Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എൻആര്‍ഐ നിക്ഷേപത്തില്‍ കനത്ത ഇടിവ്, പണം പോയത് മറ്റൊരു 'അക്കൗണ്ടിലേക്ക്'

എൻആര്‍ഐ നിക്ഷേപത്തില്‍ കനത്ത ഇടിവ്, പണം പോയത് മറ്റൊരു 'അക്കൗണ്ടിലേക്ക്'

മുംബൈ: പ്രവാസികള്‍ പ്ലാൻ ഒന്നുമാറ്റിപ്പിടിച്ചതോടെ, എൻആർഐ നിക്ഷേപത്തിലുണ്ടായത് കനത്ത ഇടിവ്. നടപ്പു സാമ്പത്തിക വർഷത്തെ (2026-27) ആദ്യ ത്രൈമാസമായ ഏപ്രില്‍-ജൂണില്‍ എൻആർഇ (നോണ്‍-റസിഡന്റ് എക്സ്റ്റേണല്‍) അക്കൗണ്ടുകളിലേക്ക് എത്തിയ പ്രവാസിപ്പണം 93% ഇടിഞ്ഞ് 0.14 ബില്യൻ ഡോളർ മാത്രമാണ്.

നോണ്‍-റസിഡന്റ് ഓർഡിനറി (എൻആർഒ) അക്കൗണ്ടില്‍ 0.9 ബില്യനും.

കഴിഞ്ഞപാദത്തിലെ ആകെ എൻആർഐ നിക്ഷേപം 23% ഇടിഞ്ഞ് 2.77 ബില്യൻ ഡോളറുമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2025-26ലെ ഏപ്രില്‍-ജൂണില്‍ 3.61 ബില്യൻ ഡോളർ എൻആർഐ നിക്ഷേപം ഇന്ത്യയിലെത്തിയിരുന്നുവെന്നും റിസർവ് ബാങ്കിന്റെ കണക്ക് ചൂണ്ടിക്കാട്ടി.

എങ്ങോട്ടേക്കാണ് പണം പോയത്?
ഇറാൻ-യുഎസ് യുദ്ധത്തെ തുടർന്ന് വിദേശനാണയ ശേഖരവും രൂപയും നേരിട്ട തളർച്ചയ്ക്ക് തടയിടാൻ റിസർവ് ബാങ്ക് അവതരിപ്പിച്ച പ്രത്യേക ഫോറിൻ-കറൻസി നോണ്‍-റസിഡന്റ് ഡെപ്പോസിറ്റുകളാണ് (എഫ്സിഎൻആർ-ബി) അക്കൗണ്ടുകളാണ് കഴിഞ്ഞപാദത്തില്‍ പ്രവാസികളുടെ മനസ്സ് കവർന്നത്.

സെപ്റ്റംബർ മാസം വരെയെത്തുന്ന പ്രവാസിപ്പണത്തിന് ഇരട്ടിയോളം പലിശ നേടാമെന്ന വാഗ്ദാനം എത്തിയതോടെ, പ്രവാസികള്‍ പണം എഫ്സിഎൻആർ (ബി) അക്കൗണ്ടുകളിലേക്ക് വാരിക്കോരി ഒഴുക്കി. 124% വർധനയോടെ 1.73 ബില്യൻ ഡോളറാണ് ഏപ്രില്‍-ജൂണില്‍ എഫ്സിഎൻആർ (ബി) അക്കൗണ്ടുകളിലേക്ക് എത്തിയത്. മുൻവർഷത്തെ സമാനകാലത്ത് വെറും 774 മില്യൻ വന്ന സ്ഥാനത്താണിത്.

മൊത്തം നിക്ഷേപത്തില്‍ നേരിയ കയറ്റം
ആകെ എൻആർഐ നിക്ഷേപം (എൻആർഒയും എഫ്സിഎൻആർ-ബിയും ഉള്‍പ്പെടെ) കഴിഞ്ഞപാദത്തില്‍ 168.50 ബില്യൻ ഡോളറാണെന്ന് റിസർവ് ബാങ്ക് പറയുന്നു. മുൻവർഷത്തെ 168.32 ബില്യനെ അപേക്ഷിച്ച്‌ നേരിയ വർധന.

അതേസമയം, എഫ്സിഎൻആർ (ബി) അക്കൗണ്ടുകളിലെ ആകെ നിക്ഷേപം 33.58 ബില്യനില്‍ നിന്ന് 35.48 ബില്യൻ ഡോളറായി ഉയർന്നു.

നിലപാട് മാറ്റി റിസർവ് ബാങ്ക്, പദ്ധതി നേരത്തേ നിർത്തി
എഫ്സിഎൻആർ (ബി) അക്കൗണ്ടുകള്‍ക്ക് നല്‍കിയ ആനുകൂല്യം സെപ്റ്റംബർ 30 വരെ ലഭ്യമാണെന്നായിരുന്നു ജൂണില്‍ റിസർവ് ബാങ്ക് വ്യക്തമാക്കിയത്. പദ്ധതി കാലാവധിക്ക് മുൻപേ നിർത്തുന്നത് ആലോചനയിലില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മല്‍ഹോത്രയും പറഞ്ഞിരുന്നു.

എന്നാല്‍, പിന്നീട് റിസർവ് ബാങ്ക് നിലപാട് മാറ്റി. ഓഗസ്റ്റ് 31ഓടെ പ്രത്യേക ആനുകൂല്യം നിർത്താനും തീരുമാനിച്ചു. തുടക്കത്തില്‍ 30 ബില്യനും പിന്നീട് 50 ബില്യനും പ്രതീക്ഷിച്ചിടത്ത് 70 ബില്യനിലേറെ ലഭിച്ച പശ്ചാത്തലത്തിലാണ് പദ്ധതി നേരത്തേ നിർത്താൻ തീരുമാനിച്ചത്.

പ്രവാസികള്‍ ഇരുംകൈയും നീട്ടി സ്വീകരിച്ചതോടെ ഓഗസ്റ്റ് 21 വരെയുള്ള കണക്കുപ്രകാരം മാത്രം 72.85 ബില്യൻ ഡോളറാണ് റിസർവ് ബാങ്കിന്റെ ഇളവുപദ്ധതിയിലേക്ക് ആകെ എത്തിയ പ്രവാസിപ്പണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: livenewage.com