അമേരിക്കൻ വൈദ്യുത വാഹന ഭീമന്മാരായ ടെസ്‌ല, തങ്ങളുടെ അത്യാധുനിക സ്പോർട്സ് കാറായ 'റോഡ്സ്റ്ററിന്റെ' ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചു.
പെർഫോമൻസ്, ത്രസ്റ്റ് എന്നീ രണ്ട് മോഡലുകളാണ് ഇന്ത്യൻ ഉപഭോക്താക്കള്‍ക്കായി കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
ഇതില്‍ റോക്കറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് വായുവില്‍ പറക്കാൻ ശേഷിയുള്ള ‘റോക്കറ്റ്’ എന്ന മൂന്നാമതൊരു മോഡല്‍ കൂടി പ്രത്യേക ക്ഷണം ലഭിക്കുന്നവർക്കായി ഇന്ത്യയില്‍ ലഭ്യമാക്കുമെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. 2026 ഏപ്രില്‍-സെപ്റ്റംബർ കാലയളവില്‍ ടെസ്‌ലയുടെ ഇന്ത്യൻ വിപണിയിലെ രജിസ്ട്രേഷൻ 836 ശതമാനം വർദ്ധിച്ച പശ്ചാത്തലത്തിലാണ് ഈ പുതിയ പ്രഖ്യാപനം.
ഈ അത്യാധുനിക സ്പോർട്സ് കാറുകള്‍ സ്വന്തമാക്കാൻ താല്പര്യമുള്ള ഉപഭോക്താക്കള്‍ 5.01 ലക്ഷം രൂപ നല്‍കിയാണ് പ്രാരംഭ ബുക്കിംഗ് നടത്തേണ്ടത്. എന്നാല്‍ മോഡലുകളുടെ പ്രത്യേകത അനുസരിച്ച് മുൻകൂർ ഡെപ്പോസിറ്റ് തുകയില്‍ വലിയ മാറ്റമുണ്ട്.
പെർഫോമൻസ് മോഡലിനായി ബുക്കിംഗ് കഴിഞ്ഞ് 10 ദിവസത്തിനകം 45.05 ലക്ഷം രൂപ കൂടി നല്‍കി മൊത്തം ഡെപ്പോസിറ്റ് 50.06 ലക്ഷം രൂപ ആക്കേണ്ടതുണ്ട്. അതിവേഗതയുള്ള ത്രസ്റ്റ് മോഡലിനായി 2.45 കോടി രൂപ കൂടി അധികം നല്‍കി മൊത്തം ഡെപ്പോസിറ്റ് തുക 2.50 കോടി രൂപയായി നിജപ്പെടുത്തണം. വാഹനങ്ങളുടെ അന്തിമ വിലവിവരങ്ങള്‍ കമ്പനി ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
സ്‌പേസ് എക്‌സ് റോക്കറ്റുകളുടെ ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ടെസ്‌ല റോഡ്സ്റ്റർ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കേവലം 1.6 സെക്കൻഡില്‍ പൂജ്യത്തില്‍ നിന്നും 60 മൈല്‍ വേഗത കൈവരിക്കാൻ പെർഫോമൻസ് മോഡലിന് സാധിക്കും.
എന്നാല്‍ റോക്കറ്റ് പ്രൊപ്പല്‍ഷൻ സഹായമുള്ള ത്രസ്റ്റ് മോഡലിന് ഇതിനായി വെറും 0.9 സെക്കൻഡ് മാത്രം മതിയാകും. ക്ഷണം ലഭിക്കുന്നവർക്ക് മാത്രം ബുക്ക് ചെയ്യാൻ സാധിക്കുന്ന ‘റോക്കറ്റ്’ മോഡലിന്റെ പറക്കാനുള്ള ശേഷി സാങ്കേതിക പരിശോധനകള്‍ക്കും സർക്കാർ പരീക്ഷണങ്ങള്‍ക്കും വിധേയമായിരിക്കും.
ലക്ഷ്വറി ഇലക്‌ട്രിക് വാഹന വിപണിയില്‍ ബി.എം.ഡബ്ല്യു, മെഴ്‌സിഡസ് ബെൻസ് എന്നിവയ്ക്ക് പിന്നില്‍ മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍ ടെസ്‌ല. നിലവില്‍ ഇന്ത്യയില്‍ 50.89 ലക്ഷം രൂപ വിലയുള്ള ‘മോഡല്‍ വൈ’ എസ്‌യുവിയാണ് ടെസ്‌ല പ്രധാനമായും വില്‍ക്കുന്നത്.
പുതിയ റോഡ്സ്റ്റർ മോഡലുകളുടെ ഉത്പാദനം 2028-ഓടെ മാത്രമേ ആരംഭിക്കുകയുള്ളൂ. ആദ്യഘട്ടത്തില്‍ ഇടതുവശത്ത് സ്റ്റിയറിംഗ് ഉള്ള വാഹനങ്ങളായിരിക്കും പുറത്തിറങ്ങുക എന്നതിനാല്‍ ഇന്ത്യയിലെ ഡെലിവറി തീയതികള്‍ പിന്നീട് മാത്രമേ പ്രഖ്യാപിക്കുകയുള്ളൂ.

