കൊച്ചി: ആഗോളതലത്തില്‍ രാജ്യങ്ങള്‍ വൈദ്യുത കാറുകളുടെ വില്‍പ്പനയില്‍ മുന്നേറുമ്പോഴും ഈ രംഗത്ത് മുട്ടിലിഴഞ്ഞ് ഇന്ത്യ.
പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ഇന്റർനാഷണല്‍ എനർജി ഏജൻസി (ഐ.ഇ.എ.)യുടെ കണക്കുകള്‍ പ്രകാരം, 2025-ല്‍ ആഗോളതലത്തില്‍ വിറ്റഴിക്കപ്പെട്ട പുതിയ കാറുകളില്‍ 25 ശതമാനവും ഇ.വി. (ഇലക്‌ട്രിക് കാർ) ആണ്. ബാറ്ററിയില്‍ ഓടുന്നവയും പ്ലഗ്-ഇൻ ഹൈബ്രിഡുകളും ഉള്‍പ്പെടെ കഴിഞ്ഞവർഷം ലോകമെമ്പാടുമായി രണ്ടുകോടി വൈദ്യുത കാറുകളാണ് വിറ്റഴിഞ്ഞത്.
ഈ വില്‍പ്പനക്കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍, ഇന്ത്യയില്‍ വിറ്റഴിക്കപ്പെട്ട പുതിയ കാറുകളില്‍ വെറും നാല് ശതമാനം മാത്രമാണ് ഇ.വി.കള്‍. കഴിഞ്ഞവർഷം ഇന്ത്യയില്‍ ആകെ വിറ്റഴിഞ്ഞ 1.65 ലക്ഷം വൈദ്യുത കാറുകളില്‍ 60 ശതമാനവും ടാറ്റാ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നീ രണ്ട് വൻകിട കമ്പനികളുടേതായിരുന്നു.
ഐ.ഇ.എ. കണക്കുകള്‍ പ്രകാരം യൂറോപ്യൻ യൂണിയന് പുറമേ, 23 രാജ്യങ്ങളില്‍ വൈദ്യുത കാർ വില്‍പ്പന 2025-ല്‍ 10 ശതമാനത്തിന് മുകളിലെത്തി. 2020-ലെ കണക്കെടുത്താല്‍ വിയറ്റ്‌നാമിലും ഇൻഡൊനീഷ്യയിലും വൈദ്യുത കാറുകള്‍ വിറ്റുപോയിരുന്നില്ല. എന്നാല്‍, ഏതാണ്ട് പൂജ്യം ശതമാനത്തില്‍നിന്ന് 2025-ഓടെ വിയറ്റ്‌നാം 41 ശതമാനത്തിലേക്കും ഇൻഡൊനീഷ്യ 15 ശതമാനത്തിലേക്കും വില്‍പ്പനയില്‍ മുന്നേറി. തായ്‌ലാൻഡ് (23 ശതമാനം), ദക്ഷിണ കൊറിയ (11 ശതമാനം), എന്നിവയാണ് ഈ രംഗത്ത് മുന്നേറിയ മറ്റ് രാജ്യങ്ങള്‍.
ലാറ്റിനമേരിക്കൻ രാജ്യങ്ങളായ ബ്രസീലും (ഒൻപത് ശതമാനം) മെക്‌സിക്കോയും (ഏഴ് ശതമാനം) ഇക്കാര്യത്തില്‍ ഇന്ത്യയെക്കാള്‍ മുന്നിലാണ്. തുർക്കി തങ്ങളുടെ വിഹിതം 2022-ലെ ഒരു ശതമാനത്തില്‍നിന്ന് 2025-ല്‍ 20 ശതമാനമായി ഉയർത്തിയിട്ടുണ്ട്. ഇന്ത്യയുടെ അയല്‍രാജ്യമായ നേപ്പാളില്‍ വൈദ്യുത കാർ വില്‍പ്പന 2020-ലെ 10 ശതമാനത്തില്‍ നിന്ന് 2025-ല്‍ 68 ശതമാനമായാണ് കുതിച്ചുയർന്നത്.
ഒന്നാമത് നോർവേ
നോർവേയാണ് വൈദ്യുത കാറുകളുടെ വില്‍പ്പനയില്‍ ഏറ്റവും മുന്നില്‍. കഴിഞ്ഞവർഷം അവിടെ വിറ്റഴിക്കപ്പെട്ട ആകെ കാറുകളില്‍ 97 ശതമാനവും വൈദ്യുതവിഭാഗത്തില്‍ നിന്നായിരുന്നു. ചൈന 53 ശതമാനം കൈവരിച്ചപ്പോള്‍, അമേരിക്ക കഷ്ടിച്ച് 10 ശതമാനം കടന്നു. 2020-ല്‍ ഇത് രണ്ട് ശതമാനമായിരുന്നു.
വേണം കൂടുതല്‍ ചാർജിങ് സ്റ്റേഷനുകള്‍
ഇന്ത്യയില്‍ ഇലക്‌ട്രിക് വാഹനവിപണി മന്ദഗതിയിലാകാൻ പ്രധാന കാരണം ചാർജിങ് സ്റ്റേഷനുകളുടെ അഭാവം ആണെന്നാണ് ഐ.ഇ.എ.യുടെ കണ്ടെത്തല്‍. വീട്ടില്‍ത്തന്നെ ചാർജ് ചെയ്യാനുള്ള സൗകര്യമുള്ള ഇലക്‌ട്രിക് കാർ ഉടമകളുടെ എണ്ണത്തില്‍, പഠനവിധേയമാക്കിയ 17 രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് 16-ാം സ്ഥാനമാണ്.
നോർവേ, സ്വിറ്റ്‌സർലൻഡ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ 80 മുതല്‍ 90 ശതമാനം ആളുകള്‍ക്കും വീട്ടില്‍ ചാർജിങ് സൗകര്യമുണ്ട്. ഇന്ത്യയിലിത് 55 ശതമാനമാണ്. ഐ.ഇ.എ.യുടെ കണക്കനുസരിച്ച് 2025 വരെ ഇന്ത്യയിലാകെ 88,000 ചാർജിങ് പോയിന്റുകള്‍ മാത്രമാണുള്ളത്.
ലോകത്താകെയുള്ള 70 ലക്ഷം ചാർജിങ് പോയിന്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറവാണ്.

