്യയ്ക്ക് കഴിയും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: livenewage.com