Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഹൃദയത്തിലൂടെ ഒരു പന്തുരുളുന്നു

ഹൃദയത്തിലൂടെ ഒരു പന്തുരുളുന്നു

1957-ലെ കേരളത്തിന്റെ ആദ്യ മന്ത്രിസഭയിലെ അംഗങ്ങളുടെ പേരുകളേക്കാള്‍, പല മലയാളികളുടെയും ഓർമ്മയില്‍ തെളിഞ്ഞുനില്‍ക്കുന്നത് 1973-ല്‍ ആദ്യമായി സന്തോഷ് ട്രോഫി ജയിച്ച കേരള ടീമിലെ കളിക്കാരുടെ പേരുകളാണ് .

കാരണം, ഫുട്ബോള്‍ കേരളത്തില്‍ ഒരിക്കലും ഒരു വെറും കളിയല്ല.

പന്ത് ഉരുളുമ്പോള്‍ അതിനു പിന്നാലെ ഒരു നാട് മുഴുവൻ ഉരുളുന്നു. ഒരു കളിക്കാരൻ ഓടുമ്പോള്‍ ഗാലറിയിലെ ആയിരക്കണക്കിന് മനുഷ്യരുടെ ഹൃദയവും കൂടെ ഓടുന്നു. ഗോള്‍ പിറക്കുമ്പോള്‍ ഒരാളുടെ കാലില്‍ നിന്നു പിറന്ന ആഹ്ലാദം ഒരു ജനതയുടെ ആഘോഷമായി മാറുന്നു. തോല്‍ക്കുമ്പോള്‍ ഹതാശരാവുന്നത് പതിനൊന്ന് പേർ മാത്രമല്ല, ഗാലറിയിലിരിക്കുന്ന എല്ലാ മനുഷ്യരും കൂടിയാണ്. കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയുടെയോ സമുദായ സംഘടനയുടെയോ സമ്മേളനത്തിന് എത്തുന്ന ജനക്കൂട്ടത്തേക്കാള്‍ എത്രയോ വലിയ ജനക്കൂട്ടമാണ് പലപ്പോഴും ഒരു ഫുട്ബോള്‍ മത്സരത്തിന് ടിക്കറ്റ് വാങ്ങി ഗ്യാലറിയില്‍ കയറുന്നത്.

കാലം മാറി. ജഴ്സികള്‍ മാറി. സ്റ്റേഡിയങ്ങള്‍ മാറി. പക്ഷേ പന്തിനോടുള്ള മലയാളിയുടെ ഇഷ്ടത്തിന് മാറ്റമില്ല.
ലോകകപ്പ് വരുമ്പോഴാണ് ഈ ഇഷ്ടത്തിന്റെ വിസ്തൃതി വിശാലമാവുക.

ലോകകപ്പില്‍ ഇന്ത്യയില്ല. ത്രിവർണ പതാക ഉയരുന്നില്ല. എന്നിട്ടും ലോകകപ്പ് ഫുട്ബോള്‍ കേരളത്തില്‍ ഒരു ദേശീയോത്സവത്തിന്റെ നിറം വിതറുന്നു. അർജന്റീനയുടെ നീലയും വെള്ളയും, ബ്രസീലിന്റെ മഞ്ഞയും പച്ചയും, ഫ്രാൻസിന്റെ വെള്ളയും നീലയുമെല്ലാം മലയാളികളുടെ സ്വന്തം നിറങ്ങളായി മാറുന്നു. രാത്രികള്‍ പകലാകുന്നു. വീടുകള്‍ സ്റ്റേഡിയങ്ങളാകുന്നു. ചായക്കടകളും ക്ലബ്ബുകളും നഗരങ്ങളിലെ ഇടവഴികളും ഫുട്ബോള്‍ ചർച്ചകളുടെ വേദികളാകുന്നു.

ലോകത്തിന്റെ മറുവശത്ത് നടക്കുന്ന ഒരു മത്സരത്തിന് കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തില്‍ പോലും ഇത്രയും ഓളം എങ്ങനെ ഉണ്ടാക്കുന്നു?അതിന്റെ ഉത്തരം കിടക്കുന്നത് ഫുട്ബോളിന്റെ ഭാഷയിലാണ്.

വ്യക്തി വിജയത്തേക്കാള്‍ കൂട്ടായ്മയുടെ വിജയമാണ് ഫുട്ബോള്‍. അതുകൊണ്ടാണ് ഈ കളി മലയാളിയുടെ സാമൂഹിക മനസ്സിനോട് ഇത്രയും ചേർന്നുനില്‍ക്കുന്നത്.
കേരളത്തില്‍ കൂട്ടായ്മയ്ക്ക് വലിയ സ്ഥാനമുണ്ട്. സഹകരണ പ്രസ്ഥാനങ്ങളിലും വായനശാലകളിലും തൊഴിലാളി സംഘടനകളിലും രാഷ്ട്രീയ പാർട്ടികളിലും സാംസ്കാരിക കൂട്ടായ്മകളിലും കാണുന്ന അതേ സാമൂഹിക ഭാവം ഫുട്ബോള്‍ മൈതാനത്തും പിറക്കുന്നു.

ഒരാള്‍ മാത്രം ജയിക്കുന്ന കളിയല്ല ഫുട്ബോള്‍. പന്ത് പാസ് ചെയ്യണം. സ്വന്തം അവസരം മറ്റൊരാള്‍ക്കായി ഉപേക്ഷിക്കണം. പ്രതിരോധക്കാരൻ മുന്നേറ്റക്കാരന്റെ ഗോള്‍ ആഘോഷിക്കണം. ഗോള്‍കീപ്പറുടെ ഒരു രക്ഷപ്പെടുത്തലില്‍ മുഴുവൻ ടീമും ആശ്വാസം കണ്ടെത്തണം. ഒരാളുടെ പിഴവ് മറ്റൊരാള്‍ തിരുത്തണം. ഒരാളുടെ മികവ് മറ്റുള്ളവരുടെ പ്രയത്നത്തിലൂടെയാണ് പൂർണമാകുന്നത്.

കേരളത്തിന്റെ രാഷ്ട്രീയ ബോധത്തിലും ജീവിതാനുഭവത്തിലും പതിഞ്ഞിരിക്കുന്ന ഒരു ആശയമാണത്. ഒറ്റയ്ക്ക് രക്ഷപ്പെടുന്നതിലല്ല, ഒരുമിച്ച്‌ മുന്നേറുന്നതിലാണ് സംതൃപ്തി. ഫുട്ബോള്‍ അതിനെ വാക്കുകളില്ലാതെ പഠിപ്പിക്കുന്നു.

സെവൻസ് ഫുട്ബോളിലേക്ക് നോക്കൂ, മൈതാനത്തിന് ചുറ്റുമുള്ള താല്‍ക്കാലിക ഗാലറികളിലും പൊടിപടലങ്ങള്‍ നിറഞ്ഞ രാത്രികളിലും ആയിരക്കണക്കിന് മനുഷ്യരെ ഒരുമിപ്പിക്കുന്ന ഈ കളി പലപ്പോഴും ഒരു മത്സരത്തിനപ്പുറമാണ്. മിക്ക സെവൻസ് കമ്മിറ്റികളും സ്വന്തം നാട്ടിലെ മനുഷ്യർക്കായി കൈത്താങ്ങാകുന്നു. പഴയ കളിക്കാരന്റെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നു. ഒരു കുടുംബത്തിന് വീട് പണിയുന്നു. ഒരുപാട് കുട്ടിയുടെ പഠനച്ചെലവ് ഏറ്റെടുക്കുന്നു. കളിക്കളത്തില്‍ നിന്ന് ലഭിക്കുന്ന പണം വീണ്ടും ജനങ്ങളിലേക്ക് തന്നെ തിരിച്ചെത്തുന്നു. അങ്ങനെ സെവൻസ് ഫുട്ബോള്‍ ഒരു കളി എന്നതിനപ്പുറം ഒരു സാമൂഹിക സ്ഥാപനമായി മാറുന്നു.

ഇന്ത്യയിലെ ഫുട്ബോള്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന സാമ്പത്തിക പ്രതിഫലം ലോകത്തിലെ ഏറ്റവും വലിയ ലീഗുകളുമായി താരതമ്യം ചെയ്യുമ്പോള്‍ അത്ര ആകർഷകമല്ല. മലയാളി താരങ്ങളില്‍ ഒരാളും ഇതുവരെ ലോകത്തിലെ ഏറ്റവും മികച്ച ലീഗ് വേദികളില്‍ എത്തിയിട്ടില്ല. എന്നിട്ടും ഇവിടത്തെ ഒരു കുട്ടിയോട് ചോദിച്ചാല്‍-"വലുതായാല്‍ ആരാവണം?"-മറുപടിയില്‍ പലപ്പോഴും ഒരു ഫുട്ബോള്‍ താരത്തിന്റെ പേര് ഉണ്ടാകും.

കാരണം പണത്തെക്കുറിച്ചല്ല ആ കുട്ടി ആദ്യം സ്വപ്നം കാണുന്നത്. സ്റ്റേഡിയത്തെക്കുറിച്ചാണ്.

അവന്റെ കാലില്‍ നിന്ന് പന്ത് വലയില്‍ കയറുന്നതും, ആയിരങ്ങള്‍ ഒരുമിച്ച്‌ ആർത്തുവിളിക്കുന്നതുമാണ് അവന്റെ സ്വപ്നം. അവിടെ ഫുട്ബോള്‍ ഒരു തൊഴില്‍മാത്രമല്ല. കുട്ടിയുടെ ഭാവനയുടെ ആദ്യ ഭാഷയാണ്.

മലയാളിയുടെ ഫുട്ബോള്‍ സ്നേഹത്തില്‍ ഒരു രാഷ്ട്രീയമുണ്ട്. പക്ഷേ അത് കക്ഷി രാഷ്ട്രീയമല്ല. മനുഷ്യരെ വേർതിരിക്കുന്ന അതിരുകള്‍ക്കപ്പുറം ഒന്നായി നില്‍ക്കുന്ന കൂട്ടായ്മയുടെ രാഷ്ട്രീയമാണ്.
ഫുട്ബോള്‍ പ്രഖ്യാപിക്കുന്നത് പന്ത് ഒരാളുടേതല്ലെന്നാണ്. അത് എല്ലാവരുടേതാണ്. ഒരാള്‍ക്ക് പന്ത് കിട്ടും. മറ്റൊരാള്‍ക്ക് പാസ് നല്‍കും. മൂന്നാമൻ ഗോള്‍ അടിക്കും. വിജയത്തിന്റെ ഉടമ ഒരാള്‍ മാത്രമല്ല. തോല്‍വിയുടെ കുറ്റവും ഒരാളുടേതല്ല.
ഈ കൂട്ടായ ഉത്തരവാദിത്വവും കൂട്ടായ ആഹ്ലാദവും മലയാളിയുടെ സാമൂഹിക മനസ്സുമായി ചേർന്നുനില്‍ക്കുന്നു.

ഗ്യാലറിയില്‍ അടുത്തിരുന്ന മനുഷ്യന്റെ പേര് നം ഓർത്തുവെക്കാറില്ല. അവൻ ഏത് മതക്കാരനാണെന്ന് അറിയില്ല. ഏത് പാർട്ടിക്ക് വോട്ട് ചെയ്യുമെന്ന് അറിയില്ല. ഏത് ജാതിയാണെന്ന് അറിയില്ല. പക്ഷേ ടീം ഗോള്‍ അടിക്കുമ്പോള്‍ എല്ലാവരും ചേർന്നുനില്‍ക്കുന്നു. സന്തോഷിക്കുന്നു.
ആ നിമിഷത്തില്‍ മനുഷ്യനെ വേർതിരിക്കുന്ന സകലമതിലുകളും അപ്രത്യക്ഷമാകുന്നു.

കേരളത്തില്‍ ഫുട്ബോള്‍ വളർന്നത് മൈതാനങ്ങളില്‍ മാത്രമല്ല. അത് ചായക്കടകളില്‍ വളർന്നു. തൊഴിലാളികളുടെ ഇടയില്‍ വളർന്നു. നഗരങ്ങളുടെ ഇടവഴികളില്‍ വളർന്നു. സ്കൂള്‍ മൈതാനങ്ങളില്‍ വളർന്നു. ക്ലബ്ബുകളുടെ വരാന്തകളില്‍ വളർന്നു. മഴയില്‍ നനഞ്ഞും പൊടിയില്‍ വീണും വീണ്ടും എഴുന്നേറ്റും വളർന്നു.

ഒരു കാലത്ത് റേഡിയോ ശബ്ദത്തിലൂടെയും പത്രങ്ങളുടെ സ്പോർട്സ് പേജുകളിലൂടെയും ലോകഫുട്ബോളിനെ പരിചയപ്പെട്ട തലമുറ, പിന്നീട് ടെലിവിഷൻ സ്ക്രീനുകള്‍ക്ക് മുന്നില്‍ രാത്രികള്‍ കഴിച്ചു. ഇന്ന് മൊബൈല്‍ ഫോണിന്റെ സ്ക്രീനില്‍ ലോകത്തിലെ ഏത് മൈതാനവും കേരളത്തിലെ വീട്ടുമുറ്റത്തേക്ക് എത്തുന്നു. പന്ത് യൂറോപ്പില്‍ ടച്ച്‌ ചെയ്താലും കിക്കോഫ് വിസിലിന്റെ ശബ്ദം കേരളത്തിലെ ചെറുഗ്രാമങ്ങളില്‍ വരെ മുഴങ്ങുന്നു.

ബ്യൂണസ് അയേഴ്സില്‍ ഒരാള്‍ കളിക്കുമ്പോള്‍ അവന്റെ ജഴ്സി ധരിച്ച്‌ ഒരു മലയാളി കുട്ടി നാട്ടുവഴിയിലൂടെ ഓടുന്നു. ആയിരക്കണക്കിന് കിലോമീറ്ററുകളുടെ ദൂരം അവന് തടസ്സമല്ല. ഭാഷയും ഭൂമിശാസ്ത്രവും സംസ്കാരവും കടന്ന് ആ ജഴ്സി അവന്റെ സ്വപ്നത്തിന്റെ ഭാഗമാകുന്നു. ഭൂമിശാസ്ത്രം തോല്‍ക്കുന്നു. പ്രണയം തുടങ്ങുന്നു.

കേരള രാഷ്ട്രീയ ചരിത്രത്തില്‍ പല പതാകകളും പാറിയിട്ടുണ്ട്. പല ആശയങ്ങള്‍ക്കായി മനുഷ്യർ തെരുവിലിറങ്ങിയിട്ടുണ്ട്. പക്ഷേ മൈതാനത്ത് ഉയരുന്ന ഫുട്ബോള്‍ പതാകയ്ക്ക് കീഴില്‍ നില്‍ക്കുമ്പോള്‍, മനുഷ്യൻ പലതും ത്യജിക്കുന്നു. അതാണ് ഫുട്ബോളിന്റെ അത്ഭുതം.

ഈ ഫുട്ബോള്‍ പാരമ്പര്യം ഒരു തലമുറയുടെ ഓർമ്മയില്‍ അവസാനിക്കുന്നതല്ല. ഓരോ തലമുറയും അതിലേക്ക് സ്വന്തം കഥ ചേർക്കുന്നുണ്ട്. ഒരാള്‍ക്ക് അത് 1973-ലെ സന്തോഷ് ട്രോഫി. മറ്റൊരാള്‍ക്ക് നാട്ടിലെ സെവൻസ് മൈതാനം. മറ്റൊരാള്‍ക്ക് ലോകകപ്പിന്റെ രാത്രികള്‍. മറ്റൊരാള്‍ക്ക് സ്വന്തം കുട്ടി ധരിച്ച ആദ്യ ഫുട്ബോള്‍ ജഴ്സി.

ഓർമ്മകള്‍ മാറുന്നു. താരങ്ങള്‍ മാറുന്നു. മൈതാനങ്ങള്‍ മാറുന്നു. പക്ഷേ പന്തിന് പിന്നാലെ ഓടുന്ന മലയാളിയുടെ പ്രിയം മാറുന്നേയില്ല.

എം എം ജാഫർ ഖാൻ

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: livenewage.com