മുൻനിര എഐ (നിർമിതബുദ്ധി) മോഡലുകളുടെ നിരക്കുകള്‍ വെട്ടിക്കുറച്ച് യു.എസ് കമ്പനിയായ ഓപ്പണ്‍എഐ. GPT-5.6 വകഭേദങ്ങളായ GPT-5.6 Luna, GPT-5.6 Terra എന്നീ രണ്ട് മോഡലുകളുടെ നിരക്ക് കുറയ്ക്കുന്നതായി OpenAI സിഇഒ സാം ഓള്‍ട്ട്മാൻ പ്രഖ്യാപിച്ചു.
Kimi K3 പോലുള്ള ചൈനീസ് ഓപ്പണ്‍-വെയ്റ്റ് മോഡലുകളില്‍ നിന്ന് OpenAI കടുത്ത മത്സരം നേരിടുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.
GPT-5.6 Luna- നിരക്കില്‍ 80 ശതമാനം കുറവാണ് വരുത്തുന്നതെന്ന് സാം ഓള്‍ട്ട്മാൻ എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു. GPT-5.6 Terra-നിരക്കുകള്‍ 20 ശതമാനമാണ് കുറച്ചിട്ടുള്ളത്. Luna, Terra എന്നിവയുടെ നിരക്ക് കുറച്ചതോടെ അവ നിലവില്‍ Kimi K3 യെക്കാള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാകുമെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ടുചെയ്യുന്നു.
നിലവില്‍ വിപണിയിലുള്ള ഏറ്റവും വലിയ ഓപ്പണ്‍-വെയ്റ്റ് AI മോഡലാണ് Kimi K3. ചൈനീസ് കമ്പനിയായ മൂണ്‍ഷോട്ട് ഇത് പുറത്തിറക്കിയത് ആഗോള എഐ വ്യവസായത്തെതന്നെ ഞെട്ടിച്ചിരുന്നു. പല രംഗങ്ങളിലും ഓപ്പണ്‍എഐയുടെ GPT-5.6 Sol, ആന്ത്രോപിക്കിന്റെ Claude Fable 5 എന്നിവയുടെ പ്രകടനത്തിന് ഒപ്പം നില്‍ക്കാൻ ഇതിന് കഴിയും. എന്നാല്‍ വളരെ കുറഞ്ഞ ചിലവില്‍ ഉപയോഗിക്കാം എന്നതാണ് ശ്രദ്ധേയമായ സവിശേഷത.
നിരക്ക് കുറച്ചുകൊണ്ടുമാത്രം പിടിച്ചുനില്‍ക്കാനാകില്ല
നിരക്കുകള്‍ കുറച്ചുകൊണ്ട് മാത്രം വിപണിയില്‍ പിടിച്ചുനില്‍ക്കാനാകില്ലെന്ന് കമ്പനി തിരിച്ചറിയുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഓപ്പണ്‍എഐയുടെ നീക്കം. ഏറ്റവും മികച്ച പ്രകടനവും ഒപ്പം വേഗതയും ആവശ്യമുള്ളവർക്കായി കമ്പനി GPT-5.6 Sol-ന്റെ ഒരു ഫാസ്റ്റ് മോഡും അവതരിപ്പിക്കുന്നു.
എഐ ഉപയോഗത്തിന്റെ ചെലവ് കുതിച്ചുയരുന്നത് വമ്പൻ കമ്പനികള്‍ക്കുപോലും ആശങ്ക സൃഷ്ടിക്കുന്നുവെന്ന വാർത്തകള്‍ പുറത്തുവരുന്നതിനിടെയാണ് ചൈനീസ് മത്സരംമൂലം യു.എസ് കമ്പനികള്‍ നിരക്കുകള്‍ വെട്ടിക്കുറയ്ക്കാൻ നിർബന്ധിതരാകുന്നുവെന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. എഐ ഉപയോഗത്തിന്റെ ചെലവ് കുതിച്ചുയർന്നതോടെ യൂബർ, വാള്‍മാർട്ട് തുടങ്ങിയ കമ്പനികള്‍ എഐ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കം തുടങ്ങിയിരുന്നു.
എഐ ഉപയോഗ ചെലവിന്റെ കാര്യത്തിലും യുഎസ് എഐ ലാബുകള്‍ ചൈനീസ് ഓപ്പണ്‍-വെയ്റ്റ് എതിരാളികളില്‍ നിന്നും കടുത്ത സമ്മർദ്ദം നേരിടുന്നുണ്ട്. ചൈനീസ് മോഡലുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും, പരിഷ്‌ക്കരിക്കാനും, ഒരു കമ്പനിയുടെ സ്വന്തം അടിസ്ഥാന സൗകര്യങ്ങളില്‍ പ്രവർത്തിപ്പിക്കാനും കഴിയും. Kimi K3 ഇപ്പോള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാൻ ലഭ്യമാണ്.
അതിനിടെ നിരക്കുകള്‍ കുറയ്ക്കാനുള്ള ഓപ്പണ്‍എഐയുടെ നീക്കം. ആന്ത്രോപിക്, ഗൂഗിള്‍ തുടങ്ങിയ എതിരാളികള്‍ക്കുമേല്‍ കനത്ത സമ്മർദം ചെലുത്തും.

