Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ടാറ്റയോട് 14,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ

ടാറ്റയോട് 14,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ

മുംബൈ: നഷ്ടം കനത്തതോടെ 150 കോടി ഡോളറിന്റെ (ഏകദേശം 14,000 കോടി രൂപ) സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് എയർ ഇന്ത്യ ഉടമകളായ ടാറ്റ സണ്‍സിനെയും സിംഗപ്പൂർ എയർലൈൻസിനെയും സമീപിച്ചു.

2022ല്‍ ടാറ്റ സണ്‍സ് ഏറ്റെടുത്ത ശേഷം ഇത്രയും വലിയ സാമ്പത്തിക പാക്കേജ് ആവശ്യപ്പെടുന്നത് ഇതാദ്യമാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനക്കമ്പനിയായ എയർ ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി വെളിപ്പെടുത്തുന്നതാണ് നീക്കം. എയർ ഇന്ത്യയുടെ നഷ്ടത്തെച്ചൊല്ലി ടാറ്റ സണ്‍സില്‍ തർക്കം തുടരുന്നതിനിടെയാണ് ഇതെന്നതും ശ്രദ്ധേയം.

എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ 22,238 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. തൊട്ടുമുൻ വർഷത്തേക്കാള്‍ ഇരട്ടിയായിരുന്നു ഇത്. പശ്ചിമേഷ്യൻ പ്രതിസന്ധിയും അഹമ്മദാബാദ് വിമാന അപകടവുമാണ് നഷ്ടം കൂട്ടാൻ കാരണമായത്.

എയർ ഇന്ത്യയില്‍ നിലവില്‍ ടാറ്റ സണ്‍സിന് 73.28 ശതമാനം ഓഹരിയും സിംഗപ്പൂർ എയർലൈൻസിന് 25.1 ശതമാനം ഓഹരിയുമാണുള്ളത്. എയർ ഇന്ത്യയുടെ നഷ്ടം സിംഗപ്പൂർ എയർലൈൻസിന്റെ സാമ്പത്തിക പ്രകടനത്തെയും ബാധിച്ചിട്ടുണ്ട്. ഇതിനിടയിലാണ് പുതിയ നിക്ഷേപം ആവശ്യപ്പെട്ട് എയർ ഇന്ത്യ ഉടമകളെ സമീപിച്ചത്.

ഫ്രഷ് ഇക്വിറ്റി രൂപത്തിലാണ് നിക്ഷേപം ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇരുകമ്പനികളും എന്തു തീരുമാനമെടുക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

സർക്കാർ നിയന്ത്രണത്തിലുണ്ടായിരുന്ന എയർ ഇന്ത്യയെ 2022ലാണ് ടാറ്റ സണ്‍സ് ഏറ്റെടുക്കുന്നത്. എന്നാല്‍ വർഷങ്ങള്‍ കഴിഞ്ഞിട്ടും കമ്പനിയെ ലാഭത്തിലാക്കാൻ ടാറ്റയ്ക്ക് കഴിഞ്ഞില്ല. ടാറ്റ സണ്‍സ് ചെയർമാൻ എൻ.ചന്ദ്രശേഖരന്റെ രാജിയിലേക്ക് വരെ നയിച്ചത് ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളായിരുന്നു.

ഒരു പതിറ്റാണ്ടെങ്കിലും കാത്തിരിക്കാതെ എയർ ഇന്ത്യയെ ലാഭത്തിലാക്കാൻ കഴിയില്ലെന്നാണ് ചന്ദ്രശേഖരൻ പറയുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: livenewage.com